TMJ
searchnav-menu
post-thumbnail

TMJ Daily

യുദ്ധപ്പേടിയില്ല; റഷ്യയിലെത്തുന്ന മലയാളികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

19 Jan 2025   |   1 min Read
TMJ News Desk

ഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുമ്പോഴും ജോലി തേടി റഷ്യയിലെത്തുന്ന മലയാളികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇവരില്‍ പലരും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന റിക്രൂട്ടിങ് ഏജന്‍സികള്‍ വഴി റഷ്യന്‍ സൈന്യത്തിലും എത്തുന്നുണ്ട്. 1998-ല്‍ റഷ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ആള്‍ മോസ്‌കോ മലയാളി അസോസിയേഷനില്‍ അടുത്തകാലംവരെ 180 ഓളം മലയാളികളാണ് അംഗങ്ങളായിരുന്നത്. എന്നാല്‍ 2024-ല്‍ മാത്രം 100 പേര്‍ അംഗങ്ങളായി. 50 പേരുടെ അപേക്ഷ പരിഗണനയിലാണെന്ന് അസോസിയേഷന്റെ പ്രസിഡന്റായ ബിനു പണിക്കര്‍ പറയുന്നു.

സന്ദര്‍ശക വിസ, വിദ്യാര്‍ത്ഥി വിസ അല്ലെങ്കില്‍ മൂന്നുവര്‍ഷം വരെ റഷ്യയില്‍ ജോലി ചെയ്യാന്‍ അനുവാദം ലഭിക്കുന്ന ഉന്നത യോഗ്യതയുള്ള സ്‌പെഷ്യലിസ്റ്റുകള്‍ക്കുള്ള വിസ എന്നിവയിലൂടെയാണ് മിക്ക മലയാളികളും റഷ്യയില്‍ എത്തുന്നത്. ക്ലീനിങ്, ഹോട്ടല്‍, ഗോഡൗണ്‍ ജോലികള്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പൊതുവില്‍ നല്‍കുന്നത്.

അവരുടെ ശമ്പളം 40,000 രൂപ മുതല്‍ 50,000 രൂപ വരെയാണ്. ഈ തുക കൊണ്ട് അവിടെ ജീവിക്കുക അസാധ്യമാണ്. അപ്പോഴാണ് റഷ്യന്‍ സൈന്യത്തിലേക്ക് മൂന്ന് ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, റഷ്യന്‍ പാസ്‌പോര്‍ട്ടും പൗരത്വവും ലഭിക്കും. തുടക്കത്തില്‍ സൈന്യത്തിന്റെ പിന്നാമ്പുറ ജോലികള്‍ ആണ് ചെയ്യേണ്ടിയിരുന്നത്. പിന്നീടത് യുദ്ധ മുഖത്തേക്ക് അയക്കുന്നതായി മാറിയെന്ന് പണിക്കര്‍ പറയുന്നു.

ഈ മാസമാദ്യം റഷ്യന്‍ സൈന്യത്തില്‍ ജോലി ചെയ്തിരുന്ന തൃശൂരുകാരനായ ബിനില്‍ ബാബു യുക്രെയ്ന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ ബന്ധു ജെയ്ന്‍ കുര്യന്‍ പരിക്കേറ്റ് ചികിത്സയിലാണ്. റഷ്യന്‍ സൈനിക ക്യാമ്പില്‍ ആറ് മലയാളികള്‍ ഉണ്ടെന്ന് ജെയ്‌നിന്റെ മാതാവ് പറഞ്ഞു. 2024 ഓഗസ്റ്റില്‍ തൃശൂരുകാരനായ സന്ദീപ് ചന്ദ്രന്‍ കൊല്ലപ്പെട്ടിരുന്നു.

റഷ്യയിലേക്ക് ജോലി തേടി പോകുന്നവര്‍ നേരായ മാര്‍ഗത്തിലൂടെയല്ല പോകുന്നതെന്നും നോര്‍ക്ക റൂട്ട്‌സില്‍ വെറും എട്ടുപേര്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂവെന്നും നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കൊളശ്ശേരി പറയുന്നു.


#Daily
Leave a comment