
കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമില്ല; സഹകരണമാകാമെന്ന് സിപിഐഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം
സിപിഐഎമ്മിന്റെ സ്വതന്ത്രമായ കരുത്ത് വര്‍ദ്ധിപ്പിക്കാനുള്ള പ്രചരണ, പ്രക്ഷോഭ പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കുന്ന കരട് രാഷ്ട്രീയ പ്രമേയം പ്രസിദ്ധീകരിച്ചു. ഏപ്രില്‍ രണ്ടുമുതല്‍ ആറുവരെ മധുരയില്‍ നടക്കുന്ന സിപിഐഎമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കും.
ബംഗാളിലും ത്രിപുരയിലും പാര്‍ട്ടിയുടെ കെട്ടുറപ്പ് വീണ്ടെടുക്കുമെന്നും പ്രമയേം പറയുന്നു.
തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരായ പരമാവധി വോട്ടുകള്‍ ഏകോപിപ്പിക്കുന്നതിനുള്ള അടവുനയം സ്വീകരിക്കും. മറ്റ് മതനിരപേക്ഷ പാര്‍ട്ടികളുമായുള്ള നിലപാട് ഇതിന്റെ അടിസ്ഥാനത്തിലാകുമെന്നും പ്രമേയത്തില്‍ പറയുന്നു.
കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമില്ല, മറിച്ച് സഹകരണമാകാമെന്നും പ്രമേയത്തില്‍ പറയുന്നു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരെ ആശയ പോരാട്ടം സിപിഐഎം ശക്തമായി തുടരാനും ലക്ഷ്യമിടുന്നു.
ഇടതുപാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന പ്രമേയം വിശാല മതനിരപേക്ഷ-ജനാധിപത്യ ശക്തികളെ യോജിപ്പിച്ചു നിര്‍ത്താനും ആവശ്യപ്പെടുന്നുണ്ട്. സഹകരണമെന്നത് ഇന്ത്യാ കൂട്ടായ്മയില്‍ മാത്രം ഒതുങ്ങില്ല.
പാര്‍ടി കമ്മിറ്റികളിലെ പ്രായപരിധിയില്‍ പിണറായി വിജയന് നല്‍കുന്ന ഇളവ് തുടരണമോയെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുമെന്ന് പൊളിറ്റ്ബ്യൂറോ അംഗവും കോ ഓര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട് പറഞ്ഞു. മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന് കഴിഞ്ഞ തവണ ഇളവ് നല്‍കിയിരുന്നു.