
ആണവ പദ്ധതി: ഇറാനും റഷ്യയും ചൈനയും ചര്‍ച്ചകള്‍ ആരംഭിക്കുന്നു
ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഇറാന്റേയും റഷ്യയുടേയും ചൈനയുടേയും മുതിര്‍ന്ന നയതന്ത്ര പ്രതിനിധികള്‍ ബീജിങ്ങില്‍ യോഗം ചേര്‍ന്നു. മൂന്ന് രാജ്യങ്ങളുടേയും ഉപവിദേശ മന്ത്രിമാരാണ് വെള്ളിയാഴ്ച്ച നടന്ന യോഗത്തില്‍ പങ്കെടുത്തത്.
ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ യുഎസ് നല്‍കിയ ഉത്തരവുകളെ ഇറാന്‍ കഴിഞ്ഞയാഴ്ച്ച തള്ളിയിരുന്നു.
2015ല്‍ ഇറാന്‍ അന്താരാഷ്ട്ര ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതിന് പകരമായി ആണവ പദ്ധതി വെട്ടിച്ചുരുക്കാമെന്നുള്ള കരാറില്‍ യുഎസ്, റഷ്യ, ചൈന, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളുമായി കരാറിലെത്തിയിരുന്നു. എന്നാല്‍, യുഎസ് ട്രംപ് ആദ്യമായി അധികാരമേറ്റപ്പോള്‍ 2018ല്‍ ഈ കരാറില്‍ നിന്നും പിന്‍മാറിയിരുന്നു.
ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമേനിക്ക് ട്രംപ് കഴിഞ്ഞയാഴ്ച്ച കത്തെഴുതിയിരുന്നു. കത്തില്‍ ട്രംപ് ഭീഷണിയും മുഴക്കിയിരുന്നു. ഇറാന് ഈ വിഷയം രണ്ട് രീതിയില്‍ കൈകാര്യം ചെയ്യാമെന്നും അത് സൈനികമായി അല്ലെങ്കില്‍ ഇറാന്‍ ഒരു കരാറിലെത്തണം എന്നിവയാണെന്നും കത്തില്‍ ട്രംപ് പറഞ്ഞിരുന്നു.
യുഎസ് ഭീഷണിപ്പെടുത്തുമ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് ഇറാന്റെ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞിരുന്നു. ഈ ആഴ്ച്ചയില്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ 15 അംഗങ്ങളില്‍ ആറ് രാജ്യങ്ങള്‍ ഇറാന്റെ ആണവ പദ്ധതി ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നിരുന്നു. യുഎസിനൊപ്പം ഫ്രാന്‍സും ഗ്രീസും പനാമയും ദക്ഷിണ കൊറിയയും ബ്രിട്ടണും യോഗത്തില്‍ പങ്കെടുത്തു. ഇതിനെതിരെ ഇറാന്‍ ശക്തമായി പ്രതികരിച്ചിരുന്നു. സുരക്ഷാ കൗണ്‍സിലിന്റെ ദുരുപയോഗമാണ് ഈ യോഗമെന്ന് ഇറാന്‍ പറഞ്ഞിരുന്നു.


