
യുക്രൈന് സൈനിക സഹായം നൽകിയ യു എസ് തീരുമാനം അവിശ്വസനീയമായ തെറ്റും വിഡ്ഢിത്തവുമെന്ന് ഉത്തരകൊറിയ
യുക്രൈന് എട്ട് ബില്യൺ ഡോളറിൻ്റെ യുഎസ് സൈനിക സഹായം “അവിശ്വസനീയമായ തെറ്റ്” ആണ്. ആണവ മഹാശക്തിയായ റഷ്യക്കെതിരെ തീകൊണ്ട് കളിക്കുകയാണെന്നും ഉത്തര കൊറിയ പറഞ്ഞു.
യുക്രൈൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കി വാഷിംഗ്ടൺ സന്ദർശിച്ചപ്പോഴാണ് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പുതിയ സൈനിക സഹായം പ്രഖ്യാപിച്ചത്.
സുരക്ഷിതമായ ദൂരങ്ങളിൽ നിന്ന് റഷ്യയെ ആക്രമിക്കാനുള്ള ദീർഘദൂര ആയുധങ്ങൾ ഉൾപ്പെടെ എട്ട് ബില്യൺ ഡോളറിൻ്റെ സൈനിക സഹായം ആണ് യു എസ് പ്രഖ്യാപിച്ചത്.
യു എസ്, യുക്രൈൻ സംഘർഷം വർദ്ധിപ്പിക്കുകയാണെന്നും യൂറോപ്പിനെ മുഴുവൻ ആണവയുദ്ധത്തിൻ്റെ വക്കിലേക്ക് നയിക്കുകയാണെന്നും കിം യോ ജോങ് പറഞ്ഞു. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിൻ്റെ സഹോദരിയാണ് ഭരണത്തിൽ ശക്തയായ കിം യോ ജോങ്.
“അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും റഷ്യയുടെ മുന്നറിയിപ്പ് തള്ളിക്കളയുകയോ വിലകുറച്ച് കാണുകയോ ചെയ്യരുത്,” കൊറിയൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി കെസിഎൻഎ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ കിം യോ ജോങ് പറഞ്ഞു.
"അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ആണവ മഹാശക്തിയായ റഷ്യക്കെതിരെ അശ്രദ്ധമായി തീകൊണ്ട് കളിക്കുന്നതിൻ്റെ അനന്തരഫലങ്ങൾ കൈകാര്യം ചെയ്യാൻ അവർക്കു ശരിക്കും കഴിയുമോ ?" എന്ന് കിം യോ ജോങ് ചോദിച്ചു.
സൈനിക സാഹസികത തുടരാൻ സെലെൻസ്‌കിയെ സഹായിക്കുന്നത് അപകടകരവും നിരുത്തരവാദപരവുമായ ചൂതാട്ടമാണ്. യു എസ് പുതുതായി എട്ട് ബില്യൺ ഡോളർ സൈനിക സഹായം പ്രഖ്യാപിച്ചത് അവിശ്വസനീയമായ തെറ്റും വിഡ്ഢിത്തവുമാണെന്നും കിം യോ ജോങ് പറഞ്ഞു.
ഉത്തരകൊറിയയുടെ ഭരണകക്ഷിയായ വർക്കേഴ്‌സ് പാർട്ടിയിൽ പ്രധാന സ്ഥാനം വഹിക്കുന്ന കിം, ഉത്തര കൊറിയയുടെ രാഷ്ട്രീയ, സുരക്ഷാ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കാറുണ്ട്.
ഉത്തരകൊറിയയുടെയും റഷ്യയുടെയും നേതാക്കൾ കഴിഞ്ഞ വർഷം രണ്ടുതവണ കൂടിക്കാഴ്ച നടത്തുകയും "സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം" അംഗീകരിക്കുകയും ചെയ്തുകൊണ്ട് അവരുടെ ബന്ധം പുതുക്കിയിരിന്നു.
കഴിഞ്ഞ വർഷം സെപ്തംബർ മുതൽ ഉത്തരകൊറിയ റഷ്യയിലേക്ക് കുറഞ്ഞത് 16,500 കണ്ടെയ്നർ ആയുധങ്ങളെങ്കിലും കയറ്റി അയച്ചിട്ടുണ്ടെന്നും യുക്രൈനിനെതിരെ റഷ്യ അതിൽ നിന്നുള്ള മിസൈലുകൾ ഉപയോഗിച്ചുവെന്നും അമേരിക്ക ആരോപിച്ചു.
റഷ്യയെക്കെതിരെ ആണവശക്തിയുടെ പിന്തുണയോടെയുള്ള യുക്രൈന്റെ ഏത് ആക്രമണവുംആണവായുധ ശക്തിയുടെ സംയുക്ത ആക്രമണമായി പരിഗണിക്കുമെന്നും അതിനെതീരെ ആണവായുധം ഉപയോഗിക്കാൻ മടിക്കില്ലെന്നും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.


