
ഇനി പോരാട്ടം അക്ഷരങ്ങള്‍ കൊണ്ട്, ആത്മകഥ, ഇസ്ലാമിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, സി പി എമ്മില്‍ പുസ്തകമെഴുത്തുകാലം
സി പി എം കേന്ദ്ര, സംസ്ഥാന നേതാക്കളായ ഇ. പി ജയരാജനും പി ജയരാജനും പുസ്തകമെഴുതുന്നു. ബി ജെ പി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടതുമായി ബന്ധപ്പെട്ട് നടന്ന വിവാദത്തെ തുടര്‍ന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റപ്പെട്ട കേന്ദ്ര കമ്മിറ്റിയംഗം ഇ. പി ജയരാജന്‍ പുസ്തകം എഴുതുമെന്ന് അറിയിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെ കണ്ണൂരിലെ ശക്തനായ സി പി എം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് ചെയര്‍മാനുമായ പി. ജയരാജനും പുസ്തകമെഴുതുന്നു. ഇ. പി ജയരാജന്‍ ആത്മകഥയാണ് എഴുതുന്നതെങ്കില്‍ പി ജയരാജന്‍ തന്റെ രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായാണ് പുസ്തകമെഴുതുന്നത്.
കേരള രാഷ്ട്രീയത്തില്‍ സിപിഎം നിലപാട് മാറ്റം വരുത്താനൊരുങ്ങുന്നു എന്ന ഊഹാപോഹങ്ങള്‍ നിലനില്‍ക്കെയാണ് പി. ജയരാജന്‍ എഴുതുന്ന പുസ്തകം പ്രസക്തമാകുന്നത്.'കേരളം, മുസ്ലിം രാഷ്ട്രീയം- രാഷ്ട്രീയ ഇസ്ലാം' എന്ന പേരിലാണ് പുസ്തകം പ്രസിദ്ധീകരിക്കുക. മുസ്ലിം, ക്രിസ്ത്യന്‍ സമൂഹത്തിനെ ഒപ്പം നിര്‍ത്താന്‍ ഏറെക്കാലമായി സിപിഎം നടത്തുന്ന ശ്രമങ്ങളില്‍ ഏറ്റക്കുറിച്ചിലുകളോടെ അനുകൂല സമീപനങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ലഭിച്ചതോടെ രാഷ്ട്രീയ നിലപാടില്‍ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ സിപിഎം ആലോചിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് പി. ജയരാജന്റെ പുസ്തകം പുറത്തുവരാനൊരുങ്ങുന്നത്.
കേരള രാഷ്ട്രീയത്തില്‍, ലോകസഭാ തിരഞ്ഞെടുപ്പോടെ പ്രതിപക്ഷം സജീവമാകുകയും, അതില്‍ തന്നെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതില്‍ അതിശക്തമായി നില്‍ക്കുന്നത് യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗാണ്. വടകരയില്‍ ഉണ്ടായ കാഫിര്‍ കാര്‍ഡ് വിവാദം മുതല്‍ പി.വി അന്‍വര്‍ വെളിപ്പെടുത്തലുകള്‍ വരെ ആയുധമാക്കി പ്രതിപക്ഷം സമരരംഗത്ത് സജീവമായിരിക്കുന്ന സമയവുമാണ്. ജയരാജന്റെ പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ മുസ്ലിം ലീഗ് മാത്രമല്ല, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നീ സംഘടനകള്‍ കേരളത്തില്‍ നടത്തുന്ന ഇടപെടലുകളെ കുറിച്ചുള്ള പഠനമാണ് പുസ്തകത്തിലെ ഉള്ളടക്കമെന്ന് ജയരാജനെ ഉദ്ധരിച്ച് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു. പുസ്തകം അടുത്തമാസം പുറത്തുവരും.