TMJ
searchnav-menu
post-thumbnail

TMJ Daily

പ്രകോപനമുണ്ടായാല്‍ ദക്ഷിണ കൊറിയക്കെതിരെ ആണവായുധം ഉപയോഗിക്കുമെന്ന് ഉത്തര കൊറിയ

04 Oct 2024   |   1 min Read
TMJ News Desk

പ്രകോപനങ്ങളുണ്ടായാല്‍ ദക്ഷിണ കൊറിയക്ക് നേരെ ആണവായുധങ്ങള്‍ പ്രയോഗിച്ച്  ഉന്മൂലനം ചെയ്യാന്‍ മടിക്കില്ലെന്ന്  ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ കിം ശ്രമിച്ചാല്‍ ഉത്തര കൊറിയ തകരുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ പറഞ്ഞതിന് പിന്നാലെയായാണ് കിമ്മിന്റെ പ്രതികരണം.

അടുത്തിടെ ഉത്തര കൊറിയ പുതിയ ആണവ സങ്കേതത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നു. കൂടാതെ പുതിയ മിസൈല്‍ പരീക്ഷണങ്ങളും ഉത്തര കൊറിയ നടത്തുന്നുണ്ട്. അടുത്ത വാരം ഉത്തര കൊറിയന്‍ പാര്‍ലമെന്റ് കൊറിയന്‍ ഉപദ്വീപില്‍ ശത്രുവിഭാഗത്തിലുള്ള രണ്ട് രാജ്യങ്ങളാണ് നിലകൊള്ളുന്നതെന്ന് പ്രഖ്യാപിക്കുമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. ദക്ഷിണ കൊറിയയുമായി ഐക്യപ്പെടുന്നത് ഔദ്യോഗികമായി തള്ളിക്കളയുന്ന നടപടിയാവുമിത്. കൂടാതെ രാജ്യത്തിന്റെ പുതിയ അതിര്‍ത്തികള്‍ ക്രമീകരിക്കുന്നതും ഉത്തര കൊറിയയുടെ ആലോചനയിലുണ്ട്.

ബുധനാഴ്ച പ്രത്യേക സൈനിക വിഭാഗത്തെ സന്ദര്‍ശിച്ച കിം ജോങ് ഉന്‍, ദക്ഷിണ കൊറിയ അവരുടെ സൈന്യത്തെ ഉത്തര കൊറിയയ്ക്ക് നേരെ അയച്ചാല്‍ യാതൊരു മടിയും കൂടാതെ തങ്ങളുടെ കയ്യിലുള്ള ആണവായുധങ്ങളടങ്ങിയ ശക്തി പ്രയോഗിക്കുമെന്ന് പറഞ്ഞു. ഇത്തരത്തിലുള്ള സാഹചര്യമുണ്ടായാല്‍ ദക്ഷിണ കൊറിയ എന്ന രാജ്യത്തിന്റെ നിലനില്‍പ്പ് പോലും സാധ്യമല്ലാതാവുമെന്നും കിം കൂട്ടിച്ചേര്‍ത്തു.

ദക്ഷിണ കൊറിയയുടെ സൈനിക ദിനത്തിലാണ് പ്രസിഡന്റ് യൂന്‍ സുക് യോള്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയത്. ദക്ഷിണ കൊറിയയുടെ ഏറ്റവും ശക്തിയുള്ള ബാലിസ്റ്റിക് മിസൈലായ ഹ്യുന്‍മൂ-5ഉം കൂടാതെ മറ്റു പരമ്പരാഗതമായ ആയുധങ്ങളും സൈനിക ദിനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ ഉത്തര കൊറിയ മുതിര്‍ന്നാല്‍ അത് കിം ജോങ് ഉന്നിന്റെ ഭരണത്തിന്റെ അവസാനമായിരിക്കുമെന്ന് പ്രസിഡന്റ് യൂന്‍ സുക് യോള്‍ പറഞ്ഞു. അത്തരത്തിലൊരു ഉത്തര കൊറിയന്‍ നടപടിക്ക്, ദക്ഷിണ കൊറിയ-യുഎസ് സഹകരണത്തിലുണ്ടാവുന്ന കടുത്തതും മാരകവുമായ നടപടി കിം നേരിടേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യൂന്‍ സുക് യോളിനെ വിചിത്ര മനുഷ്യനെന്നും പാവയെന്നും ആക്ഷേപിച്ച കിം ജോങ് ഉന്‍, ആണവായുധങ്ങള്‍ കൈവശം വച്ചിരിക്കുന്ന രാജ്യത്തിന്റെ അടുത്താണ് യൂനിന്റെ അവകാശവാദങ്ങള്‍ എന്ന് പരിഹസിച്ചു. കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങും ദക്ഷിണ കൊറിയയെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. ഉത്തര കൊറിയയുടെ ആണവായുധങ്ങളേ നേരിടാന്‍ ദക്ഷിണ കൊറിയയുടെ പുതിയ ഹ്യുന്‍മൂ-5 മിസൈലിനു കഴിയില്ലെന്നും കിം യോ ജോങ് പറഞ്ഞു.


#Daily
Leave a comment