
സംബിത് പത്ര ബിജെപി ലീഡര്‍
ഉപരാഷ്ട്രപതിക്ക് എതിരായ അവിശ്വാസം: ജാട്ടുകളെ അപമാനിക്കാനുള്ള ശ്രമമെന്ന് ബിജെപി
രാജ്യസഭയില്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പക്ഷപാതപരമായി പെരുമാറുന്നത് ചൂണ്ടിക്കാണിച്ച് അദ്ദേഹത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യ മുന്നണി നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ജാട്ടുകളെ അപമാനിക്കാനുള്ള ശ്രമമാണെന്ന് ബിജെപി. ബിസിനസുകാരനായ ജോര്‍ജ് സോറോസുമായുള്ള നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ ബന്ധത്തെക്കുറിച്ചുള്ള ആരോപണത്തില്‍ നിന്നും ശ്രദ്ധ മാറ്റാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും ബിജെപി ആരോപിച്ചു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഉപരാഷ്ട്രപതിക്ക് എതിരെ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസും ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ ഉപയോഗത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനുള്ള ഇന്ത്യ മുന്നണിയുടെ ശ്രമവും വേദനാജനകവും വിഷമമുളവാക്കുന്നതാണെന്നും ബിജെപി എംപിയും വക്താവുമായ സംബിത് പത്ര മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഇവിഎം വിഷയം ഉയര്‍ത്തുമ്പോഴെല്ലാം പരാജയമേറ്റുവാങ്ങുന്നു. എന്നിട്ടും സുപ്രീംകോടതിയെ സമീപിക്കുന്നത് കോണ്‍ഗ്രസിന് ഇന്ത്യയുടെ ഭരണഘടനയോട് ബഹുമാനം ഇല്ലെന്നതിനെ കാണിക്കുന്നു.
ജോര്‍ജ് സോറോസുമായുള്ള നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ ബന്ധത്തെക്കുറിച്ചും ജോര്‍ജ് സോറോസ് ഫൗണ്ടേഷനില്‍ നിന്നും ഫണ്ട് വാങ്ങിയശേഷം ഇന്ത്യ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തെക്കുറിച്ചും ബിജെപി ആരോപണം ഉന്നയിച്ചതിന് പിന്നാലെ വളരെ ധൃതിപിടിച്ചാണ് ഉപരാഷ്ട്രപതിക്ക് എതിരായ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയതെന്ന് പത്ര പറഞ്ഞു.
ഇത് ഒരു കര്‍ഷകന്റെ മകനോടുള്ള അപമാനമാണെന്ന് പത്ര പറഞ്ഞു. ജാട്ടുകള്‍ ദേശസ്‌നേഹികളാണ്. ഹിന്ദുസ്ഥാന്റെ സ്വാതന്ത്ര്യത്തില്‍ ജാട്ടുകള്‍ രക്തം ചൊരിഞ്ഞു. ഇന്ന് കോണ്‍ഗ്രസ് ഒരു ജാട്ട് ഉപരാഷ്ട്രപതിക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും പത്ര പറഞ്ഞു.