
ഇടവേളയില്ലാത്ത ജോലി: ആമസോണ്‍ ഇന്ത്യയിലെ തൊഴിലാളികള്‍ പ്രതിസന്ധിയില്‍
ഇടവേളകളില്ലാത്ത ജോലി ആമസോണ്‍ വെയര്‍ഹൗസ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. ജോലി പൂര്‍ത്തിയാക്കുന്നത് വരെ വെള്ളം കുടിക്കാനോ ടോയ്‌ലറ്റ് ഉപയോഗിക്കാനോ ഇടവേളകള്‍ എടുക്കരുതെന്നതുള്‍പ്പെടെയുള്ള നിയമങ്ങള്‍ കമ്പനിയില്‍ ഉണ്ടെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. ഹരിയാനയിലെ വെയര്‍ഹൗസ് തൊഴിലാളികളാണ് തൊഴില്‍ സാഹചര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ജോലി പൂര്‍ത്തിയാക്കുന്നത് വരെ ഇടവേളകള്‍ എടുക്കാന്‍ പാടില്ലെന്ന നിര്‍ദേശം നല്‍കിയതായി 24 കാരനായ ആമസോണ്‍ വെയര്‍ഹൗസ് തൊഴിലാളി പറഞ്ഞു. വലിയ ട്രക്കുകളില്‍ നിന്ന് ലോഡ് ഇറക്കുന്ന ജോലിയാണ് ഇയാള്‍ ചെയ്യുന്നത്. പലപ്പോഴും പൊള്ളുന്ന ചൂടില്‍ പോലും ഇടവേളകളില്ലാതെ ജോലി ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടുണ്ടെന്നും ഇയാള്‍ വ്യക്തമാക്കി.
തുടര്‍ച്ചയായ ജോലി അവശരാക്കുന്നു
തുടര്‍ച്ചയായി ജോലി ചെയ്യുന്നത് കാരണം ഒരു ദിവസം നാല് ട്രക്കുകളില്‍ കൂടുതല്‍ ലോഡ് ഇറക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടെന്ന്് ഒരു തൊഴിലാളി പറഞ്ഞു. ആഴ്ചയില്‍ അഞ്ച് ദിവസങ്ങളിലായി പത്ത് മണിക്കൂര്‍ ഷിഫ്റ്റിന് 10,088 രൂപയാണ് ഇവരുടെ പ്രതിമാസ ശമ്പളം. മതിയായ സൗകര്യങ്ങളുടെ അഭാവം കാരണം ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സ്ത്രീ തൊഴിലാളികളും ഉണ്ട്. അന്താരാഷ്ട്ര തലത്തിലും സമാനമായ ആരോപണങ്ങള്‍ ആമസോണിന് നേരിടേണ്ടി വന്നിട്ടുണ്ട്. വെയര്‍ഹൗസില്‍ സുരക്ഷാ ലംഘനങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുമുണ്ട്. ഭാരമേറിയ ലോഡുകള്‍ ചുമക്കേണ്ടി വരുന്നതിനെക്കുറിച്ച് വീഡിയോ ചെയ്ത ഒരു തൊഴിലാളിയെ കമ്പനി പുറത്താക്കിയിരുന്നു. യുഎസിലെ മൂന്ന് വനിതാ മാര്‍ക്കറ്റിംഗ് മാനേജര്‍മാര്‍ ലിംഗ വിവേചനം ആരോപിച്ച് കമ്പനിക്കെതിരെ പരാതി നല്‍കിയിരുന്നു.