REPRESENTATIONAL IMAGE: WIKI COMMONS
സ്‌കൂളുകളില്‍ നിഖാബ് നിരോധിച്ച് ഈജിപ്ത്; പുതിയ അധ്യയന വര്‍ഷം മുതല്‍ നിയമം പ്രാബല്യത്തില്‍
ഈജിപ്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മുഖം മറയ്ക്കുന്ന നിഖാബ് നിരോധിച്ചു. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന സെപ്തംബര്‍ 30 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശവും ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.
ശിരോവസ്ത്രങ്ങള്‍ ധരിക്കുന്നത് അനുവദനീയമാണ്. എന്നാല്‍ അത് വിദ്യാര്‍ത്ഥികളുടെ മുഖം മറച്ചാകരുതെന്ന് ഈജിപ്ഷ്യന്‍ വിദ്യാഭ്യാസ മന്ത്രി റെഡ ഹെഗാസി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ശിരോവസ്ത്രം ധരിക്കണമെങ്കില്‍ രക്ഷിതാവിന്റെ രേഖാമൂലമുള്ള സമ്മതപത്രം വേണം. കുട്ടികളില്‍ സമ്മര്‍ദം ചെലുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങളായി ഈജിപ്തിലെ സ്‌കൂളുകളില്‍ നിഖാബ് ധരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നു. രാജ്യത്തെ നിരവധി പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ നിഖാബ് ധരിക്കുന്നത് ഇതിനകംതന്നെ നിരോധിച്ചിട്ടുമുണ്ട്. 2015 മുതല്‍ അധ്യാപകര്‍ നിഖാബ് ധരിക്കുന്നത് കെയ്‌റോ സര്‍വകലാശാല നിരോധിച്ചിരുന്നു.
ലക്ഷ്യം സുതാര്യമായ വിദ്യാഭ്യാസ അന്തരീക്ഷം
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ മുഖം പൂര്‍ണമായും മറയ്ക്കുന്ന നിഖാബ് ധരിക്കേണ്ടതില്ല. പകരം തല മാത്രം മൂടുന്ന ശിരോവസ്ത്രങ്ങള്‍ ധരിച്ചാല്‍ മതി. മതപരമായ വിശ്വാസവും സുതാര്യമായ വിദ്യാഭ്യാസ അന്തരീക്ഷവും സൃഷ്ടിച്ചെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നാണ് അധികൃതര്‍ പറയുന്നത്.
സ്‌കൂള്‍ യൂണിഫോമിന്റെ കാര്യത്തിലും മന്ത്രാലയം പുതിയ തീരുമാനമെടുത്തിട്ടുണ്ട്. സ്‌കൂള്‍ ബോര്‍ഡ്, ട്രസ്റ്റികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരുമായി സഹകരിച്ച് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അനുയോജ്യമായ യൂണിഫോം തീരുമാനിക്കും. ഓരോ മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷവും യൂണിഫോം പരിഷ്‌കരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
ആദ്യ യൂറോപ്യന്‍ രാജ്യം ഫ്രാന്‍സ്
2010 ല്‍ നിക്കോളാസ് സര്‍ക്കോസി പ്രസിഡന്റായിരുന്ന കാലത്താണ് ഫ്രാന്‍സ് നിഖാബ് നിരോധന നിയമം കൊണ്ടുവന്നത്. ഫ്രാന്‍സാണ് ആദ്യമായി നിഖാബ് നിരോധനം ഏര്‍പ്പെടുത്തിയ യൂറോപ്യന്‍ രാജ്യം. 2010 ല്‍ നിയമനിര്‍മാണം നടത്തുകയും 2011 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുകയും ചെയ്തു. 2014 ല്‍ നിയമത്തിന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയുടെ അംഗീകാരവും ലഭിച്ചു. ഫ്രാന്‍സിനുശേഷം ഡെന്മാര്‍ക്ക്, ആസ്ട്രിയ, ബെല്‍ജിയം, നെതര്‍ലന്റ്, ബള്‍ഗേറിയ തുടങ്ങിയ ഏതാനും യൂറോപ്യന്‍ രാജ്യങ്ങളിലും സമാനമായ നിയമം പ്രാബല്യത്തില്‍ വന്നു.