ബ്രിജ് ഭൂഷണ്‍ | Photo: PTI
ബ്രിജ് ഭൂഷണെതിരെ കേസെടുക്കാത്തതില്‍ ഡല്‍ഹി പൊലീസിന് നോട്ടീസ്
റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണ വിഷയത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ സുപ്രീംകോടതി ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു. ബ്രിജ് ഭൂഷണെതിരായ ലൈംഗിക ആരോപണം ഗുരുതരമെന്നും കോടതി. കേസ് 28 ന് കോടതി വീണ്ടും പരിഗണിക്കും. ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയിരുന്നത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്.
താരങ്ങള്‍ ലൈംഗിക ചൂഷണം അടക്കം പരാതി നല്‍കിയിട്ടും ഡല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് പരാതിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വ്യക്തമാക്കി. ഇതിനു പിന്നാലെ, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരുടെ ബെഞ്ച് ആരോപണങ്ങള്‍ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. അതേസമയം, വിഷയത്തില്‍ ഇടപെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ മേധാവി സ്വാതി മലിവാള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ മുന്‍നിര ഗുസ്തി താരങ്ങള്‍ എന്തുകൊണ്ടാണ് അപമാനിക്കപ്പെടുന്നത് എന്ന് മലിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച മേല്‍നോട്ട സമിതിയുടെ കണ്ടെത്തലുകള്‍ സര്‍ക്കാര്‍ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബജ്രംഗ് പുനിയയും വിനേഷ് ഫോഗട്ടും മറ്റ് ഗുസ്തി താരങ്ങളും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. സാക്ഷി മാലികും രവി ദാഹിയയും ഉള്‍പ്പെടെയുള്ള ഗുസ്തിതാരങ്ങള്‍ ഈ വര്‍ഷം ജനുവരിയില്‍ ഈ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിഷേധിച്ചിരുന്നെങ്കിലും കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം സമരം അവസാനിപ്പിക്കുകയായിരുന്നു.
ഇത്തവണ ആരെയും തള്ളിപ്പറയില്ലെന്നും തങ്ങളുടെ സമരത്തെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമരത്തില്‍ പങ്കെടുക്കാം. ജനുവരിയില്‍ നടന്ന പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എത്തിയ ഇടത് നേതാവ് വൃന്ദ കാരാട്ടിനോട് വേദി വിടാന്‍ സമരക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ബിജെപി, കോണ്‍ഗ്രസ്, ആംആദ്മി വ്യത്യാസമില്ലാതെ എല്ലാ പാര്‍ട്ടിക്കാര്‍ക്കും സമരത്തില്‍ പങ്കെടുക്കാമെന്ന് ഒളിമ്പിക് മെഡലിസ്റ്റ് ബജ്രംഗ് പൂനിയ പറഞ്ഞു.
വര്‍ഷാരംഭത്തില്‍ തുടക്കമിട്ട പ്രതിഷേധം
ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗീകാതിക്രമം ആരോപിച്ച് സെന്‍ട്രല്‍ ഡല്‍ഹിയിലെ കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കിയിരുന്നു. എന്നാല്‍ നടപടികളെടുക്കാത്തതിനെ തുടര്‍ന്നാണ് താരങ്ങള്‍ രംഗത്ത് വന്നത്. കേസില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതു വരെ സമരം തുടരുമെന്നും കായിക താരങ്ങള്‍ വ്യക്തമാക്കി. പിന്നീട് കായിക മന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സമരം അവസാനിപ്പിച്ചു. എന്നാല്‍, തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി തങ്ങളുടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നെന്നും അവര്‍ ആരോപിച്ചു.
ജനുവരിയില്‍ കായിക മന്ത്രാലയം പരാതികള്‍ അന്വേഷിക്കാന്‍ ഒളിമ്പിക് മെഡല്‍ ജേതാവ് എംസി മേരികോമിന്റെ നേതൃത്വത്തില്‍ അഞ്ചംഗ കമ്മിറ്റി രൂപീകരിക്കുകയും, ഒരു മാസത്തിനകം കണ്ടെത്തലുകള്‍ സമര്‍പ്പിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സര്‍ക്കാര്‍ സമിതി ഏപ്രില്‍ ആദ്യവാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും മന്ത്രാലയം ഇതുവരെ റിപ്പോര്‍ട്ട് പരസ്യമാക്കിയിട്ടില്ല. എന്നിരുന്നാലും, നിരവധി ഹിയറിംഗുകള്‍ക്ക് ശേഷം ഡബ്ല്യുഎഫ്‌ഐ മേധാവിക്കെതിരായ ലൈംഗികാരോപണങ്ങള്‍ തെളിയിക്കാന്‍ ഗുസ്തി താരങ്ങള്‍ക്ക് കഴിഞ്ഞില്ല.
ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ജനുവരി 18 ന് നിരവധി ഗുസ്തി താരങ്ങള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തൃപ്തരല്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ പ്രാക്ടീസ് നടത്തുകയോ മത്സരങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യില്ലെന്നും പറഞ്ഞിരുന്നു. ഫെഡറേഷന്റെ പ്രവര്‍ത്തനത്തില്‍ കെടുകാര്യസ്ഥത ആരോപിച്ച് ഫെഡറേഷനെ സമ്പൂര്‍ണമായി നവീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, മെയ് 7 ന് നടക്കുന്ന ഡബ്ല്യുഎഫ്‌ഐ തെരഞ്ഞെടുപ്പില്‍ താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് പറഞ്ഞെങ്കിലും ഫെഡറേഷനില്‍ ഒരു പുതിയ സ്ഥാനത്ത് ഉണ്ടാകുമെന്നുള്ള സൂചന നല്‍കി. ഡബ്ല്യുഎഫ്‌ഐ തലവനായി തുടര്‍ച്ചയായി 12 വര്‍ഷം പൂര്‍ത്തിയാക്കിയതിന് ശേഷം സ്‌പോര്‍ട്‌സ് കോഡ് അനുസരിച്ച് ഉയര്‍ന്ന സ്ഥാനത്തേക്ക് മത്സരിക്കാന്‍ ബ്രിജ് ഭൂഷണ്‍ അയോഗ്യനാണ്. ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റിനെതിരെ ഡല്‍ഹി പോലീസ് ഏഴ് പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യക്തമായ തെളിവുകള്‍ പുറത്തുവന്നതിന് ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഇതോടൊപ്പം സര്‍ക്കാര്‍ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.