PHOTO: WIKI COMMONS
ആണവനിലയം ആക്രമിച്ചു: ആരോപണം യുക്രൈന്‍ നിഷേധിച്ചു
റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലുള്ള സപ്പോരിജിയ ആണവ നിലയത്തില്‍ ഞായറാഴ്ച യുക്രൈന്‍ മൂന്നുതവണ ആക്രമണം നടത്തിയതായും, ആക്രമണത്തില്‍ റഷ്യ യുക്രൈനോട് പ്രതികരണം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട്. എന്നാല്‍ ആക്രമണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് യുക്രൈന്‍ അറിയിച്ചു. 2022 നവംബറിന് ശേഷം യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സപ്പോരിജിയ ഇതാദ്യമായാണ് നേരിട്ട് ലക്ഷ്യമിടുന്നതെന്നും ആക്രമണം ആണവ സുരക്ഷയെ അപകടത്തിലാക്കിയെന്നും ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി പറഞ്ഞു.
യുക്രൈന്‍ അധിനിവേശത്തിനുശേഷം റഷ്യന്‍ സൈന്യം പ്ലാന്റിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. പ്ലാന്റ് ആക്രമിക്കുന്നതിലൂടെ ആണവ അപകടത്തിന് സാധ്യതയുണ്ടെന്ന് മോസ്‌കോയും, കീവും പരസ്പരം ആരോപിച്ചിരുന്നു. യുക്രൈന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് പ്ലാന്റിനെ മൂന്ന് തവണ ആക്രമിച്ചതായും, ആദ്യം ഒരു കാന്റീനിന് സമീപം മൂന്ന് പേര്‍ക്ക് പരുക്കേറ്റതായും, തുടര്‍ന്ന് കാര്‍ഗോ ഏരിയയിലും പിന്നീട് റിയാക്ടര്‍ നമ്പര്‍ 6-ന് മുകളിലുള്ള താഴികക്കുടത്തിലും ആക്രമണം നടത്തിയതായും റഷ്യയുടെ സ്റ്റേറ്റ് ന്യൂക്ലിയര്‍ കോര്‍പ്പറേഷനായ റോസാറ്റോം അറിയിച്ചു. സപ്പോരിജിയ ആണവ നിലയം ഡ്രോണ്‍ ആക്രമണത്തിന് വിധേയമായിട്ടുണ്ട്, ഇത് പ്ലാന്റിന്റെ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാണെന്നും റോസാറ്റോം പറഞ്ഞു. പ്ലാന്റിലെയും പരിസര പ്രദേശങ്ങളിലെയും വികിരണത്തിന്റെ തോതില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആണവനിലയത്തിലെ സ്‌ട്രൈക്കുകളുമായി കൈവിന് യാതൊരു ബന്ധവുമില്ലെന്നും അവ റഷ്യക്കാരുടെ തന്നെ സൃഷ്ടിയാണെന്നും ഒരു യുക്രേനിയന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. യുക്രേനിയന്‍ ആണവ നിലയത്തിന്റെ പ്രദേശത്ത് റഷ്യന്‍ സ്ട്രൈക്കുകള്‍ ആക്രമണകാരികളുടെ ക്രിമിനല്‍ സമ്പ്രദായമാണെന്ന് യുക്രൈനിലെ എച്ച് യു ആര്‍ മെയിന്‍ ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ വക്താവ് ആന്‍ഡ്രി ഉസോവ് പറഞ്ഞു.
ആണവ നിലയത്തിന് സോവിയറ്റ് രൂപകല്പന ചെയ്ത യുറേനിയം 235 അടങ്ങിയ ആറ് വി വി ഇ ആര്‍ -1000 വി-320 വാട്ടര്‍-കൂള്‍ഡ്, വാട്ടര്‍-മോഡറേറ്റഡ് റിയാക്ടറുകള്‍ ഉണ്ട്. റിയാക്ടര്‍ നമ്പര്‍ 1, 2, 5, 6 എന്നിവ കോള്‍ഡ് ഷട്ട്ഡൗണിലാണ്. അതേസമയം റിയാക്ടര്‍ നമ്പര്‍ 3 അറ്റകുറ്റപ്പണികള്‍ക്കായി അടച്ചുപൂട്ടിയതായും റിയാക്ടര്‍ നമ്പര്‍ 4 'ഹോട്ട് ഷട്ട്ഡൗണ്‍' എന്ന് വിളിക്കപ്പെടുന്ന നിലയിലാണെന്നും പ്ലാന്റ് അധികൃതര്‍ അറിയിച്ചു. ആണവ ഭീകരതയെ അപലപിക്കാന്‍ ലോക നേതാക്കളോട് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സഖറോവ ആവശ്യപ്പെട്ടു.
മൂന്ന് ഡ്രോണ്‍ ആക്രമണങ്ങള്‍ തങ്ങളുടെ വിദഗ്ധര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിയാക്റ്റര്‍ നമ്പര്‍ 6-നെ സമീപിക്കുന്ന ഡ്രോണ്‍ പോലെ തോന്നിക്കുന്ന രീതിയിലുള്ള സ്‌ട്രൈക്കില്‍ റഷ്യന്‍ സൈന്യം ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഐഎഇഎ അറിയിച്ചു. ഇത്തരം അശ്രദ്ധമായ ആക്രമണങ്ങള്‍ ഒരു വലിയ ആണവ ദുരന്തത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായും ഉടന്‍ തന്നെ ഇത് അവസാനിപ്പിക്കണം എന്നും ഒരു ആണവ നിലയത്തെ ആക്രമിക്കുന്നത് തീര്‍ത്തും തെറ്റാണെന്നും ഐഎഇഎ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി പ്രസ്താവനയില്‍ പറഞ്ഞു. യൂണിറ്റ് 6 ലെ കേടുപാടുകള്‍ ആണവ സുരക്ഷയില്‍ വീഴ്ച വരുത്തിയിട്ടില്ലെങ്കിലും, റിയാക്ടറിന്റെ കണ്ടെയ്നര്‍ സിസ്റ്റത്തിനെ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുള്ള ഗുരുതരമായ സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.