
കിഫ്ബിയിലെ എല്ലാ പദ്ധതികളും 100 ശതമാനം സൗജന്യമാകില്ല: കെ എന്‍ ബാലഗോപാല്‍
കിഫ്ബി നിര്‍മ്മിക്കുന്ന റോഡില്‍ ടോള്‍ പിരിക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ കിഫ്ബിയിലെ മറ്റ് പദ്ധതികളില്‍ നിന്നും വരുമാനം സൃഷ്ടിക്കുന്നതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. കിഫ്ബിയിലെ എല്ലാ പദ്ധതികളും 100 ശതമാനം സൗജന്യമായിരിക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
കിഫ്ബി റോഡിന് ടോള്‍ പിരിക്കുന്നതിനെ കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. അതേസമയം, നിലവിലേയും ഭാവിയിലേയും കിഫ്ബി പദ്ധതികള്‍ക്ക് വരുമാനം ഉറപ്പാക്കേണ്ടതുണ്ടെന്നും അതിനാല്‍ ചില മാതൃകകള്‍ പരിശോധിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കിഫ്ബി വഴി മുടക്കുന്നതിന് കുറച്ചെങ്കിലും തിരികെ കിട്ടണമെന്നും തിരികെ വരുമാനം ലഭിക്കുന്ന പദ്ധതികള്‍ ഉണ്ടാകും. കിഫ്ബിക്ക് വരുമാനമുണ്ടാക്കാന്‍ പല പദ്ധതികളും ആലോചനയിലുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി.
റോഡിന് ടോള്‍ അടക്കം പല ശുപാര്‍ശകളും ചര്‍ച്ചയിലുണ്ടെന്നും സ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക് നിലനില്‍ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
വായ്പ തിരിച്ചടയ്ക്കാന്‍ കിഫ്ബിക്ക് വരുമാനമില്ലെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ വായ്പ നിഷേധിക്കുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഇത് കേരളത്തിന്റെ വികസനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ വിവിധ സേവന നിരക്കുകളില്‍ വര്‍ധനവിന് സാധ്യതയുണ്ടെന്നും ധനമന്ത്രി പറഞ്ഞു. മദ്യനിര്‍മാണശാലയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതി വിഹിതം വെട്ടി കുറയ്ക്കല്‍ മാത്രമായിരുന്നില്ല പ്ലാന്‍ ബിയെന്നും കേന്ദ്ര അവഗണനയ്ക്ക് എതിരായ ജനകീയ പ്രതിരോധവും പ്ലാന്‍ ബി ആണെന്നും എന്നാല്‍ പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ കുറവ് വന്നിട്ടില്ലന്നും ബാലഗോപാല്‍ പറഞ്ഞു.