നിതാഷ കൗൾ | PHOTO: FACEBOOK
നിതാഷ കൗളിന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ വിലക്ക്; ആര്‍എസ്എസിനെ വിമര്‍ശിച്ചതിനാലെന്ന് ആരോപണം
ബെംഗളൂരില്‍ ഭരണഘടനാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ കവിയും യു കെ വെസ്റ്റ്മിനിസ്റ്റര്‍ സര്‍വകലാശാല പ്രൊഫസറുമായ നിതാഷ കൗളിനെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. ആര്‍എസ്എസിനെയും തീവ്രഹിന്ദു സംഘടനകളെയും വിമര്‍ശിക്കുന്നതിന്റെ പേരിലാണ് പ്രവേശന വിലക്കെന്നാണ് ആരോപണം.
കര്‍ണാടക സര്‍ക്കാരിന്റെ സാമൂഹികക്ഷേമ വകുപ്പ് ബെംഗളൂരുവില്‍ സംഘടിപ്പിച്ച ഭരണഘടന-ദേശീയ ഐക്യ കണ്‍വെന്‍ഷനില്‍ 'ദ കോണ്‍സ്റ്റിറ്റിയൂഷന്‍ ആന്‍ഡ് ദി യൂണിറ്റി ഓഫ് ഇന്ത്യ' എന്ന വിഷയത്തില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നിതാഷ. ശരിയായ പാസ്‌പോര്‍ട്ടും ഒ.സി.ഐ. കാര്‍ഡും ഉണ്ടായിരുന്നിട്ടും 24 മണിക്കൂര്‍ പിടിച്ചുവെച്ച ശേഷം ലണ്ടനിലേക്ക് തിരിച്ചയച്ചെന്ന് നിതാഷ എക്‌സിലൂടെ വ്യക്തമാക്കി.
ദില്ലിയില്‍ നിന്നുള്ള നിര്‍ദേശമെന്ന് അധികൃതര്‍
ദില്ലിയില്‍ നിന്നുള്ള നിര്‍ദേശമാണ്, ഒന്നും ചെയ്യാനില്ലെന്നാണ് ഇമിഗ്രേഷന്‍ അധികൃതര്‍ പറഞ്ഞതെന്നും നിതാഷ അറിയിച്ചു. ലണ്ടനില്‍ നിന്ന് 12 മണിക്കൂര്‍ യാത്ര ചെയ്തുവന്നിട്ടും കിടക്കാന്‍ തലയിണയോ കുടിക്കാന്‍ വെള്ളമോ നല്‍കിയില്ലെന്നും വിമാനത്താവളത്തില്‍ ഇറങ്ങുന്നതുവരെ വിലക്കുളള കാര്യം അറിയിച്ചിരുന്നില്ലെന്നും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം തന്റെ വാക്കുകളെയും പേനയെയും എന്തിനാണു ഭയക്കുന്നതെന്നും നിതാഷ പ്രതികരിച്ചു.