TMJ
searchnav-menu
post-thumbnail

TMJ Daily

പുതിയ സർക്കാരിൽ നിക്കി ഹേലിയും, മൈക്ക് പോംപിയും ഇല്ല; രാജ്യത്തിന് നൽകിയ സേവനത്തിന് നന്ദി പറഞ്ഞ് ഡൊണാൾഡ് ട്രംപ് 

10 Nov 2024   |   1 min Read
TMJ News Desk

യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ ഭരണത്തിൽ, റിപ്പബ്ലിക്കൻ അംഗങ്ങളായ നിക്കി ഹേലിയും, മൈക്ക് പോംപിയും ഉണ്ടാകില്ല. സമൂഹമാധ്യമത്തിലൂടെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎന്നിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലിയെയും, മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെയോ ഇപ്പോൾ രൂപീകരിക്കുന്ന അഡ്മിനിസ്‌ട്രേഷനിൽ ചേരാൻ ഞാൻ ക്ഷണിക്കില്ല എന്ന് ട്രംപ് വ്യക്തമാക്കി.

മുമ്പ് അവരോടൊപ്പം പ്രവർത്തിക്കുന്നത് ഞാൻ വളരെയധികം ആസ്വദിച്ചിരുന്നു. കൂടാതെ നമ്മുടെ രാജ്യത്തിന് അവർ നൽകിയ സേവനത്തിന് നന്ദി പറയാൻ ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു. സൗത്ത് കരോലിനയിലെ മുൻ ഗവർണറായിരുന്നു ഇന്ത്യൻ വംശജ കൂടിയായ നിക്കി ഹേലി. 

ഐക്യരാഷ്ട്രസഭയിൽ അമേരിക്കയെ പ്രതിരോധിക്കുന്ന പ്രസിഡൻ്റ് ട്രംപിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നു നിക്കി ഹാലി സമൂഹമാധ്യമത്തിൽ പറഞ്ഞു. ട്രംപിൻ്റെ കീഴിൽ സെൻട്രൽ ഇൻ്റലിജൻസ് ഏജൻസിയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ച പോംപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

യുഎസ് പ്രസിഡന്റായി  അധികാരമേൽക്കുന്നതിന് മുൻപ്, തന്റെ ഭരണത്തിൽ പ്രവർത്തിക്കാൻ സാധ്യതയുള്ളവരുമായി ട്രംപ് കൂടിക്കാഴ്ച നടത്തി കൊണ്ടിരിക്കുകയാണ്. യുഎസ് ട്രഷറി സെക്രട്ടറിയാകാൻ സാധ്യതയുള്ളവരിൽ, പ്രമുഖ നിക്ഷേപകനായ സ്കോട്ട് ബെസെൻ്റുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2025 ജനുവരി 20നാണ് ഔദ്യോഗികമായി ട്രംപ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുക. റിയൽ എസ്റ്റേറ്റ് നിക്ഷേപകനായ സ്റ്റീവ് വിറ്റ്‌കോഫും മുൻ സെനറ്റർ കെല്ലി ലോഫ്‌ലറും ചേർന്നാണ് തന്റെ പ്രസിഡൻ്റ് സ്ഥാനാരോഹണം നടത്തുകയെന്ന് ട്രംപ് അറിയിച്ചു.


#Daily
Leave a comment