നൂരിയേല്‍ റൂബിനി | Photo: Twitter
സാമ്പത്തിക മേഖല ബെര്‍മുഡ ട്രയാംഗിളിളെന്നു നൂരിയേല്‍ റൂബിനി
ആഗോള സാമ്പത്തിക രംഗം ബെര്‍മുഡ ത്രികോണത്തില്‍ എത്തിപ്പെടുന്ന അവസ്ഥയിലാണെന്നു പ്രശസ്‌ത സാമ്പത്തിക വിദഗ്‌ധനായ നൂരിയേല്‍ റൂബിനി. 2007-08 ലെ ആഗോളമാന്ദ്യത്തിന്റെ വരവിനെ പറ്റിയുളള കൃത്യമായ വിലയിരുത്തിലിന്റെ പേരില്‍ ഖ്യാതി നേടിയ റൂബിനി 'ഡോക്ടര്‍ ഡൂം' എന്ന വിളിപ്പേരിലും അറിയപ്പെടുന്നു. വിപണികളുടെ മുന്നേറ്റത്തെക്കുറിച്ചുള്ള പൊതുവായ നിഗമനങ്ങളെ പലപ്പോഴും നിരാകരിക്കുന്ന വിശകലനങ്ങളും, വിലയിരുത്തലുകളും നടത്തുന്നതിനാലാണ് ഡോക്ടര്‍ ഡൂം എന്ന വിളിപ്പേരിന്റെ കാരണം.
മക്കെന്‍സി ഗ്ലോബല്‍ ഇന്‍സ്‌റ്റിറ്റിയൂട്ടിന്റെ ഫോര്‍വേര്‍ഡ് തിങ്കിംഗ് എന്ന പോഡ്‌കാസ്‌റ്റ് അഭിമുഖത്തിലാണ് സാമ്പത്തിക സ്ഥിതി ബെര്‍മുഡ ത്രികോണത്തിലേക്കാണെന്ന താരതമ്യം റൂബിനി നടത്തിയത്. കേന്ദ്ര ബാങ്കുകള്‍ പലിശനിരക്കുകള്‍ ഉയര്‍ത്തുന്ന ധനനയം സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. കുറഞ്ഞ പലിശ നിരക്കില്‍ പണം ലഭ്യമായ കാലയളവില്‍ വായ്‌പയെടുത്തു കടം വരുത്തിയവര്‍ പലിശ നിരക്ക് ഉയര്‍ന്നതോടെ തിരിച്ചടവ് പ്രതിസന്ധിയിലാണ്. സര്‍ക്കാരുകളും, കോര്‍പ്പറേറ്റുകളും, സാധാരണ വീട്ടുകാരും ഒരു പോലെ നേരിടുന്ന ഒന്നാണ് ഈ പ്രശ്‌നം. വരുമാനം, ആസ്‌തിമൂല്യം എന്നിവയില്‍ സംഭവിച്ച ഇടിവിനൊപ്പം കടബാധ്യതയുടെ തിരിച്ചടവില്‍ സംഭവിക്കുന്ന വര്‍ദ്ധനയും കൂടി ചേരുന്നതിനെയാണ് ബെര്‍മുഡ ത്രികോണവുമായി റൂബിനി താരതമ്യം ചെയ്യുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ബാങ്കിംഗ്-ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ജെപി മോര്‍ഗന്‍ ചെയ്‌സും അമേരിക്ക മാന്ദ്യത്തിന്റെ പിടിയില്‍ അമരുന്നതിനെ പറ്റിയുള്ള സൂചനകള്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. 2007-08 ലെ വന്‍മാന്ദ്യത്തിനേക്കാള്‍ രൂക്ഷമായ പ്രതിസന്ധിയാവും സാമ്പത്തിക മേഖലയെ ഗ്രസിക്കാനായിരിക്കുന്നതെന്ന മുന്നറിയപ്പ് കുറച്ചു കാലങ്ങളായി റൂബിനി മുന്നോട്ടു വയ്‌ക്കുന്നു. 1970 കളില്‍ ലോകത്തെ ഗ്രസിച്ച പണപ്പെരുപ്പവും, മുരടിപ്പും ചേര്‍ന്ന സ്റ്റാഗ്‌ഫേ്‌ളേഷനും ഉയരുന്ന കടബാധ്യതയും ചേരുന്നതാണ് വരാനിരിക്കുന്ന പ്രതിസന്ധിയുടെ പ്രധാന ചേരുവകളെന്നു അദ്ദേഹം വിലയിരുത്തുന്നു. പലിശനിരക്ക് ഉയര്‍ത്തുന്ന സെന്‍ട്രല്‍ ബാങ്കുകളുടെ നയത്തിന്റെ വിമര്‍ശകരാണ് റൂബിനിയും അദ്ദേഹത്തിന്റെ വീക്ഷണങ്ങളോട് സമാനമായ ആശയങ്ങള്‍ പങ്കു വയ്‌ക്കുന്നവരും.