TMJ
searchnav-menu
post-thumbnail

TMJ Daily

കേരള സ്റ്റോറിക്ക് പ്രദര്‍ശന വിലക്കില്ല; മതേതര സമൂഹത്തിനു വേണ്ടത് സ്വീകരിക്കാനാകുമെന്ന് കോടതി

05 May 2023   |   3 min Read
TMJ News Desk

കേരള സ്റ്റോറിയെന്ന സിനിമയെ ഉചിതമായി വിലയിരുത്താന്‍ മതേതര സമൂഹത്തിനു പ്രാപ്തിയുണ്ടാവുമെന്ന് ഹൈക്കോടതി. ചിത്രം പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ല. ഇതൊരു സാങ്കല്പിക ചിത്രമാണ്. ചരിത്ര സിനിമയല്ലെന്നും കോടതി വ്യക്തമാക്കി. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി ചിത്രം നിരോധിക്കണമെന്ന മുസ്ലീം ലീഗ് അടക്കമുള്ള സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഇതേ ആവശ്യവുമായി കഴിഞ്ഞ ദിവസം ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേസില്‍ ഇടപെടാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.

കേസ് പരിഗണിച്ച ബെഞ്ച് ചിത്രത്തിന്റെ ടീസറും, ട്രെയിലറും തുറന്ന കോടതിയില്‍ പരിശോധിച്ചു. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട കഥയാണെന്നാണ് അവകാശവാദം. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ്. സര്‍ഗാത്മക സ്വാതന്ത്ര്യമാണെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എന്‍ നഗരേഷ് പറഞ്ഞു. 

കുറ്റകരമായ എന്താണ് ചിത്രത്തിലുള്ളതെന്ന് ഹര്‍ജിക്കാരോട് കോടതി ചോദിച്ചു. ''ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ട് എന്നത് പരിഗണിക്കണം. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ഈ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിട്ടുണ്ടെന്നും കോടതി പരാമര്‍ശിച്ചു.  ഇസ്ലാമിനെതിരായി എന്താണ് അതിനകത്ത് ഉള്ളത്, ഒരു മതത്തിനെതിരായും സിനിമയില്‍ ഒന്നും പറയുന്നില്ല. ഐസിസ് എന്ന സംഘടനയ്ക്ക് എതിരായി മാത്രമാണ് അതില്‍ പറയുന്നത്. ഇതിനെ  ഫിക്ഷന്‍ ആയി കാണണം. ഹിന്ദു സന്യാസിമാരെ കൊള്ളക്കാരും ബലാത്സംഗികളും ആയി ചിത്രീകരിക്കുന്ന നിരവധി സിനിമകള്‍ ഉണ്ടല്ലോ, മലയാളത്തിലും ഹിന്ദിയിലുമൊക്കെ ഇത്തരം സിനിമകള്‍ വന്നിട്ടുണ്ട്. അവയ്ക്കെതിരെ ആരും ഒന്നും പറഞ്ഞിട്ടില്ലല്ലോ.'' ജസ്റ്റിസ് നഗരേഷ് വാദത്തിനിടെ വാക്കാല്‍ പരാമര്‍ശിച്ചു. എംടിയുടെ നിര്‍മാല്യം സിനിമയും വാദത്തിനിടെ പരാമര്‍ശിക്കപ്പെട്ടു. പൂജാരി വിഗ്രഹത്തില്‍ തുപ്പുന്ന സിനിമ പ്രദര്‍ശിപ്പിച്ചിട്ട് ഒന്നും സംഭവിക്കാത്ത നാടാണ് കേരളം. കേരള സമൂഹം മതേതരമാണെന്നും കോടതി പറഞ്ഞു. 

കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയൊട്ടാകെയാണ് ചിത്രം റിലീസ് ചെയ്തത്. സംസ്ഥാനത്തെ 30 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ചില തിയേറ്ററുകള്‍ പ്രദര്‍ശനത്തില്‍ നിന്ന് പിന്മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ, തിയേറ്ററുകള്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തിയവരെ പോലീസ് തടഞ്ഞു.

മാറ്റങ്ങളോടെ പ്രദര്‍ശനാനുമതി

ഐഎസ് റിക്രൂട്ട്‌മെന്റിനായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന കേരളത്തിലെ നാല് സ്ത്രീകളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. കേരളത്തില്‍ നിന്നും 32,000 പെണ്‍കുട്ടികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നെന്ന വിവരണത്തോടെയുള്ള ചിത്രത്തിന്റെ ട്രെയിലറും ടീസറുകളും പുറത്തുവന്നതിനു പിന്നാലെ വന്‍ വിവാദങ്ങളാണ് ഉടലെടുത്തത്. പത്തു മാറ്റങ്ങളോടെ തിങ്കളാഴ്ചയാണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയത്. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ അഭിമുഖം പൂര്‍ണമായും നീക്കം ചെയ്തുകൊണ്ടാണ് അനുമതി നല്‍കിയിരിക്കുന്നത്. 

