നൊബേൽ പ്രൈസ് കിട്ടേണ്ടിയിരുന്നില്ല, അത് വന്ന് വീണത് ഒരു ബോംബ് പോലെ : ആനി എർണോ
നൊബേൽ സമ്മാനം ആഗ്രഹിച്ചിരുന്നില്ലെന്നും, എഴുത്തിനെ അത് തടസ്സപ്പെടുത്തുകയാണെന്നും ആനി എർണോ. 2022ലെ സാഹിത്യ നൊബേൽ ജേതാവാണ് എർണോ. ലണ്ടനിൽ നടക്കുന്ന ചാൾസ്ടൺ ഫെസ്റ്റിവലിലെ പരിപാടിയിൽ വെച്ചാണ് എർണോ ഇക്കാര്യം പറഞ്ഞത്. നോവലിസ്റ്റ് സാലി റൂണിയുമായി നടത്തിയ സംഭാഷണത്തിൽ നൊബേൽ വന്നതോടെ എഴുത്തിൽ ഫോക്കസ് ചെയ്യാനാകാതെ വന്നിരിക്കുകയാണെന്ന് അവർ പറഞ്ഞു.
ഞാനൊരിക്കലും ആഗ്രഹിക്കാത്തൊരു കാര്യമായിരുന്നു നൊബേൽ പുരസ്‌കാരം. അതൊരു ബോംബ് പോലെയാണ് വന്ന് വീണത്. അവാർഡാണ് എനിക്ക് കിട്ടിയത്. വലിയ പ്രയാസത്തിനാണ് അത് കാരണമാകുന്നത്. എനിക്ക് എഴുതാനാകുന്നില്ല ഇപ്പോൾ. എഴുത്തായിരുന്നു എപ്പോഴും എന്റെ ഭാവി. അത് തടസ്സപ്പെടുന്നു എന്നത് വളരെ വലിയ വേദനയുണ്ടാക്കുന്നതാണ്. അതൊരു വലിയ അംഗീകാരമാണ്, എന്റെ ഇക്കാലമത്രയുമുള്ള എഴുത്തിനുള്ള അംഗീകാരം. കഴിഞ്ഞ നാൽപ്പത് വർഷമായി ഞാൻ എഴുതിക്കൊണ്ടിരിക്കുകയായിരുന്നല്ലോ. അംഗീകാരമായിരിക്കുമ്പോൾ തന്നെ അത് ബുദ്ധിമുട്ടുമാണ് എന്ന് പറയുന്നത് ക്രൂരമായി തോന്നാം, പക്ഷെ അതാണ് സത്യം. എർണോ പറഞ്ഞു.
എഴുത്ത് തനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് ആനി എർണോ പറഞ്ഞു. സ്വതവേ തന്നെ എഴുത്ത് എന്നത് പ്രയാസകരമായ കാര്യമാണ്, സാഹിത്യം എന്നത് ഇല്ലാതാക്കാനും കൊല്ലാനും ഒക്കെ ശേഷിയുള്ള കാര്യമാണ്, എന്നാൽ അതേ സമയം തന്നെ അത് മോക്ഷത്തിന്റെ മറ്റൊരു പേര് പോലെയുമാണ്. സാഹിത്യത്തിന് എന്നും അനശ്വരതയെ സ്പർശിക്കാനുള്ള ശേഷിയുണ്ട്. ഇരുപതാമത്തെ വയസ്സിൽ എഴുതിത്തുടങ്ങിയ ആളാണ് ഞാൻ, എന്നെങ്കിലും മികച്ച എഴുത്തുകാരിയാകുമെന്ന് ഞാൻ കരുതിയിരുന്നേയില്ല.
