
ഇനി പിഴയില്ല, വാഹനങ്ങളില്‍ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി
നിയമപരമായ വ്യവസ്ഥകള്‍ അനുസരിച്ച് മോട്ടോര്‍ വാഹനങ്ങളില്‍ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി. മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള കൂളിങ് ഫിലിം പതിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അവകാശമില്ലെന്നും കോടതി പറഞ്ഞു.
2021 ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടര്‍ വാഹന ചട്ടങ്ങളിലെ വകുപ്പ് 100 ന്റെ ഭേദഗതി അനുസരിച്ച് മോട്ടര്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റി ഗ്ലാസുകള്‍ക്ക് പകരം 'സേഫ്റ്റി ഗ്ലേസിങ്' കൂടി ഉപയോഗിക്കാന്‍ അനുമതിയുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡിന്റെ 2019ലെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ സേഫ്റ്റി ഗ്ലേസിങ് പതിപ്പിക്കുന്നതിനാണ് അനുമതി.
ഭേദഗതി അനുസിരിച്ച് സേഫ്റ്റി ഗ്ലാസിന്റെ ഉള്‍പ്രതലത്തില്‍ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചിട്ടുള്ളത് സേഫ്റ്റി ഗ്ലേസിങ്ങിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം മുന്‍-പിന്‍ ഭാഗങ്ങളില്‍ 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത വേണം. ഈ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കോടതി അനുമതി നല്‍കിയത്. .
ഇത്തരം ഫിലിമുകള്‍ ഉപയോഗിക്കുന്നത് സുപ്രീം കോടതി തന്നെ വിലക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും നിലവിലുള്ള സുപ്രീം കോടതി വിധികള്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് മുന്‍പുള്ളതായിരുന്നു എന്നും അന്ന് സേഫ്റ്റി ഗ്ലാസ് മാത്രമേ അനുവദനീയമായിരുന്നുള്ളൂ എന്നും ജസ്റ്റിസ് എന്‍.നഗരേഷ് വ്യക്തമാക്കി. ഗ്ലാസും ഫിലിമും ചേര്‍ന്ന സേഫ്റ്റിഗ്ലേസിങ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് വാഹന നിര്‍മ്മാതാവിനു മാത്രമേ അനുവാദമുള്ളൂ എന്നും വാഹന ഉടമയ്ക്ക് ഇല്ല എന്ന എതിര്‍വാദവും കോടതി അംഗീകരിച്ചില്ല. ചട്ടങ്ങള്‍ അനുസരിച്ചുള്ളവ പതിപ്പിക്കാന്‍ വാഹന ഉടമയ്ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.
കൂളിങ് ഫിലിം നിര്‍മിക്കുന്ന കമ്പനി, കൂളിങ് ഫിലിം ഒട്ടിച്ചതിന് പിഴ ചുമത്തിയതിനെതിരെ വാഹന ഉടമ, സണ്‍ കണ്‍ട്രോള്‍ ഫിലിം വ്യാപാരം നടത്തുന്നതിന്റെ പേരില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് മോട്ടര്‍ വാഹന വകുപ്പ് നോട്ടിസ് നല്‍കിയ സ്ഥാപനം തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ആലപ്പുഴയിലെ സ്ഥാപനത്തിന് രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് കാണിച്ച് എംവിഡി നല്‍കിയ നോട്ടിസും ഫിലിം ഒട്ടിച്ചതിന് വാഹന ഉടമയ്ക്ക് പിഴ ചുമത്തിയ നടപടിയും കോടതി റദ്ദാക്കി.