
പാർട്ടിക്കായി പ്രചാരണത്തിനില്ല: ജി സുധാകരൻ
തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ നടത്തുന്നത് സിപിഐഎമ്മിലെ തന്നെ നേതാക്കൾ ആണെന്നും, പാർട്ടിക്കായി ഇനി പ്രചാരണത്തിന് ഇറങ്ങില്ല എന്നും മുൻ മന്ത്രിയും സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ ജി സുധാകരൻ. മന്ത്രി സജി ചെറിയാനെതിരെയും ജി സുധാകരൻ വിമർശനം ഉന്നയിച്ചു. പാർട്ടിയോട് ചേർന്ന് നിൽക്കണമെന്ന സജി ചെറിയാന്റെ പ്രസ്താവനയാണ് സുധാകരനെ ചൊടിപ്പിച്ചത്.
സജി ചെറിയാൻ തന്നെ ഉപദേശിക്കാൻ വരേണ്ടായെന്നും,താൻ പാർട്ടിക്ക് അകത്ത് തന്നെയാണെന്നും ജി സുധാകരൻ പത്രസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയിൽ നിന്നും പുറത്താക്കാൻ സജി ചെറിയാൻ ശ്രമിച്ചെന്നും,പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചുവെന്നും, ടീ പാർട്ടി നടത്തിയെന്നും അതിൽ സജി ചെറിയാന് പങ്കുണ്ടെന്നും സുധാകരൻ ആരോപിച്ചു. "എന്നെ ഉപദേശിക്കാനുള്ള പ്രായമോ, അർഹതയോ, പ്രത്യയശാസ്ത്ര ബോധമോ ഉണ്ടെന്ന് അദ്ദേഹം കരുതുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് അത് ഉണ്ടെന്ന് ജനം കരുതുന്നില്ല", സുധാകരൻ കൂട്ടിച്ചേർത്തു.


