
കേന്ദ്ര വിഹിതം ലഭിക്കാത്തത് സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നു: ഗവര്‍ണര്‍
നവകേരള സാക്ഷാത്കാരത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും നവകേരള നിര്‍മാണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. പതിനഞ്ചാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തില്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടത്തുകയായിരുന്നു ഗവര്‍ണര്‍.
പിണറായി വിജയന്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഗവര്‍ണര്‍ എണ്ണിപ്പറഞ്ഞു. അതേസമയം കേന്ദ്രത്തില്‍ നിന്നും നികുതി വിഹിതം ലഭിക്കാത്തതിനെ കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. സംസ്ഥാനത്തിന്റെ വിഭവങ്ങള്‍ പരിമിതമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രവിഹിതം ലഭിക്കാത്തതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.
കേരളത്തില്‍ എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കുമെന്നും അതിദാരിദ്ര്യം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, അറിവിനെ അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥ, നിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നിവയില്‍ ഊന്നിക്കൊണ്ട് നവകേരള സൃഷ്ടി നടത്തുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗണ്‍ഷിപ്പ് ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചു.
സമൂഹത്തിലെ ഡിജിറ്റല്‍ വിടവ് ഇല്ലാതാക്കുകയും സംസ്ഥാന സര്‍ക്കാര്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ദുരന്ത നിവാരണ മാനേജ്‌മെന്റ് മാതൃക അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ പതിറ്റാണ്ടില്‍ പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെ സംസ്ഥാനത്തിന് നേരിടേണ്ടി വന്നുവെന്നത് അദ്ദേഹം എടുത്തുപറഞ്ഞു. കേരളത്തില്‍ 62 ലക്ഷം വയോജനങ്ങള്‍ക്ക് പ്രതിമാസം സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.