നൊവാക് ജോക്കോവിച്ച് | PHOTO: TWITTER
ടെന്നീസ് കോര്‍ട്ടിലെ പുതിയ യുഗപ്പിറവി
സെന്റര്‍ കോര്‍ട്ടില്‍ ഇന്നലെ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന്റെ റിട്ടേണ്‍ തന്റെ കോര്‍ട്ടില്‍ തന്നെ വന്ന് വീണപ്പോള്‍ വിംബിള്‍ഡണ്‍ കിരീടത്തിന് നാല് വര്‍ഷത്തിന് ശേഷം പുതിയൊരു അവകാശിയെത്തി. സ്പെയ്നില്‍ നിന്നും ഇരുപതുകാരന്‍ കാര്‍ലോസ് അല്‍കാരസ്. തന്റെ മുപ്പത്തിയാറാം വയസ്സില്‍ എട്ടാമത്തെ വിംബിള്‍ഡണ്‍ കിരീടത്തിനായും ഇരുപത്തിനാലാമത്തെ ഗ്രാന്‍ഡ് സ്ലാമിനായും ഇറങ്ങിത്തിരിച്ച ജോക്കോയ്ക്ക് അല്‍കാരസിന്റെ ചെറുപ്പത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല. സെന്റര്‍ കോര്‍ട്ടില്‍ അഞ്ച് മണിക്കൂര്‍ നീണ്ട് നിന്ന കലാശപ്പോരാട്ടത്തില്‍ അല്‍കാരസ് വിജയിച്ചപ്പോള്‍ കോര്‍ട്ടില്‍ തലമുറ മാറ്റം സംഭവിക്കുന്നു എന്നതിനുള്ള ഔദ്യോഗിക സ്ഥിരീകരണം കൂടി ആരാധകര്‍ക്ക് ലഭിച്ചു. പത്ത് വര്‍ഷത്തിന് ശേഷമാണ് ജോക്കോ സെന്റര്‍ കോര്‍ട്ടില്‍ പരാജയമറിയുന്നത്. ഫൈനലില്‍ ജോക്കോവിച്ച് അല്‍കാരസിനോട് തോറ്റു കഴിഞ്ഞപ്പോള്‍ ഇനി അല്‍കാരസിന്റെ കാലം എന്ന് പലരും പറഞ്ഞെങ്കിലും ജോക്കോയുടെ കാലം അവസാനിച്ചു എന്ന് ആര്‍ക്കും പറയാന്‍ സാധിച്ചില്ല. കാരണം അത്ര മികച്ചതായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ പ്രകടനം.
ഫൈനല്‍ ഫോര്‍ ദ ഏജസ്
എ ഫൈനല്‍ ഫോര്‍ ദ ഏജസ് എന്നാണ് വിംബിള്‍ഡണ്‍ ഇന്നലെ നടന്ന മത്സരത്തിനെ വിശേഷിപ്പിച്ചത്. വിംബില്‍ഡണ്ണിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനലുകളിലൊന്നിനാണ് ഇന്നലെ സെന്റര്‍ കോര്‍ട്ട് സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ ആദ്യ സെറ്റ് 1-6 ന് ജോക്കോ വിജയിച്ചപ്പോള്‍ ഈ വര്‍ഷത്തെ മൂന്നാമത്തെ ഗ്രാന്‍ഡ് സ്ലാമും ജോക്കോ തന്റെ ഷെല്‍ഫിലേക്കെത്തിക്കുമെന്ന് കാണികള്‍ പ്രതീക്ഷിച്ച് കാണണം. എന്നാല്‍ അടുത്ത രണ്ട് സെറ്റുകളിലും വാശിയോടെ പൊരുതി അല്‍കാരസ് ആ രണ്ട് സെറ്റുകള്‍ തന്റെ പേരിലാക്കിയപ്പോള്‍ മത്സരം അഞ്ചാം സെറ്റിലേക്ക് നീളുകയായിരുന്നു. 8-6,6-1 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. എന്നാല്‍ നാലാമത്തെ സെറ്റില്‍ ജോക്കോവിച്ച് വീണ്ടും തിരിച്ച് വന്നു. സെറ്റ് 3-6 ന് വിജയിച്ച് അവാസന സെറ്റിലേക്ക് മത്സരം കടന്നു. ഒടുവില്‍ അഞ്ചാമത്തെ സെറ്റ് 6-4 ന് വിജയിച്ച് അല്‍കാരസ് ചാമ്പ്യന്‍ഷിപ്പ് ഉയര്‍ത്തി.
