അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി
ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി ദുർഗ് മജിസ്‌ട്രേറ്റ് കോടതി. ജാമ്യത്തിനായി നാളെ സെഷൻസ് കോടതിയെ സമീപിക്കും. അതുവരെ ഇവർ സെൻട്രൽ ജയിലിൽ തുടരും.
അറസ്റ്റിലായ കന്യാസ്ത്രീകളെ കാണാൻ പാർലമെന്റ് അംഗങ്ങളും ഒരു കുടുംബാംഗവും ഉൾപ്പെടെ അഞ്ച് വ്യക്തികളെ പോലീസ് അനുവദിച്ചിരുന്നു. 15 മിനിട്ടാണ് കാണാനുള്ള സമയം. സിസ്റ്റർ പ്രീതിയുടെ സഹോദരൻ ബൈജു, പ്രതിപക്ഷ എംപിമാരായ ബെന്നി ബെഹനാൻ, എൻ കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്ജ് എന്നിവർ അംഗീകൃത സന്ദർശകരിൽ ഉൾപ്പെടുന്നു. എന്നാൽ കന്യാസ്ത്രീകളെ കാണാൻ വന്ന ഇടത് എംപിമാരെ സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് പോലീസ് തടഞ്ഞു.
നീതി ലഭിക്കുന്നത് വരെ കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് പ്രതികരിച്ചു. “തെറ്റിദ്ധാരണയും ആശയവിനിമയവുമാണ് പ്രശ്നത്തിലേക്ക് വഴിവച്ചത്”. ആവശ്യമെങ്കിൽ ഛത്തീസ്‌ഗഡ് വരെ പോകുമെന്നും അദ്ദേഹം അറിയിച്ചു. "പ്രായപൂർത്തിയായ സ്ത്രീകളാണവർ, അതുകൊണ്ട് തന്നെ സ്വന്തം ഇഷ്ടപ്രകാരമാണ് അവർ സിസ്റ്റർമാരുടെ ഒപ്പം പോയത് " അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺവെൻ്റിൽ ജോലിക്കെത്തിയവരെ കൂട്ടിക്കൊണ്ടുവരാൻ സ്റ്റേഷനിൽ എത്തിയ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽവച്ച് പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
ഞങ്ങൾ ക്രിസ്തു മത വിശ്വാസികൾ
ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ കേസിൽ പ്രതികരിച്ച് കന്യാസ്ത്രീകൾക്കൊപ്പം വന്ന പെൺകുട്ടികൾ മുന്നോട്ട് വന്നിരുന്നു. തങ്ങൾ ക്രിസ്തു മത വിശ്വാസികളാണെന്നും വീട്ടുകാരുടെ അറിവോടെയാണ് ഇവരുടെ കൂടെ പോയതെന്നും ഇവർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഇവരെ മത പരിവർത്തനത്തിന് തട്ടിക്കൊണ്ട് പോവുകയാണെന്ന ബജ്റംഗ്‌ദളിൻ്റെയും പൊലീസിൻ്റെയും ആരോപണവും ഇവർ തള്ളി.


