
സാഹിത്യത്തിനുള്ള നൊബേൽ ഹാൻ കാങിന്
2024ലെ സാഹിത്യത്തിനുള്ള നൊബേൽ ദക്ഷിണ കൊറിയൻ സാഹിത്യകാരി ഹാൻ കാങിന് ലഭിച്ചു. 1901 മുതല്‍ ഇതുവരെ 116 സാഹിത്യ നൊബേല്‍ പുരസ്‌കാരങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. ഇതില്‍ നാലെണ്ണം ഒന്നിലധികം ജേതാക്കള്‍ പങ്കിട്ടു. ഇതുവരെ 17 സ്ത്രീകള്‍ക്കാണ് സാഹിത്യ നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.
കാങിന്റെ നോവലുകൾ, നോവല്ലകൾ, ഉപന്യാസങ്ങൾ, ചെറുകഥാ സമാഹാരങ്ങൾ എന്നിവയൊക്കെ പുരുഷാധിപത്യം, അക്രമം, ദുഃഖം, മാനവികത എന്നിങ്ങനെ മനുഷ്യജീവിത്തിലെ വിവിധ മേഖലകളുടെ സർഗാത്മകമായ ആവിഷ്ക്കാരങ്ങളാണ്. കാങ് 2007ൽ രചിച്ച് 2015-ൽ ഡെബോറ സ്മിത്ത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ദി വെജിറ്റേറിയൻ എന്ന നോവൽ 2016-ൽ ഇൻറർനാഷണൽ ബുക്കർ സമ്മാനം നേടിയിരുന്നു. ദക്ഷിണ കൊറിയയിലെ ഗ്വാങ്ജു നഗരത്തില്‍ 1970-ലാണ് ഹാന്‍ കാങ് ജനിച്ചത്. ഒന്‍പതാം വയസില്‍ തലസ്ഥാനമായ സിയോളിലേക്ക് മാറി. സാഹിത്യ പശ്ചാത്തലമുള്ള കുടുംബമാണ് കാങിന്റേത്.
ചരിത്രപരമായ ആഘാതങ്ങളെയും മനുഷ്യജീവിതത്തിന്റെ ക്ഷണികതയെയും കുറിച്ച് തീവ്രവും കാവ്യാത്മകവുമായവയാണ് ഹാൻ കാങിന്റെ കൃതികൾ അവതരിപ്പിച്ചത്. ദി വെജിറ്റേറിയൻ, ദി വൈറ്റ് ബുക്ക്, ഹ്യൂമൻ ആക്ട്സ്, ഗ്രീക്ക് ലെസ്സൺസ് എന്നിവ ശ്രദ്ധേയമായ കൃതികളിൽ ഉൾപ്പെടുന്നു. നോർവീജിയൻ എഴുത്തുകാരൻ യോൻ ഫൊസ്സെയ്ക്കായിരുന്നു സാഹിത്യത്തിനുള്ള 2023ലെ നൊബേല്‍ പുരസ്‌കാരം.