TMJ
searchnav-menu
post-thumbnail

TMJ Daily

ശുദ്ധജലമില്ല; ഗാസയിലെ ജനങ്ങള്‍ കുടിക്കുന്നത് മലിനജലം

27 Jun 2024   |   1 min Read
TMJ News Desk

ഗാസയിലെ ജലസ്രോതസ്സുകളും ശുചീകരണ സംവിധാനങ്ങളും ഇസ്രയേല്‍ ആക്രമണത്തില്‍ നശിച്ചതോടെ ഗാസയിലെ ജനങ്ങള്‍ കുടിക്കുന്നത് മലിനജലം. ഗാസയില്‍ ഉടനീളം മാലിന്യങ്ങള്‍ കുന്ന് കൂടുന്നത് പലസ്തീനികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മലിനീകരണം പലസ്തീനികളെ രോഗികളാക്കുന്നുവെന്ന് ഗാസയിലെ ക്യാമ്പില്‍ താമസിക്കുന്ന 62 കാരനായ അബു ഷാദി പ്രതികരിച്ചു. കുടിക്കുന്ന വെള്ളത്തില്‍ പുഴുക്കളെ കണ്ടെത്തിയതായി നുസെറാത്ത് അഭയാര്‍ത്ഥി ക്യാമ്പിന് സമീപത്തെ കൂടാരത്തില്‍ താമസിക്കുന്ന 21 കാരനായ  അഡെല്‍ ദല്ലൂള്‍ പറഞ്ഞു. ഗാസയില്‍ മലിനീകരണം കൂടുന്നതിനാല്‍ ജനങ്ങളില്‍ വയറിളക്കം മുതല്‍ ദഹനസംബന്ധമായ അസുഖങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇസ്രയേല്‍ ഗാസയിലെ വെള്ളവും ശുചീകരണ സൗകര്യങ്ങളും നശിപ്പിക്കുകയും അത് പരിഹരിക്കാന്‍ ശ്രമിച്ച ജീവനക്കാരെ ആക്രമിക്കുകയും ചെയ്തതായി ഗാസയിലെ ജനങ്ങള്‍ പ്രതികരിക്കുന്നു. ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ജലസ്രോതസ്സുകള്‍ വൃത്തിയാക്കാനെത്തിയ അഞ്ച് ജീവനക്കാര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗാസയില്‍ ഇപ്പോഴും സിവിലിയന്‍ മേഖലകളില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാവുകയാണ്. വടക്കന്‍ ഗാസയിലെ ബെയ്ത്ത് ലാഹിയ പട്ടണത്തിലെ വീടുകള്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. റഫയിലും വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. ഐക്യരാഷ്ട്ര സഭയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഗാസയില്‍ അഞ്ച് ലക്ഷത്തോളം ആളുകള്‍ കടുത്ത പട്ടിണി നേരിടുകയാണ്.



#Daily
Leave a comment