ഏപ്രില്‍ 26 ന് റിലീസ് ചെയ്ത ട്രെയിലറിനൊപ്പം കേരളത്തിലെ 32,000 പെണ്‍കുട്ടികളുടെ ഹൃദയം തകര്‍ക്കുന്ന കഥ എന്നായിരുന്നു. എന്നാല്‍ വിവാദങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂന്നു പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഥകളുടെ സമാഹാരം എന്നാക്കി മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, വിവിധ രാഷ്ട്രീയ മത നേതാക്കള്‍ ട്രെയിലറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ചിത്രത്തിലെ സ്ഥിതിവിവരക്കണക്കുകളുടെ ഡോക്യുമെന്ററി തെളിവ് സമര്‍പ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധന കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആലംഗീറിനെയും ഔറംഗസേബിനെയും ഐഎസിനെയും കുറിച്ച് നടത്തിയ പരാമര്‍ശത്തിന് ഡോക്യുമെന്ററി തെളിവുകള്‍ സമര്‍പ്പിച്ചു. പാകിസ്ഥാന്‍ വഴി അമേരിക്കപോലും ഐഎസിന് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന സംഭാഷണം നീക്കം ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ഹൈന്ദവ ആചാരങ്ങള്‍ അനുഷ്ഠിക്കാറില്ലെന്ന ഭാഗവും നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ അവസരവാദികളാണെന്ന സംഭാഷണത്തിലെ ഇന്ത്യ എന്ന വാക്ക് ഒഴിവാക്കാനും സെന്‍സര്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ബംഗാളി സംവിധായകന്‍ സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് ബോളിവുഡിലെ വിപുല്‍ അമൃത്‌ലാല്‍ ഷാ ആണ്. നാടകരംഗത്തുനിന്നും വിനോദ വ്യവസായ രംഗത്തെത്തിയ ആളാണ് ഗുജറാത്തിലെ കച്ച് സ്വദേശി വിപുല്‍. നിലവില്‍ ബോളിവുഡിലെ പ്രധാന നിര്‍മാതാക്കളില്‍ ഒരാളാണ് ഇദ്ദേഹം. 

ബംഗാളിലെ ജല്‍പായ്ഗുഡി സ്വദേശിയാണ് സംവിധായകന്‍ സുദീപ്‌തോ സെന്‍. അഞ്ചുവര്‍ഷം മുമ്പ് ഇന്‍ ദി നെയിം ഓഫ് ലവ്: മെലങ്കളി ഓഫ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന പേരില്‍ കേരളവും ലവ് ജിഹാദും പശ്ചാത്തലമാക്കി ഡോക്യുമെന്ററി സംവിധാനം ചെയ്തിരുന്നു. ഇത് പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജെഎന്‍യുവില്‍ 2018 ല്‍ സംഘര്‍ഷവുമുണ്ടായി. ഇതേ വിഷയം തന്നെയാണ് ദ കേരള സ്‌റ്റോറി എന്ന സിനിമയ്ക്കു പിന്നിലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വിവാദമായതോടെ ഇന്‍ ദി നെയിം ഓഫ് ലവ്: മെലങ്കളി ഓഫ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന പേര് ചുരുക്കി ഇന്‍ ദി നെയിം ഓഫ് ലവ് എന്നാക്കി മാറ്റിയാണ് പ്രദര്‍ശിപ്പിച്ചത്. 

മതസൗഹൃദാന്തരീക്ഷം തകര്‍ക്കും

സിനിമ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ കേരളം ലോകത്തിനു മുന്നില്‍ അധിക്ഷേപിക്കാന്‍ വേണ്ടിയുള്ളതാണെന്നായിരുന്നു വിമര്‍ശനം. ഒപ്പം ദ കേരള സ്‌റ്റോറി സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയും സംഘര്‍ഷവും സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നും ഇത് വ്യാപക അക്രമങ്ങള്‍ക്കും കാരണമാകുമെന്നും ആരോപണമുണ്ട്. കൂടാതെ, കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാകും ചിത്രത്തിലൂടെ രാജ്യത്തുടനീളം നടപ്പിലാവുകയെന്നും അന്വേഷണ ഏജന്‍സികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണെന്നും വ്യാപക ആരോപണമുണ്ട്.


#Daily
Leave a comment