TMJ
searchnav-menu
post-thumbnail

PHOTO: FACEBOOK

TMJ Daily

നഴ്‌സുമാരെ കയ്യേറ്റം ചെയ്ത സംഭവം; തൃശ്ശൂരില്‍ നഴ്‌സുമാരുടെ സൂചനാ പണിമുടക്ക്

29 Jul 2023   |   1 min Read
TMJ News Desk

സ്വകാര്യ ആശുപത്രി എംഡി നഴ്‌സുമാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് സുചനാ പണിമുടക്ക്. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ പണിമുടക്ക് പിന്‍വലിച്ചെങ്കിലും സുചനാ പണിമുടക്ക് തുടരും. പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ചയ്ക്ക് തയ്യാറാവണം എന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടതോടെയാണ് സമ്പൂര്‍ണ പണിമുടക്കില്‍ നിന്നും നഴ്‌സുമാര്‍ പിന്‍മാറിയത്. സുചനാ പണിമുടക്ക് തുടരുമെങ്കിലും അത്യാഹിത വിഭാഗത്തില്‍ അവശ്യ സേവനം ലഭ്യമാകും.

ജീവനക്കാര്‍ക്ക് നേരെ കയ്യേറ്റം

ഏഴുമാസം ഗര്‍ഭിണിയായ യുവതിയുള്‍പ്പെടെ ആറ് നഴ്‌സുമാരെ സ്വകാര്യ ആശുപത്രി എംഡി കയ്യേറ്റം ചെയ്തു എന്നാണ് പരാതി. കൈപ്പറമ്പ് നൈല്‍ ആശുപത്രി എംഡി ഡോ.വി.ആര്‍.അലോകാണ് ജീവനക്കാരെ കയ്യേറ്റം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് നഴ്‌സുമാര്‍ ശനിയാഴ്ച പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു. 

നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയില്‍ അംഗത്വം എടുത്തതോടെ 6 നഴ്‌സുമാരെ കൈപ്പറമ്പ് നൈല്‍ ആശുപത്രിയില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു. ഇതേ തുടര്‍ന്ന് സഴ്‌സുമാര്‍ പ്രതിഷേധം കടുപ്പിച്ചു. തുടര്‍ന്ന് ലേബര്‍ ഓഫീസര്‍ ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരമുണ്ടായില്ല. പുറത്താക്കിയ നഴ്‌സുമാരെ തിരിച്ചെടുക്കാനാവില്ലെന്ന നിലപാടാണ് എംഡി സ്വീകരിച്ചത്. എന്നാല്‍ തങ്ങളെ പിരിച്ചുവിട്ടതിന്റെ കാരണം വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് നഴ്‌സുമാര്‍ ചുറ്റും നിന്നപ്പോഴാണ് എംഡി അക്രമാസക്തനായത്.

സംഭവത്തെ തുടര്‍ന്ന് എംഡി അലോകിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നഴ്‌സുമാര്‍ വെള്ളിയാഴ്ച അലോകിന്റെ വീടിനു മുന്നില്‍ സമരം നടത്തിയിരുന്നു. കേരളത്തില്‍ ആഴ്ചയില്‍ ഒരു അക്രമം വീതമാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെ ഉണ്ടാവുന്നതെന്ന് ഡോ.വന്ദനയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു കൊണ്ട് ഐഎംഎ പ്രസിഡന്റ് ഡോ സുല്‍ഫി വ്യക്തമാക്കിയതാണ്. എന്നാല്‍ തൃശ്ശൂരില്‍ വ്യാഴാഴ്ച നടന്ന സംഭവത്തില്‍ നഴ്‌സുമാര്‍ക്ക് നേരെ കയ്യേറ്റം നടത്തിയത്് ആശുപത്രി എംഡി തന്നെയാണ്. മാത്രമല്ല വര്‍ഷങ്ങളായി ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നഴ്‌സുമാര്‍ക്ക് 10,000 രൂപയില്‍ താഴെയായിരുന്നു ശമ്പളം. ആശുപത്രി എംഡി അലോകിനെതിരെ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നഴ്‌സുമാര്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് കേരളാ ഗവ: നഴ്‌സസ് യൂണിയന്‍ രംഗത്തെത്തിയിരുന്നു. പ്രതിക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ക്കൊപ്പം ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലെ നഴ്‌സുമാരും പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് ഗവ: നഴ്‌സസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.


#Daily
Leave a comment