
ബിജെപിയെ ഇനി ഒരിക്കലും കൈവിടില്ല: നിതീഷ്
ബിജെപിയെ ഇനിയൊരിക്കലും കൈവിടുകയില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ യാദവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഉറപ്പുനല്‍കി. രണ്ട് തവണ നിതീഷ് എന്‍ഡിഎ സഖ്യം വിട്ടിരുന്നു.
ബീഹാറില്‍ ഏതാനും മാസങ്ങള്‍ക്കകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഇന്ന് പട്‌നയില്‍ കേന്ദ്രവും സംസ്ഥാനവും നടപ്പിലാക്കുന്ന അനവധി പദ്ധതികളുടെ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലാണ് ജെഡിയു പ്രസിഡന്റ് കൂടിയായ നിതീഷ് ഇക്കാര്യം പറഞ്ഞത്.
ബീഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് ഷാ പറഞ്ഞു. കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രവര്‍ത്തകരുമായി ഷാ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
മതേതരവാദിയെന്നതില്‍ അഭിമാനിക്കുന്ന നിതീഷിനെ പദ്ധതികളുടെ ഉദ്ഘാടന പരിപാടിയില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം വിളികളോടെ വരവേറ്റു. ബീഹാറില്‍ ബിജെപി ജെഡിയുവിനേക്കാള്‍ സ്വാധീനം നേടിയെന്ന് റിപ്പോര്‍ട്ട് വരുമ്പോഴാണ് ഈ സംഭവം.
ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം ബീഹാറിനുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ബീഹാര്‍ ഭരിക്കുന്ന നിതീഷ് കുമാര്‍ ആരോപിച്ചു.
2014, 2022 വര്‍ഷങ്ങളില്‍ നിതീഷ് ബിജെപിയുമായി വേര്‍പിരിഞ്ഞിരുന്നു. സ്വന്തം പാര്‍ട്ടിയിലെ ചില ആളുകള്‍ കാരണമാണ് ബിജെപിയുമായി 'ബ്രേക്ക് അപ്പ്' ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ആ തെറ്റ് രണ്ട് തവണ ചെയ്തുവെന്നും അത് ഇനിയൊരിക്കലും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.