സഹകരണമേഖലയെ തകര്‍ക്കാമെന്ന വ്യാമോഹം വേണ്ട, ജനങ്ങളും സര്‍ക്കാരും സംരക്ഷിക്കും: പിണറായി വിജയന്‍
കേരളത്തില്‍ സഹകരണ മേഖലയുടെ സംരക്ഷണത്തിന് കക്ഷി രാഷ്ട്രീയ വ്യത്യാസം ഉണ്ടായിരുന്നില്ല, സംസ്ഥാനത്ത് മാറി മാറി അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ കേരളത്തിലെ സഹകരണ മേഖലയുടെ സംരക്ഷണത്തിനായി ഒപ്പം നിന്നിട്ടുണ്ട്. അതിനെ തകര്‍ക്കാം എന്ന് ആരും വ്യാമോഹിക്കേണ്ട എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണമേഖലയെ സംരക്ഷിക്കും
സഹകരണ മേഖലയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നത് കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കാലത്താണ്. എന്നാല്‍ അന്നൊക്കെ കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിനൊപ്പം നിന്നില്ല. സഹകരണ മേഖലയുടെ സംരക്ഷണത്തിന് കക്ഷി രാഷ്ട്രീയ വ്യത്യാസമുണ്ടായിരുന്നില്ല. കേരളത്തിലെ ബാങ്കിങ് രംഗം സജീവമാക്കിയത് സഹകരണമേഖലയാണ് ഗ്രാമങ്ങള്‍ തോറും സഹകരണ സംഘങ്ങളുണ്ട് ഇപ്പോള്‍ കാണുന്ന വാണിജ്യബാങ്കുകളുടെ ഗ്രാമീണ ശാഖകളുടെ അടിസ്ഥാനം സഹകരണ മേഖലയാണ്. ഇപ്പോള്‍ സഹകരണ മേഖലയ്‌ക്കെതിരെ പലരീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ വളര്‍ന്നു വരികയാണ്. സഹകരണ മേഖല ജനങ്ങളുടേതാണ്, അതു തകര്‍ക്കാം എന്ന വ്യാമോഹം ആര്‍ക്കും വേണ്ട. അത് ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി നിലനില്‍ക്കുന്നതാണ്. ഒരു ശക്തിയെയും സഹകരണ മേഖലയെ തൊട്ടു കളിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.