TMJ
searchnav-menu
post-thumbnail

TMJ Daily

നോര്‍ത്ത്‌വോള്‍ട്ടിന് പൂട്ടുവീഴുന്നു; യൂറോപ്പിന്റെ ബാറ്ററി നിര്‍മ്മാണ മോഹങ്ങള്‍ക്കും

13 Mar 2025   |   1 min Read
TMJ News Desk

സ്വീഡനിലെ ബാറ്ററി സെല്‍ നിര്‍മ്മാതാക്കളായ നോര്‍ത്ത്‌വോള്‍ട്ട് പാപ്പരായി. രാജ്യത്തെ ഏറ്റവും വലിയ കോര്‍പറേറ്റ് അടച്ചുപൂട്ടലാണിത്. കൂടാതെ, ചൈനയ്‌ക്കൊത്തൊരു എതിരാളിയെ വികസിപ്പിക്കാമെന്നുള്ള യൂറോപ്പിന്റെ പ്രതീക്ഷകള്‍ കൂടിയാണ് അവസാനിക്കുന്നത്.

കമ്പനി പൂട്ടുന്നതിലൂടെ 5,000 പേര്‍ക്ക് ജോലി നഷ്ടമാകും. കമ്പനിയെ രക്ഷിക്കാന്‍ എല്ലാ മാര്‍ഗങ്ങളും നോക്കിയെന്ന് നോര്‍ത്ത്‌വോള്‍ട്ടിന്റെ ചെയര്‍മാന്‍ ടോം ജോണ്‍സ്റ്റോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നോര്‍ത്ത്‌വോള്‍ട്ടിന്റെ സ്‌കെല്ലാഫെറ്റിയിലെ പ്ലാന്റിനെയാണ് ഇത് ബാധിക്കുക.

കമ്പനിയുടെ പക്കലുള്ള പണം കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് നവംബറില്‍ ഈ ഇവി ബാറ്ററി നിര്‍മ്മാതാക്കള്‍ യുഎസ് ചാപ്റ്റര്‍ 11 പാപ്പരത്വ സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. വടക്കന്‍ സ്വീഡനിലുള്ള കമ്പനിയുടെ പ്രധാനപ്പെട്ട പ്ലാന്റിലെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലായിടത്തുനിന്നും പണം സ്വരുക്കൂട്ടി പരിശ്രമം നടത്തിയിരുന്നു. കമ്പനിയുടെ ആകെ കടം 8 ബില്ല്യണ്‍ ഡോളറാണ്.

സ്വീഡനിലെ കമ്പനികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പാപ്പരത്വ നടപടിയാണിത്. ഒരു ദശാബ്ദം മുമ്പ് കാര്‍ നിര്‍മ്മാതാക്കളായ സാബ് ഓട്ടോമൊബൈല്‍ പാപ്പരായതിനുശേഷമുള്ള ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നതും ഇതാണ്.

യൂറോപ്പിലെ വാഹന നിര്‍മ്മാതാക്കള്‍ ബാറ്ററിക്കുവേണ്ടി അമിതമായി ആശ്രയിക്കുന്നത് ചൈനീസ് കമ്പനികളെയാണ്. ഈ ആശ്രയത്വം കുറയ്ക്കാന്‍ നോര്‍ത്ത്‌വോള്‍ട്ടിന് സാധിക്കുമെന്നാണ് കരുതിയിരുന്നത്.

2016ല്‍ പ്രവര്‍ത്തനം ആരംഭിച്ചശേഷം ഓഹരി, കടം, സര്‍ക്കാര്‍ സഹായം എന്നിവയായി 10 ബില്ല്യണ്‍ ഡോളര്‍ ലഭിച്ചിരുന്നു. നോര്‍ത്ത്‌വോള്‍ട്ടിലെ ഏറ്റവും വലിയ ഓഹരിയുടമ ഫോക്‌സ്വാഗണ്‍ ആണ്. 21 ശതമാനം ഷെയര്‍ ഉണ്ട്. ഗോള്‍ഡ്മാന്‍ സാക്‌സിന് 19 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.

അതേസമയം, വടക്കേ അമേരിക്ക, ജര്‍മ്മനി എന്നിവിടങ്ങളില്‍ കമ്പനി പാപ്പരത്വ നടപടികള്‍ സ്വീകരിക്കുന്നില്ല.



#Daily
Leave a comment