
ആരോഗ്യ നില മോശം; ഇറാൻ ജയിലിൽ കഴിയുന്ന നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മനുഷ്യാവകാശ പ്രവർത്തനങ്ങളിലൂടെ, സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചതിന് ഇറാൻ ഭരണകൂടം ജയിലിലടച്ച നർഗീസ് മുഹമ്മദിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇറാനിലെ സ്ത്രീകളുടെ അടിച്ചമർത്തലിനെതിരായ പോരാട്ടത്തിനും, മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കുമാണ് നർഗീസ് മുഹമ്മദിക്ക് 2023 ൽ നൊബേൽ സമ്മാനം ലഭിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന്, നർഗീസിനെ മോചിപ്പിക്കണമെന്ന് ആവിശ്യപ്പെടുന്ന കൂട്ടായ്മയുടെ സമ്മർദ്ദത്തെ തുടർന്നാണ് ആഴ്ചകൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റാൻ ഇറാൻ ഭരണകൂടം തയ്യാറായത്.
രാഷ്ട്രീയ തടവുകാരെയും, പാശ്ചാത്യ ബന്ധമുള്ളവരെയും പാർപ്പിക്കുന്ന ഇറാനിലെ എവിൻ ജയിലിൽ തടവിലായിരിക്കെയാണ് നർഗീസിന് നൊബേൽ സമ്മാനം ലഭിച്ചത്.
ഇതിനകം തന്നെ 30 മാസത്തെ തടവ് അനുഭവിച്ചിരുന്ന നർഗീസിന്, ജനുവരിയിൽ 15 മാസങ്ങൾ കൂടി തടവ് ശിക്ഷ ഇറാൻ വിധിച്ചിരുന്നു. ആഗസ്റ്റ് ആറിന് എവിൻ ജയിലിലെ വനിതാ വാർഡിൽ രാഷ്ട്രീയ തടവുകാരി വധിക്കപ്പെട്ടതിൽ പ്രതിഷേധിച്ചതിനെ തുടർന്ന് തടവിൽ കഴിയുന്ന ഈ അമ്പത്തിരണ്ടുകാരിക്ക് കഴിഞ്ഞ ശനിയാഴ്ച ആറ് മാസത്തെ അധിക തടവ് ശിക്ഷ കൂടി വിധിച്ചു.
ഹൃദ്രോഗിയായ നർഗീസിന്റെ ആരോഗ്യനില മോശമാണെന്ന റിപ്പോർട്ടുകൾ സെപ്റ്റംബറിൽ പുറത്തു വന്നിരുന്നു. രോഗ ബാധിതയായി ഒമ്പത് ആഴ്ചയോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് നർഗീസ് മുഹമ്മദിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഇറാനിയൻ അധികൃതർ അനുമതി നൽകിയത്. നർഗീസ് മുഹമ്മദിയുടെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘമാണ് ഇക്കാര്യം അറിയിച്ചത്.
ഒന്നിലധികം രോഗങ്ങൾ ബാധിച്ചിട്ടുള്ള നർഗീസ് മുഹമ്മദിക്ക് മതിയായ ചികിത്സ ലഭിക്കുന്നതിന് ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് നർഗീസിനെ സ്വാതന്ത്രമാകണമെന്ന് ആവശ്യപ്പെടുന്ന സംഘം ആവശ്യപ്പെട്ടു. ശരിയായ ചികിത്സയും, പരിചരണവും ലഭിക്കാത്തത് മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക്, ആശുപത്രിയിലേക്ക് മാറ്റുന്നത് കൊണ്ട് മാത്രം പരിഹാരം ഉണ്ടാകില്ലെന്ന് അവർ അറിയിച്ചു.
നോബൽ സമ്മാനം നേടുന്ന 19-ാമത്തെ വനിതയും 2003 ൽ നൊബേൽ സമ്മാനം നേടിയ മനുഷ്യാവകാശ പ്രവർത്തക ഷിറിൻ എബാദിക്ക് ശേഷം സമാധാനത്തിനുള്ള നൊബേൽ നേടിയ, രണ്ടാമത്തെ ഇറാനിയൻ വനിതയുമാണ് നർഗീസ് മുഹമ്മദി.