PHOTO: PTI
ആശങ്ക ഒഴിയാതെ ഡല്‍ഹി; യമുനയിലെ ജലനിരപ്പില്‍ നേരിയ കുറവ്
കനത്ത മഴയില്‍ കരകവിഞ്ഞൊഴുകിയ യമുനയിലെ ജലനിരപ്പ് നേരിയ തോതില്‍ താഴുന്നു. പ്രധാന റോഡുകളും താഴ്ന്ന പ്രദേശങ്ങളുമെല്ലാം ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഡല്‍ഹിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം തുടരുന്നു.
208.66 മീറ്ററായിരുന്ന ജലനിരപ്പ് 208.44 മീറ്ററായാണ് താഴ്ന്നത്. എന്നാല്‍ അടുത്ത അഞ്ചുദിവസം ഡല്‍ഹിയില്‍ ഇടിയോടു കൂടിയ ചെറിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയിലെ ആറു ജില്ലകള്‍ ഇപ്പോഴും പ്രളയത്തില്‍ മുങ്ങിക്കിടക്കുകയാണ്. വെള്ളം കയറിയതിനെ തുടര്‍ന്ന് ചെങ്കോട്ട അടച്ചു. ജനം പുറത്തിറങ്ങരുതെന്നും വീടുകളില്‍ തന്നെ തുടരണമെന്നും ദില്ലി സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. രാജ്യതലസ്ഥാനത്ത് കുടിവെള്ള വിതരണത്തിനും ഇന്നു മുതല്‍ നിയന്ത്രണമുണ്ട്. വാസിറാബാദ്, ചന്ദ്രവാള്‍, ഓഖ്‌ല തുടങ്ങിയ ജലശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്നാണ് ജലവിതരണവും താറുമാറായത്. സ്ഥിതിഗതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് അവശ്യവസ്തുക്കളുമായി വരുന്ന ട്രക്കുകള്‍ക്ക് മാത്രമേ ഡല്‍ഹി നഗരത്തിലേക്ക് പ്രവേശനം നല്‍കൂ.
ഒറ്റപ്പെട്ട് ഉത്തരേന്ത്യ
കനത്ത പേമാരിയിലും വെള്ളപ്പൊക്കത്തിലും ഉത്തരേന്ത്യ വിറങ്ങലിച്ചിരിക്കുകയാണ്. ഡല്‍ഹി ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളാണ് വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടത്. ഗംഗ, അളകനന്ദ തുടങ്ങിയ നദികളിലെ വെള്ളപ്പൊക്കം ഉത്തരാഖണ്ഡിലും നാശത്തിന്റെ തീവ്രത ഉയര്‍ത്തി. ഉത്തരേന്ത്യയില്‍ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും പ്രധാന റോഡുകളടക്കം വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. ജലനിരപ്പ് അപകടനിലയില്‍ എത്തിയ സാഹചര്യത്തില്‍ യമുനയുടെ തീരങ്ങളില്‍ നിന്നും 23,693 പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. 21,092 പേര്‍ ടെന്റിലും ദുരിതാശ്വാസ ക്യാമ്പുകളിലുമായി കഴിയുന്നു.
ഡല്‍ഹിയിലേക്ക് അത്യന്തം ആശങ്കാജനകമായ സാഹചര്യമാണെന്ന് കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചു. ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജ് നദിയിലേക്ക് വെള്ളം തുറന്നുവിടുന്നതാണ് യമുനയിലെ ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്. ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നാലോ അതില്‍ കൂടുതലോ ആളുകള്‍ കൂട്ടംകൂടുന്നതും പൊതുനിരത്തില്‍ സഞ്ചരിക്കുന്നതും തടഞ്ഞ് പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
മണ്‍സൂണ്‍ അല്ലാത്ത മാസങ്ങളില്‍ സാധാരണയായി 352 ക്യുസെക്സ് (1cusecs = 28;317 ലിറ്റര്‍) ആണ് തുറന്നുവിടുന്ന ജലത്തിന്റെ അളവ്. എന്നാല്‍ ഉത്തരേന്ത്യയിലെ കനത്ത മഴയെത്തുടര്‍ന്ന് തുറന്നുവിടുന്ന ജലത്തിന്റെ അളവ് പരമാവധി 3.59 ദശലക്ഷം ക്യുസെക്സിലെത്തി.
യമുനയില്‍ രണ്ട് പ്രധാന ബാരേജുകളാണുള്ളത്. ഉത്തരാഖണ്ഡിലെ ദക്പഥര്‍, ഹരിയാനയിലെ ഹത്നികുണ്ഡ്. യമുനയില്‍ അണക്കെട്ടുകളൊന്നുമില്ല. അതിനാല്‍, മണ്‍സൂണ്‍ പ്രവാഹത്തിന്റെ ഭൂരിഭാഗവും സംഭരിക്കപ്പെടാതെ ഉപയോഗശൂന്യമാവുകയാണ്.
കാലാവസ്ഥയിലെ മാറ്റമെന്ന് ശാസ്ത്രലോകം
ചൂടേറിയ അന്തരീക്ഷം, കൂടുതല്‍ ഈര്‍പ്പത്തെ നിലനിര്‍ത്തും. ഇത് പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴ പെയ്യാന്‍ ഇടയാക്കും. അതും നാശനഷ്ടങ്ങള്‍ വിതയ്ക്കുന്ന തരത്തിലായിരിക്കും മഴ പെയ്യുക. മലിനീകരണത്തിന്റെ തോത് കൂടുന്നതുമൂലമാണ് അന്തരീക്ഷം ചൂടുപിടിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥൈന്‍ ഇവ അന്തരീക്ഷത്തെ മലിനീകരിക്കുന്നു. ഇതിലൂടെ ഉണ്ടാകുന്ന ചൂട് ഭൂമിയില്‍ നിന്ന് ബഹിരാകാശത്തേക്ക് ഉയരുന്നു. 2100 ആകുമ്പോഴേക്കും വേനല്‍ നീണ്ടുനില്‍ക്കുന്ന പ്രതിഭാസത്തിലേക്ക് എത്തുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.