
വെടി നിർത്തലിനെ പറ്റി ആരും എന്നോട് പ്രസംഗിക്കണ്ട; നെതന്യാഹു
ഗാസയിൽ വെടിനിർത്തൽ കരാറിലെത്താനുള്ള സമ്മർദ്ദത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തൽ ആവശ്യപ്പെട്ട് ഇസ്രായേലികൾ പ്രതിഷേധിക്കുകയും തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ പണിമുടക്ക് നടത്തുകയും ചെയ്തതിന് പിന്നാലെയാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്.
ഇസ്രായേലികളായ ആറ് ബന്ദികളെക്കൂടി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് നിരവധി ഇസ്രായേലികളുടെ രോഷാകുലമായ പ്രതികരണം കഴിഞ്ഞ ദിവസത്തെ ബഹുജന പ്രതിഷേധത്തിന് വഴിയൊരുക്കിയത്. അതിന് ശേഷമുള്ള ആദ്യ പൊതുപ്രസംഗത്തിൽ, ചർച്ചകളിലെ പ്രധാന ഘടകമായി ഉയർന്നുവന്ന ആവശ്യത്തിൽ താൻ ഉറച്ചുനിൽക്കുന്നത് തുടരുമെന്ന് നെതന്യാഹു പറഞ്ഞു. ഫിലാഡൽഫി ഇടനാഴിയിൽ ഇസ്രായേൽ നിയന്ത്രണം തുടരുകയാണ് ഇതിൽ പ്രധാനം. ഈജിപ്തുമായുള്ള ഗാസയുടെ അതിർത്തിയിലുള്ള ഇടുങ്ങിയ പ്രദേശമായ അവിടം ഹമാസ് ഗാസയിലേക്ക് ആയുധങ്ങൾ കടത്തുന്നതിനായി ഉപയോഗിക്കുന്നുവെന്നാണ് ഇസ്രായേൽ ആരോപണം. എന്നാൽ ഈജിപ്തും ഹമാസും ഇത് നിഷേധിക്കുന്നു.
“ബന്ദികളെ മോചിപ്പിക്കാൻ എന്നെക്കാൾ പ്രതിജ്ഞാബദ്ധത മറ്റാർക്കുമില്ല. അതുകൊണ്ട് ആരും ഈ വിഷയത്തിൽ എന്നോട് പ്രസംഗിക്കേണ്ടതില്ല," നെതന്യാഹു പറഞ്ഞു.