
ഇനി ചാറ്റ്ജിപിടിയുമായി ഫോണില്‍ സംസാരിക്കാം; വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യാം
ചാറ്റ്ജിപിടി ഫോണിലും വാട്‌സ്ആപ്പിലും ലഭിക്കുമെന്ന് ഓപ്പണ്‍എഐ പ്രഖ്യാപിച്ചു. ഉപയോക്താവിന് ഫോണ്‍ വിളിച്ച് ചാറ്റ്‌ബോട്ടിനോട് സംശയങ്ങള്‍ ചോദിക്കാം. നിങ്ങളുടെ വാട്‌സ്ആപ്പില്‍ ഫോണിലെ കോണ്‍ടാക്ടിനോട് എന്ന പോലെ ചാറ്റും ചെയ്യാം. എക്‌സിലെ പോസ്റ്റിലൂടെയാണ് ഓപ്പണ്‍എഐ ഇത് പ്രഖ്യാപിച്ചത്.
യുഎസില്‍ നിങ്ങള്‍ക്ക് 1-800-242-8478 എന്ന നമ്പരില്‍ വിളിച്ച് ചാറ്റ്ജിപിടിയുമായി സംസാരിക്കാം അല്ലെങ്കില്‍ ചാറ്റ്ജിപിടി ലഭ്യമായിട്ടുള്ള എല്ലായിടത്തും ഇതേ നമ്പരിലേക്ക് വാട്‌സ്ആപ്പിലൂടെ സന്ദേശം അയക്കാനും സാധിക്കും എന്ന് ഓപ്പണ്‍എഐ എക്‌സില്‍ കുറിച്ചു. ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പിലൂടെ ചാറ്റ് ചെയ്യുന്നതിന് ഈ നമ്പര്‍ തങ്ങളുടെ ഫോണില്‍ കോണ്‍ടാക്ട് ആയി സേവ് ചെയ്യണം.
ഒരു ഉപയോക്താവ് സുഹൃത്തിനോട് വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യുമ്പോള്‍ സംഭാഷണ മധ്യേ ഉയര്‍ന്നുവന്ന ഒരു ഫ്രഞ്ച് ഡെസ്സേര്‍ട്ടിന്റെ പേരും റെസിപ്പിയും കണ്ടെത്താന്‍ ചാറ്റ്ജിപിടിയുമായി പ്രത്യേകം ചാറ്റ് ചെയ്യുന്നതിന്റെ ഒരു വീഡിയോ ദൃശ്യം കമ്പനി പങ്കുവച്ചിട്ടുണ്ട്. യുഎസില്‍ വസിക്കുന്ന ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഓരോ മാസവും 15 മിനിട്ട് വീതം വോയിസ് കാള്‍ ചെയ്യാം. കാനഡയില്‍ വസിക്കുന്നവര്‍ക്കും തങ്ങളുടെ ഫോണില്‍ നിന്നും ചാറ്റ്ജിപിടിയുമായി സംസാരിക്കാം. ലാന്‍ഡ് ലൈനില്‍ നിന്നും ഫ്‌ളിപ്പ് ഫോണില്‍ നിന്നും വിളിക്കാം. ഓപ്പണ്‍എഐയുടെ 12 ദിനങ്ങള്‍ എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചത്. ചാറ്റ്ജിപിടിയുടെ പൂര്‍ണമായ സേവനം ലഭിക്കുന്നതിന് തുടര്‍ന്നും ഉപയോക്താക്കള്‍ നിലവിലെ അക്കൗണ്ട് ഉപയോഗിക്കണമെന്ന് ഓപ്പണ്‍എഐ പറഞ്ഞു.