
ജയിലിൽ കിടന്ന് ആരും ഭരിക്കേണ്ട: മോഡി
അഞ്ച് കൊല്ലമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിൽവാസം അനുഭവിച്ചാൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരെയും പുറത്താക്കാൻ കഴിയുന്ന ഭരണഘടന ഭേദഗതി ബില്ലിനെക്കുറിച്ച് ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. അഴിമതികാർക്കെതിരെയാണ് എൻഡിഎ പുതിയ നിയമം കൊണ്ടുവരുന്നതെന്നും മോഡി പ്രതികരിച്ചു.
“ഒരു സർക്കാർ ജീവനക്കാരൻ ജയിലിലായാൽ അയാളുടെ ജോലി പോവും. എന്നാൽ മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ജയിലിൽ കഴിഞ്ഞുകൊണ്ടും ഭരണം തുടരാം. ജയിലിൽ നിന്നും ഫയലുകൾ ഒപ്പിടുന്നതും, സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതും കുറച്ച് കാലം മുൻപ് കണ്ടതാണ്,” നരേന്ദ്ര മോഡി പറഞ്ഞു. ബീഹാറിലെ ഗയാജിയിൽ നടന്ന ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മോഡി.
കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടയിലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതി(ജെപിസി)ക്ക് വിട്ടിരിക്കുകയാണ്. പാർലമെന്റിലെ അടുത്ത സമ്മേളനത്തിൽ ജെപിസി, ബില്ലിൻ മേൽ റിപ്പോർട്ട് സമർപ്പിക്കും.