ജീവിതാനുഭവം കഥകളാക്കിയ എഴുത്തുകാരി
ഒരേ സമയം ഒന്നിലേറെ മാനുസ്‌ക്രിപ്റ്റിൽ അധ്വാനിക്കുക എന്നതാണ് തന്റെ എഴുത്ത് രീതിയെന്ന് എർണോ പറഞ്ഞു. അവയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത് ഏതിലാണ് എന്ന് എഴുതിക്കൊണ്ടിരിക്കെ തന്നെ മനസ്സിലാകും. 1999ൽ ഞാൻ മൂന്ന് പുസ്തകങ്ങളിൽ വർക്ക് ചെയ്യുകയായിരുന്നു. ദി ഇയേഴ്സ്, എ ഗേൾസ് സ്റ്റോറി, ഹാപ്പനിംഗ്. ആ ദിവസങ്ങളിൽ രാവിലെ ഞാൻ റേഡിയോ കേൾക്കാറുണ്ടായിരുന്നു. ഒരു ദിവസം എനിക്കിഷ്ടപ്പെട്ടൊരു പാട്ട് കേട്ടപ്പോൾ പെട്ടെന്ന് എനിക്ക് എന്റെ അബോർഷൻ ദിനങ്ങൾ ഓർമ വന്നു. പിന്നെയുള്ള ആറോ എട്ടോ മാസം ഞാൻ അതെക്കുറിച്ച് മാത്രം എഴുതി. അങ്ങനെയാണ് ഹാപ്പനിംഗ് പൂർത്തിയായത്.
അഭിമുഖകാരിയായ നോവലിസ്റ്റ് സാലി റൂണിയുടെ എഴുത്തിനെക്കുറിച്ചും എർണോ സംസാരിച്ചു. റൂണിയുടെ പുസ്‌കങ്ങളിൽ നിന്ന് ഞാൻ പലതും മനസ്സിലാക്കിയിട്ടുണ്ട്. എന്നിൽ നിന്ന് ദൂരം കൂടിക്കൂടി വരുന്ന പുതിയ തലമുറയെക്കുറിച്ച് മനസ്സിലാക്കാൻ അതെന്നെ വളരെയേറെ സഹായിച്ചു.
2022 ലെ നൊബേൽ പുരസ്‌കാര ജേതാവായ ആനി എർണോ, ലോകത്ത് ഇപ്പോൾ ജീവിച്ചിരിപ്പുള്ള എഴുത്തുകാരിൽ ഏറ്റവും പ്രധാനിയെന്ന് കണക്കാക്കപ്പെടുന്നയാളാണ്. ഇരുപതോളം നോവലുകൾ എഴുതിയിട്ടുള്ള എർണോ ഫ്രാൻസിലെ എല്ലാ തലമുറകളിലുള്ള വായനക്കാരുടെയും പ്രിയങ്കരിയായ എഴുത്തുകാരിയുമാണ്. സ്വന്തം അനുഭവങ്ങളെക്കുറിച്ചുള്ള തുറന്ന എഴുത്താണ് എർണോയുടെ സാഹിത്യകൃതികളിൽ കാണുക. അതേസമയം തന്നെ അവ ഉന്നതമായ സാഹിത്യമൂല്യം കാത്ത് സൂക്ഷിക്കുന്നതാണെന്നും സാഹിത്യനിരൂപകർ ചൂണ്ടിക്കാട്ടുന്നു. യൂണിവേഴ്സിറ്റി വിദ്യാർഥിനി ആയിരിക്കെ, അബോർഷൻ നടത്തേണ്ടി വന്നത് വിഷയമായ ഹാപ്പനിംഗ്, അച്ഛനെക്കുറിച്ചുള്ള എ മാൻസ് പ്ലെയ്സ്, അമ്മയെക്കുറിച്ചുള്ള എ വിമൻസ് സ്റ്റോറി, ദി ഇയേഴ്സ് തുടങ്ങിയ അവരുടെ കൃതികളെല്ലാം തന്നെ ഫ്രാൻസിലും പുറത്തും വലിയ വായനാസമൂഹത്തെ സൃഷ്ടിച്ചവയാണ്.