
നിയമം പാലിക്കുന്നില്ല; റഷ്യയില്‍ വാട്‌സ്ആപ്പിനെ ബ്ലോക്ക് ചെയ്യും
റഷ്യന്‍ നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ വാട്‌സ്ആപ്പിനെ 2025-ല്‍ ബ്ലോക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് റഷ്യ. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ വികസനത്തിനായുള്ള കൗണ്‍സിലിന്റെ ഡെപ്യൂട്ടി ചെയര്‍മാനായ ആര്‍ടെം ഷെയ്കിന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചില ആവശ്യങ്ങളും ബാധ്യതകളും വാട്‌സ്ആപ്പ് പാലിച്ചില്ലെങ്കില്‍ അതിനെ ബ്ലോക്ക് ചെയ്യാനുള്ള സാധ്യതയുണ്ട്. വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് വയ്ക്കുന്നതിലും റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ആവശ്യപ്പെടുമ്പോള്‍ ആ വിവരങ്ങള്‍ നല്‍കുന്നതും സംബന്ധിച്ചുള്ള വിഷയത്തിലാണ് വാട്‌സ്ആപ്പും റഷ്യയും തമ്മിലുള്ള പ്രശ്‌നത്തിന് കാരണം. വിദേശ കമ്പനികള്‍ റഷ്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഞങ്ങളുടെ രാജ്യത്തിലെ നിയമങ്ങള്‍ അവര്‍ പാലിക്കേണ്ടതുണ്ടെന്നത് പ്രധാനമാണെന്ന് ഷെയ്കിന്‍ പറഞ്ഞു. അല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തനം അസാധ്യമാകുമെന്ന് ഷെയ്കിന്‍ മുന്നറിയിപ്പ് നല്‍കി. റഷ്യയിലെ മാധ്യമ കാവലാളായ റോസ്‌കോംനദ്‌സോറിന്റെ ആവശ്യങ്ങള്‍ വാട്‌സ്ആപ്പ് നടപ്പിലാക്കിയാല്‍ അവര്‍ക്ക് റഷ്യയില്‍ പ്രവര്‍ത്തിക്കാം.
വാട്‌സ്ആപ്പ് ഉപയോഗിച്ച് ഒരാള്‍ അയക്കുന്ന ശബ്ദ സന്ദേശങ്ങള്‍, എഴുതിയ ടെക്സ്റ്റ്, ചിത്രങ്ങള്‍ മറ്റെല്ലാ ഇലക്ട്രോണിക് സന്ദേശങ്ങളും ശേഖരിക്കുകയും അത് റഷ്യന്‍ ഫെഡറേഷന്‍ സുരക്ഷാകാര്യങ്ങളുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ ആവശ്യപ്പെടുമ്പോള്‍ കൈമാറുകയും വേണം.
ഇത് വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഉറപ്പ് നല്‍കുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്ന വാഗ്ദാനത്തിന് എതിരാകും. സന്ദേശം അയക്കുന്ന വ്യക്തിയും സ്വീകരിക്കുന്ന വ്യക്തിയും മാത്രമേ അത് കാണുന്നുള്ളൂവെന്നും ഇടയില്‍ ആരും വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നില്ലെന്നാണ് വാട്‌സ്ആപ്പിന്റെ വാഗ്ദാനം.