
സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുന്നില്ല; യുക്രൈൻ പ്രസിഡന്റിനെ കുറ്റപ്പെടുത്തി ട്രംപ്
റഷ്യയുമായി സമാധാനം സ്ഥാപിക്കുന്നതിൽ യുക്രൈൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി പരാജയപ്പെട്ടുവെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാർഥി ഡോണാൾഡ് ട്രംപ്.
റഷ്യ യുക്രൈനിൽ ആക്രമണം ആരംഭിച്ചപ്പോൾ, സെലെൻസ്‌കി യുദ്ധം അവസാനിപ്പിക്കുന്നതിന് പകരം അതിനെതിരായി സഹായ അഭ്യർത്ഥനയുമായി നിലകൊള്ളുന്നതിനെയാണ് താൻ കുറ്റപ്പെടുത്തിയതെന്ന് ട്രംപ് പറഞ്ഞു.
അദ്ദേഹത്തെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നല്ല അതിനർത്ഥം, കാരണം അവിടുത്തെ ആളുകളോട് എനിക്ക് സഹതാപം തോന്നുന്നു. എന്നാൽ സെലെൻസ്കിയെ ഒരിക്കലും യുദ്ധം ആരംഭിക്കാൻ അനുവദിക്കരുത്. യുദ്ധം എന്നത് ഒരു പരാജയമാണ് ട്രംപ് പറഞ്ഞു.
2022 മുതൽ റഷ്യൻ ആക്രമണം നേരിടാൻ തുടങ്ങിയ യുക്രൈൻ, യുഎസ് സൈനിക സഹായം അഭ്യർത്ഥിക്കുകയും കോടിക്കണക്കിന് ഡോളർ സ്വീകരിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം യുക്രൈൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ "ഭൂമിയിലെ ഏറ്റവും വലിയ വിൽപ്പനക്കാരൻ" എന്നാണ് ട്രംപ് പലതവണയായി വിശേഷിപ്പിക്കുന്നത്.
എന്നാൽ യുദ്ധം അവസാനിപ്പിക്കാനുള്ള തന്റെ വിജയ പദ്ധതി ന്യൂയോർക്കിൽ നടന്ന ഒരു മീറ്റിംഗിൽ സെലെൻസ്കി ട്രംപിനോട് അവതരിപ്പിച്ചിരുന്നു.
ജനുവരിയിൽ യുഎസിന്റെ പ്രസിഡന്റായി താൻ അധികാരമേറ്റെടുത്താൽ സംഘർഷം അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും അതെങ്ങനെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.
അതേസമയം യുക്രൈനിനെ തുടർന്നും പിന്തുണക്കുമെന്ന് കമല ഹാരിസ് അറിയിച്ചു. കിഴക്കൻ യൂറോപ്യൻ രാഷ്ട്രത്തിൻ്റെ വിജയത്തെ യുഎസിൻ്റെ സുപ്രധാന ദേശീയ സുരക്ഷാ താല്പര്യമായാണ് കമല ഹാരിസ് കാണുന്നത്.