
നോത്രദാം കത്തീഡ്രല്‍ ഇന്ന് വീണ്ടും തുറക്കും
അഞ്ചരവര്ഷത്തിനുമുമ്പ് തീപിടിത്തത്തില്‍ നശിച്ച പ്രസിദ്ധമായ നോത്രദാം കത്തീഡ്രല്‍ ഇന്ന് പുനരുദ്ധാരണത്തിനുശേഷം തുറക്കും. ഗോഥിക് മാതൃകയില്‍ പണിതിട്ടുള്ള കത്തീഡ്രല്‍ 2019-ല്‍ നടന്ന തീപിടിത്തത്തില്‍ പൂര്‍ണമായും നശിച്ചിരുന്നു.
860 വര്‍ഷം പഴക്കമുള്ള മധ്യകാല ലോക ചരിത്രത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ കത്തീഡ്രല്‍ ഫ്രാന്‍സിന്റേയും പാരീസിന്റേയും ചിഹ്നമായിരുന്നു. നൂറുകണക്കിന് കരകൗശല വിദഗ്ദ്ധര്‍ കഴിഞ്ഞ അഞ്ചരക്കൊല്ലം രാവുംപകലും പരിശ്രമിച്ച് വളരെ സൂക്ഷ്മമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ കത്തീഡ്രലിനെ അതിന്റെ പഴയ സൗന്ദര്യത്തിലേക്ക് കൊണ്ടുവന്നു. നശിച്ചതും കേടുപാടുകള്‍ പറ്റിയതുമായ എല്ലാം പഴയ കാല രീതികളിലൂടെ പുനരുദ്ധരിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. 840 മില്ല്യണ്‍ യൂറോ ചെലവായി. ഈ പണം ലോകമെമ്പാടുനിന്നും സംഭാവനകളിലൂടെ ശേഖരിച്ചതാണ്.
2019 ഏപ്രില്‍ 15-ന് വൈകുന്നേരം ഉണ്ടായ തീപിടിത്തത്തില്‍ കത്തീഡ്രലിന്റെ ഉത്തരവും മേല്‍ക്കൂരയും തകര്‍ന്നത് ലോകമെമ്പാടുമുള്ള നോത്രദാം ആരാധകര്‍ ഞെട്ടലോടെയാണ് കണ്ടത്.
രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ കത്തീഡ്രല്‍ തുറന്നു നല്‍കുന്നതിനെ രാഷ്ട്രീയ പ്രതീക്ഷയോടെയാണ് കാണുന്നത്. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബ്രിട്ടന്റെ വില്ല്യം രാജകുമാരന്‍, യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി അടക്കുമുള്ള അനവധി രാജ്യങ്ങളുടെ തലവന്‍മാര്‍ കത്തീഡ്രല്‍ വീണ്ടും തുറക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
വര്‍ഷംതോറും ലക്ഷക്കണക്കിന് സന്ദര്‍ശകരാണ് കത്തീഡ്രലില്‍ എത്തിയിരുന്നത്. വരും വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും 14 മുതല്‍ 15 മില്ല്യണ്‍ സന്ദര്‍ശകരെയാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. വിക്ടര്‍ ഹ്യൂഗോയുടെ നോത്രദാമിലെ കൂനന്‍ എന്ന നോവലിന്റെ പരിസരം ഈ കത്തീഡ്രലാണ്.