
സര്‍ക്കാര്‍ വക ഫാക്ട് ചെക്ക് വേണ്ട; ഐടി ചട്ടം ഭേദഗതി റദ്ദാക്കി ഹൈക്കോടതി
സര്‍ക്കാരിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ കണ്ടെത്താന്‍ വിവര സാങ്കേതിക നിയമത്തില്‍ വരുത്തിയ ഭേദഗതിയായ ഫാക്ട് ചെക്കിങ് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി. ഐടി ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി റദ്ദാക്കുകയും ചെയ്തു.
കേന്ദ്രവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വസ്തുതാപരിശോധനയ്ക്കാണ് ഐ.ടി. ചട്ടങ്ങള്‍ 2023-ല്‍ ഭേദഗതി വരുത്തി ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചത്. ഈ ഭേദഗതി ഭരണഘടനയുടെ 14,19 അനുച്ഛേദങ്ങളിലായി പറയുന്ന സമത്വത്തിനുള്ള അവകാശം, അഭിപ്രായ സ്വാതന്ത്രം എന്നിവയുടെ ലംഘനമാണെന്ന് ജസ്റ്റിസ് അതുല്‍ എസ്. ചന്ദുക്കര്‍ ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആണോ എന്ന് വിധിയെഴുതാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴിലാണ് സര്‍ക്കാര്‍ ഫാക്ട് ചെക്കിങ് യൂണിറ്റ് സ്ഥാപിച്ചത്. വാര്‍ത്ത വ്യാജമാണെന്ന് ഈ യൂണിറ്റ് വിധിച്ചാല്‍ ഫെയ്‌സ്ബുക്കും എക്‌സും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള സോഷ്യമീഡിയ പ്ലാറ്റ്‌ഫോമുകള്‍ ആ വാര്‍ത്ത നീക്കം ചെയ്യണമെന്നാണ് വ്യവസ്ഥ. ഇതിനെതിരെ ഓണ്‍ലൈന്‍ കണ്ടന്റ് ക്രിയേറ്റര്‍മാരടക്കം കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് ആദ്യം പരിഗണിച്ച ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഭിന്നവിധിയാണ് പ്രസ്താവിച്ചത്. ജസ്റ്റിസ് ഗൗതം പട്ടേല്‍ ഐടി ചട്ടം ഭേഗഗതി ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചപ്പോള്‍ ഡോ. ജസ്റ്റിസ് നീല ഗോഖലെ ഫാക്ട് ചെക്ക് യൂണിറ്റുകള്‍ക്ക് അനുകൂലമായി വിധി പറഞ്ഞു. ഡിവിഷന്‍ ബെഞ്ചില്‍ തീരുമാനമാകാതെ വന്നതോടെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കഴിഞ്ഞ
ഫെബ്രുവരിയില്‍ ജസ്റ്റിസ് ചന്ദുക്കറിനെ അന്തിമ തീരുമാനം പറയാന്‍ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് ഐടി ചട്ടം ഭേദഗതി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചത്.