
രാജ്യസഭാ ചെയര്‍മാനെതിരെ ഇന്ത്യാ മുന്നണിയുടെ അവിശ്വാസപ്രമേയ നോട്ടീസ്
രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ മുന്നണി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയെന്ന് കോണ്‍ഗ്രസ് എംപി ജയറാം രമേശ് പറഞ്ഞു. ധന്‍കറിന്റെ സഭയിലെ പ്രവര്‍ത്തനം അങ്ങേയറ്റം പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ് നല്‍കിയത്.
ഇതൊരു വേദനാജനകമായ തീരുമാനം ആണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ ജയറാം രമേശ് എക്‌സില്‍ പോസ്റ്റ് ചെയ്തു. പക്ഷേ, പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് ഈ നടപടിയെന്ന് അദ്ദേഹം കുറിച്ചു.
കോണ്‍ഗ്രസ്, ആര്‍ജെഡി, ടിഎംസി, സിപിഐ, സിഐഎം, ജെഎംഎം, എഎപി, ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നുള്ള 60 ഓളം എംപിമാര്‍ നോട്ടീസില്‍ പ്രമേയത്തെ പിന്തുണച്ച് ഒപ്പിട്ടിട്ടുണ്ട്. ഉപരാഷ്ട്രപതിക്ക് എതിരായ അവിശ്വാസ പ്രമേയത്തിന് ഏറ്റവും കുറഞ്ഞത് 50 എംപിമാരുടെ പിന്തുണ ആവശ്യമാണ്.
അതേസമയം, കോണ്‍ഗ്രസ് നേതാക്കളും അമേരിക്കന്‍ കോടീശ്വരന്‍ ജോര്‍ജ് സോറാഴ്‌സും തമ്മില്‍ ബന്ധമുണ്ടെന്ന ബിജെപിയുടെ ആരോപണത്തെത്തച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുണ്ടായ ചൂടേറിയ വാഗ്വാദത്തെ തുടര്‍ന്ന് രാജ്യസഭ പിരിഞ്ഞു. ഒരു ഫ്രഞ്ച് മാധ്യമത്തില്‍ കോണ്‍ഗ്രസ് നേതാക്കളും സോറോഴ്‌സും തമ്മില്‍ ബന്ധമുണ്ടെന്ന് വാര്‍ത്ത വന്നെന്ന് ബിജെപി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ ഫ്രഞ്ച് മാധ്യമം ഇങ്ങനെയൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും ബിജെപി വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും വിശദീകരിച്ചിരുന്നു.
രാജ്യസഭയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതില്‍ എന്‍ഡിഎയും ഇന്ത്യയും പരസ്പരം കുറ്റപ്പെടുത്തി. ഇന്ത്യന്‍ കോടീശ്വരന്‍ ഗൗതം അദാനിയ്ക്ക് എതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും പാര്‍ലമെന്റ് പരിസരത്ത് തുടര്‍ന്നു.