IMAGE: PTI
മഴക്കെടുതിയില്‍ ഉത്തരേന്ത്യ: 24 മരണം; വ്യാപകനാശം
ഉത്തരേന്ത്യയില്‍ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍ വ്യാപകനാശം. 24 പേര്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് കനത്ത മഴ തുടരുന്നത്. അടുത്ത രണ്ടു ദിവസം മഴ ശക്തമാകുമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്.
ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും മലയോര സംസ്ഥാനങ്ങളില്‍ വ്യാപക മണ്ണിടിച്ചിലിനും കാരണമായി. കഴിഞ്ഞ രണ്ടു ദിവസമായി വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ തുടര്‍ച്ചയായി മഴ പെയ്യുന്നുണ്ട്. പലയിടങ്ങളിലും ദേശീയപാതകള്‍ അടച്ചിരിക്കുകയാണ്. 17 ട്രെയിനുകള്‍ റദ്ദാക്കുകയും 13 ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും ചെയ്തു. വെള്ളക്കെട്ടു കാരണം നാലിടങ്ങളില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചതായും റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി.
മഴയില്‍ കുതിര്‍ന്ന് രാജ്യം
ഹിമാചല്‍ പ്രദേശിലാണ് ഏറ്റവുമധികം നാശനഷ്ടം ഉണ്ടായത്. മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും ജനജീവിതത്തെ സാരമായി ബാധിച്ചു. 14 ഇടങ്ങളില്‍ വലിയ മണ്ണിടിച്ചിലുകളും 13 സ്ഥലങ്ങളില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവും നാശനഷ്ടങ്ങളുടെ തോത് ഉയര്‍ത്തിയതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. കുളുവിലും മണാലിയിലും ജനജീവിതം ദുസ്സഹമായി. ടൂറിസ്റ്റ് കേന്ദ്രമായ മണാലി ഒറ്റപ്പെട്ടു. മണാലിക്ക് സമീപം വര്‍ക്കല സ്വദേശി യാക്കൂബും കൊല്ലം സ്വദേശി സെയ്ദലിയും കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ട്. 700 ലധികം റോഡുകളില്‍ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. രവി, ബിയാസ്, സത്‌ലജ്, ചെനാബ് നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. സോളനില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. 135 മില്ലീമീറ്റര്‍ മഴയാണ് അവസാനമായി രേഖപ്പെടുത്തിയത്. 1982 നു ശേഷം ജൂലൈയിലെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മഴയാണിതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 41 വര്‍ഷത്തിനിടെ ഏറ്റവും കനത്ത മഴയാണ് ഡല്‍ഹിയിലുണ്ടായത്, 153 മില്ലീമീറ്റര്‍.
ഉത്തരാഖണ്ഡിലും സമാനമായ അവസ്ഥയാണ്. മിന്നല്‍ പ്രളയമാണ് ഉണ്ടായത്. ഡല്‍ഹിയിലും കനത്ത മഴയാണ് തുടരുന്നത്. 16 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഡല്‍ഹി നഗരത്തിലും ഏറ്റവും ഉയര്‍ന്ന മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ യമുന നദിയിലെ ജലനിരപ്പ് ഉയരുകയാണെന്നും ചൊവ്വാഴ്ച 205.33 മീറ്റര്‍ അപകടനില മറികടക്കുമെന്നും സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ അറിയിച്ചു.
രാജസ്ഥാനില്‍ ഒമ്പത് ജില്ലകളില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. രജസ്മന്ദ്, ജലോര്‍, പാലി, അജ്മീര്‍, അല്‍വാര്‍, ബന്‍സ്വാര, ഭരത്പൂര്‍, ഭില്‍വാര, ബുന്ദി, ചിത്തോര്‍ഗഡ്, ദൗസ, ധൗല്‍പൂര്‍, ജയ്പൂര്‍, കോട്ട് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് മൂന്നു ദിവസമായി അമര്‍നാഥ് തീര്‍ത്ഥാടനവും നിര്‍ത്തിവച്ചിരിക്കുകയാണ്.
കാറ്റിന്റെ സ്വാധീനം കാലാവസ്ഥയെ പ്രതികൂലമാക്കി
ജൂലൈയിലെ ആദ്യ എട്ട് ദിവസങ്ങളില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്. മണ്‍സൂണ്‍ സീസണിലെ മഴ 243.2 മില്ലീമീറ്ററിലെത്തി. ഇത് സാധാരണ 239.1 മില്ലീമീറ്ററില്‍ നിന്ന് രണ്ടു ശതമാനം കൂടുതലാണ്.
ശക്തമായ പടിഞ്ഞാറന്‍ കാറ്റും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കിഴക്കന്‍ കാറ്റുമാണ് കാലാവസ്ഥാ മാറ്റത്തിനു കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ശക്തമായ മണ്‍സൂണ്‍ പ്രതീക്ഷിച്ചിരുന്നതായും പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനമാണ് ഇപ്പോഴത്തെ സാഹചര്യത്തിനു കാരണമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.