REPRESENTATIONAL IMAGE: PTI
അടിസ്ഥാന സൗകര്യങ്ങളില്ല: തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി ഗോത്രവര്‍ഗക്കാര്‍
അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനൊരുങ്ങുകയാണ് ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലുള്ള രണ്ട് ഗോത്രവര്‍ഗ ഗ്രാമങ്ങള്‍. രാംപൂര്‍ അസംബ്ലി നിയോജക മണ്ഡലത്തിലെ കെരകച്ചാര്‍ പഞ്ചായത്തിലെ സര്‍ദിഹ്, ബാഗ്ധാരിദണ്ട് ഗ്രാമവാസികളാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാഷ്ട്രപതിയുടെ ദത്തുപുത്രന്മാര്‍ എന്ന് അറിയപ്പെടുന്ന (പിവിടിജി) പഹാഡി കോര്‍വ എന്ന ദുര്‍ബല ഗോത്ര വിഭാഗമാണ് ഇവിടെയുള്ളത്. നിലവില്‍ ബിജെപി എംഎല്‍എ നങ്കി റാം കന്‍വാറിനു കീഴിലെ മണ്ഡലത്തില്‍ നവംബര്‍ 17 ന് രണ്ടാംഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് നവംബര്‍ ഏഴിനാണ്.
ഇനിയും വഞ്ചിതരാകില്ല
ഗ്രാമവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ് കുടിവെള്ളവും വൈദ്യുതിയും ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍. എന്നാല്‍ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കു നേരെ ചെവിതിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കാട്ടുപ്രദേശങ്ങളില്‍ കുഴികുത്തിയാണ് വെള്ളം ശേഖരിക്കുന്നത്. ഗ്രാമത്തിലേക്ക് എത്താന്‍ നല്ല റോഡുകള്‍ പോലുമില്ല. രാഷ്ട്രീയക്കാരുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ ഇനി നടപ്പിലാകില്ലെന്നും പഹാഡി കോര്‍വ സമുദായത്തില്‍പ്പെട്ട സര്‍ദിഹ് നിവാസിയായ സന്തോഷ് പറഞ്ഞു.
കോര്‍ബ നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വനമേഖലയിലാണ് പഹാഡി കോര്‍വ വിഭാഗത്തിലെ 150 ഓളം കുടുംബങ്ങള്‍ താമസിക്കുന്നത്. വന്യജീവികളുടെ ഭീഷണിയും പ്രദേശവാസികളുടെ സ്വസ്ഥത കെടുത്തുന്നതായും ഇവര്‍ പറയുന്നു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള ഗ്രാമവാസികളുടെ തീരുമാനത്തില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ജില്ലയിലെ തിരഞ്ഞെടുപ്പ് ബോധവത്ക്കരണ നോഡല്‍ ഓഫീസറായ വിശ്വദീപ് പറഞ്ഞു.