നാലാമത്തെ സെറ്റ് ജോക്കോവിച്ച് വിജയിച്ച് മത്സരം അഞ്ചാമത്തെ സെറ്റിലേക്ക് കടന്നപ്പോള്‍ ഏതൊരു ടെന്നീസ് പ്രേമിയും 2019 ലെ വിംബിള്‍ഡണ്‍ ഫൈനലില്‍ ജോക്കോയും ഫെഡററും ഏറ്റുമുട്ടിയത് ഓര്‍ത്ത് കാണണം. അന്ന് ജോക്കോയുടെ പോരാട്ട വീര്യത്തിന് മുന്നില്‍ ഫെഡറര്‍ അടിയറവ് പറയുകയായിരുന്നു. മത്സരത്തില്‍ ഇടയ്ക്ക് പോയിന്റ് നഷ്ടപ്പെട്ടതിന്റെ നിരാശയില്‍ സെര്‍ബിയന്‍ താരം റാക്കറ്റ് വരെ അടിച്ച് പൊട്ടിച്ചു. കാണികളില്‍ നിന്നും ഇരുതാരങ്ങളും കൂക്കി വിളികള്‍ കേട്ടപ്പോഴും ഇരുവരും വാശിയോടെ റാക്കറ്റ് വീശി. പോയിന്റുകളിലൂടെ ഇരുവരും കാണികള്‍ക്ക് മറുപടി കൊടുത്തു. ഇടയ്ക്ക് അല്‍കാരസിന്റെ ചില ചിപ്പുകള്‍ അദ്ദേഹത്തിന് പോയിന്റ് നഷ്ടപ്പെടുത്തിയെങ്കില്‍ അവസാനം ചിപ്പുകളിലൂടെയാണ് താരം പോയിന്റ് നേടിയത്. അവസാന സെറ്റുകളില്‍ ഇരുതാരങ്ങളുടെയും സര്‍വ്വീസ് തീ മഴയായി കോര്‍ട്ടില്‍ പതിച്ചു. കളിയില്‍ വാശിയോടെയാണ് ഇരുവരും കളിച്ചതെങ്കിലും മത്സരത്തിന്റെ അവസാനം ഇരുതാരങ്ങളും പരസ്പരം അഭിനന്ദിച്ച് കൊണ്ടാണ് പിരിഞ്ഞത്. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ അല്‍കാരസിനെ ജോക്കോ തോല്‍പ്പിച്ചിരുന്നു. സീസണില്‍ ബാക്കിയുള്ള യു.എസ് ഓപ്പണാണ് കാണികള്‍ ഇനി ഉറ്റ് നോക്കുന്നത്.
തലമുറമാറ്റം
ചെറുപ്പവും എക്സ്പീരിയന്‍സും ഏറ്റുമുട്ടിയ മത്സരത്തില്‍ കാര്‍ലോസ് അല്‍കാരസ് വിജയിച്ചതോടെ ടെന്നീസ് ലോകം ഇനി ചര്‍ച്ച ചെയ്യാന്‍ പോകുന്ന പേര് തന്റേതായിരിക്കും എന്ന് ഈ എസ്പാനിയന്‍ ഉറപ്പിക്കുന്നുണ്ട്. പീറ്റ് സാംപ്രസിനെ തോല്‍പ്പിച്ച് പിന്നീട് ഫെഡററിന്റെ കാലം വന്നതും, പിന്നീട് ഫെഡറര്‍ക്ക് കൂട്ടായി നദാല്‍ എത്തിയതും ഒടുവില്‍ ഇവരെ രണ്ട് പേരെയും മറികടന്ന് ജോക്കോവിച്ച് കോര്‍ട്ടിനെ കീഴടക്കിയതും ലോകം സാക്ഷ്യം വഹിച്ചതാണ്. ആ ഒരു കണ്ണിയിലേക്കാണ് ഇന്നലെ അല്‍കാരസ് തന്റെ പേര് കൂടി കൂട്ടിച്ചേര്‍ത്തത്. ഈ വര്‍ഷം കഴിഞ്ഞ മൂന്ന് ഗ്രാന്‍ഡ് സ്ലാമുകളില്‍ മൂന്നെണ്ണത്തിന്റെയും ഫൈനലില്‍ പ്രവേശിച്ച് രണ്ടെണ്ണത്തിലും കപ്പുയര്‍ത്തിയ ജോക്കോയുടെ കാലം അല്‍ക്കാരസ് അവസാനിപ്പിച്ചു എന്നൊന്നും പറയാന്‍ സാധിക്കില്ലെങ്കിലും ഇനി വരാന്‍ പോകുന്നത് കാര്‍ലോസ് അല്‍കാരസിന്റെ കാലം കൂടിയാണെന്ന് നിസ്സംശയം പറയാം.