
REPRESENTATIONAL IMAGE : PTI
മൂടല്‍മഞ്ഞില്‍ വിറച്ച് ഉത്തരേന്ത്യ: ജനുവരി ഒമ്പതുവരെ തുടരും; റെയില്‍വേക്ക് കനത്ത നഷ്ടം
ഉത്തരേന്ത്യയില്‍ അതിശൈത്യത്തിനൊപ്പം മൂടല്‍മഞ്ഞും ശക്തമായി തുടരുന്നു. ജനുവരി ഒമ്പതുവരെ ഇതേ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ താപനില 7.3 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നിരവധി വിമാനങ്ങളും ട്രെയിനുകളും വഴിതിരിച്ച് വിടുന്നത് തുടരുകയാണ്.
നാലുദിവസത്തിലധികമായി തുടരുന്ന കനത്ത മൂടല്‍മഞ്ഞില്‍ പല നഗരങ്ങളിലും കാഴ്ചപരിധി 50 മീറ്ററില്‍ താഴെയെത്തി. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഡല്‍ഹി വിമാനത്താവളം വഴി പോകേണ്ട വിമാനങ്ങള്‍ വാരണാസി, ലക്‌നൗ എന്നിവിടങ്ങള്‍ വഴി തിരിച്ചുവിട്ടു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് പഞ്ചാബിലെ സ്‌കൂള്‍ സമയത്തിലും മാറ്റംവരുത്തി. പഞ്ചാബില്‍ രാവിലെ പത്തു മണിക്കുശേഷമാണ് സ്‌കൂളുകള്‍ തുറക്കുക. ഉത്തര്‍ പ്രദേശില്‍ സ്‌കൂളുകള്‍ അടച്ചു.
വരുംദിവസങ്ങളില്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവയുടെ ചില ഭാഗങ്ങളില്‍ തണുപ്പ് ശക്തമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കനത്ത തണുപ്പും മൂടല്‍മഞ്ഞും ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ തോതും ഉയര്‍ത്തി. ആര്‍കെപുരം 370, ലോധി റോഡ് 312, ഐടിഒ മേഖല 377 എന്നിങ്ങനെയാണ് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് രേഖപ്പെടുത്തിയിരിക്കുന്നത്.
ശീതതരംഗം ശ്വാസകോശത്തെ ബാധിക്കും
പടിഞ്ഞാറന്‍ ഹിമാലയത്തില്‍ നിന്നും ശീതക്കാറ്റ് വീശിത്തുടങ്ങുന്നതോടെയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടങ്ങുന്നത്. താപനില 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ വരുമ്പോഴാണ് ശീതതരംഗം ഉണ്ടാകുന്നത്. കനത്ത മൂടല്‍മഞ്ഞും ശീതതരംഗവും ശ്വാസകോശ രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മൂടല്‍മഞ്ഞിന്റെ കണികകളില്‍ മലിനീകരണ പദാര്‍ത്ഥം അടങ്ങിയിക്കുന്നതുകൊണ്ട് ഇത് ശ്വസിക്കുന്നതിലൂടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കുറയുന്നതോടൊപ്പം ചുമ, ശ്വാസതടസ്സം എന്നിവ ഉയര്‍ത്തുവാനും ഇടയാക്കും. കൂടാതെ കണ്ണുകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
റെയില്‍വേക്ക് കനത്ത നഷ്ടം
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ഡിവിഷനില്‍ ഡിസംബറില്‍ മാത്രം 20,000 ടിക്കറ്റുകള്‍ റദ്ദാക്കി. ടിക്കറ്റ് റദ്ദാക്കിയ യാത്രക്കാര്‍ക്ക് ഏകദേശം 1.22 കോടി രൂപയാണ് റെയില്‍വേ തിരികെ നല്‍കിയത്. റിസര്‍വ് ചെയ്ത ടിക്കറ്റുകളില്‍ 4,230 എണ്ണം ബറേലിയിലും 3,239 ടിക്കറ്റുകള്‍ മൊറാദാബാദിലും 3,917 ടിക്കറ്റുകള്‍ ഹരിദ്വാറിലും ഡെറാഡൂണില്‍ 2,448 ടിക്കറ്റുകളും റദ്ദാക്കി. കഴിഞ്ഞ കുറച്ചു നാളുകളായി ഉത്തരേന്ത്യ കനത്ത മൂടല്‍മഞ്ഞിന്റെയും ശീതക്കാറ്റിന്റെയും പിടിയിലാണ്.