TMJ
searchnav-menu
post-thumbnail

TMJ Daily

നിസ്സാന്‍-ഹോണ്ട ലയനം പ്രഖ്യാപിച്ചു; ലോകത്തിലെ വലിയ മൂന്നാമത്തെ കമ്പനി രൂപംകൊള്ളും 

23 Dec 2024   |   1 min Read
TMJ News Desk

പ്പാനിലെ വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും നിസ്സാനും ലയിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. ഇതോടെ ഇരുവരും ചേര്‍ന്ന കമ്പനി വില്‍പനയില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയാകും.

ഇരുകമ്പനികളും ധാരണാപത്രം ഒപ്പുവച്ചുവെന്ന് തിങ്കളാഴ്ച്ച പറഞ്ഞു. നിസ്സാന്റെ ചെറിയ പങ്കാളിയായിരുന്ന മിത്സുബിഷിയും ലയിക്കും.

ഇരുകമ്പനികളും വൈദ്യുത വാഹന നിര്‍മ്മാണത്തില്‍ എതിരാളികളേക്കാള്‍ വളരെ പിന്നാക്കം പോയിരുന്നു. ഇതാണ് ലയന കാരണം. നിസ്സാന്റേയും ഹോണ്ടയുടേയും ലയനത്തെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നുവെങ്കിലും കമ്പനികള്‍ ലയിക്കാന്‍ തീരുമാനിച്ച വിവരം ഇന്നാണ് പുറത്തുവിട്ടത്.

മൂന്ന് വാഹനനിര്‍മ്മാതാക്കളും കൂടി ചേരുമ്പോള്‍ 50 ബില്ല്യണ്‍ യുഎസ് ഡോളറിന്റെ കമ്പനി രൂപപ്പെടും. പുതിയ കമ്പനിയുടെ എതിരാളികള്‍ ടൊയോട്ട മോട്ടോര്‍ കോര്‍പ്പും വോക്‌സ് വാഗണ്‍ എജിയും ആണ്.

എങ്കിലും ലയനശേഷവും ജപ്പാനിലെ ഏറ്റവും വലിയ കാര്‍നിര്‍മ്മാണ കമ്പനിയായി ടൊയോട്ട തുടരും. 11.5 മില്ല്യണ്‍ വാഹനങ്ങളാണ് 2023-ല്‍ ടൊയോട്ട നിര്‍മ്മിച്ചത്. നിസ്സാന്‍, ഹോണ്ട, മിത്സുബിഷി എന്നിവര്‍ ചേരുമ്പോള്‍ എട്ട് മില്ല്യണ്‍ വാഹനങ്ങളുടെ ശക്തി ലഭിക്കും. 2023-ല്‍ ഹോണ്ട നാല് മില്ല്യണും നിസ്സാന്‍ 3.4 മില്ല്യണും മിത്സുബിഷി ഒരു മില്ല്യണില്‍ അധികവും എണ്ണം വാഹനമാണ് ഉല്‍പാദിപ്പിച്ചത്.



#Daily
Leave a comment