TMJ
searchnav-menu
post-thumbnail

TMJ Daily

നേഴ്‌സുമാരുടെ സമരം: ആറ് സ്വകാര്യ ആശുപത്രികളെ ഒഴിവാക്കി

11 Apr 2023   |   2 min Read
TMJ News Desk

തൃശൂർ ജില്ലയിലെ നേഴ്‌സുമാരുടെ സമരത്തിൽ നിന്ന് ആറ് സ്വകാര്യ ആശുപത്രികളെ ഒഴിവാക്കി. ഇരുപത്തിനാല് ആശുപത്രികൾ സമരം തുടരും. അമല, ജൂബിലി മിഷൻ, ദയ, വെസ്റ്റ് ഫോർട്ട്, സൺ, മലങ്കര മിഷൻ എന്നീ ആശുപത്രികൾ വേതനം വർധിപ്പിച്ചതോടെയാണ് സമരത്തിൽ നിന്ന് ഒഴിവാക്കിയത്. ആശുപത്രികളിൽ 20% വേതനം വർധിപ്പിക്കാനും 50% ഇടക്കാലാശ്വാസം നൽകാനും ധാരണയായി.

ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളിൽ ഇന്ന് മുതൽ മൂന്ന് ദിവസം നഴ്‌സുമാർ പണിമുടക്കി സമരം ചെയ്യും. തീവ്രപരിചരണ വിഭാഗത്തിലുൾപ്പെടെ ഈ ദിവസങ്ങളിൽ നേഴ്‌സുമാരുടെ സേവനം ലഭ്യമാകില്ല. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളെ ഡിസ്ചാർജ് ചെയ്യേണ്ടി വരുമെന്ന് രോഗികളുടെ ബന്ധുക്കളെ ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ നിർബന്ധിത ഡിസ്ചാർജ് തുടങ്ങി. വെന്റിലേറ്റർ, ഐസിയു രോഗികളെ ഡിസ്ചാർജ് ചെയ്ത് അയൽ ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റാനാണ് നിർദേശം.

നിലവിൽ 800 രൂപയാണ് നേഴ്‌സുമാരുടെ ദിവസ വേതനം. ഇത് 1500 രൂപയായി വർധിപ്പിക്കണം എന്നും വർധിപ്പിക്കുന്ന വേതനത്തിന്റെ 50% ഇടക്കാല ആശ്വാസം നൽകണമെന്നുമാണ് നേഴ്‌സുമാരുടെ സംഘടന ആവശ്യപ്പെടുന്നത്. പ്രതിദിന വേതനം നിശ്ചയിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നാണ് സ്വകാര്യ മാനേജ്‌മെന്റുകൾ പറയുന്നത്. വിഷയത്തിൽ പലതവണ ലേബർ കമ്മീഷണർ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

മാർച്ച് 5 ന് വേതന വർധന ആവശ്യപ്പെട്ട് തൃശൂർ ജില്ലയിൽ നേഴ്‌സുമാർ സൂചന പണിമുടക്ക് നടത്തിയിരുന്നു. വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് തീരുമാനം. കഴിഞ്ഞ അഞ്ച് വർഷമായി വേതനം വർദ്ധിപ്പിച്ചിട്ടില്ല എന്നാണ് നേഴ്‌സസ് അസോസിയേഷൻ പറയുന്നത്. തൃശൂരിലെ കളക്ട്രേറ്റിൽ ആരംഭിച്ച സമരം യുഎൻഎ ദേശീയ നേതാവ് ജാസ്മിൻ ഷായാണ് ഉദ്ഘാടനം ചെയ്തത്. അതേ സമയം നേഴ്‌സുമാരുടെ സമരം തടയണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മനേജ്‌മെന്റുകളും നേഴ്‌സുമാരും തമ്മിലുള്ള തർക്കം രമ്യമായി പരിഹരിക്കാൻ ആയിരുന്നു കോടതി നിർദേശം. എന്നാൽ സമരം തുടരുകയാണ്.

അടിയന്തര ചികിത്സക്ക് വേണ്ടി ആശുപത്രികളിലേക്ക് എത്തുന്ന രോഗികളെ മറ്റാശുപത്രികളിലേക്ക് എത്തിക്കുന്നതിനായി യുണെറ്റഡ് നേഴ്‌സ് അസോസിയേഷൻ (യുഎൻഎ) അംഗങ്ങൾ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും. ഇന്ത്യയിലെ നഴ്‌സുമാരുടെ സംഘടനയാണ് യുണൈറ്റഡ് നേഴ്‌സസ് അസ്സോസിയേഷൻ (യുഎൻഎ). നിലവിൽ കേരളത്തിൽ ജോലിയിൽ ഉള്ളവരും സർവീസിൽ നിന്ന് വിരമിച്ചവരുമായ അഞ്ചര ലക്ഷത്തോളം നഴ്‌സുമാർ യുഎൻഎയിൽ അംഗത്വമുള്ളവരാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രജിസ്റ്റേഡ് നേഴ്‌സുമാരുള്ളതും കേരളത്തിലാണ്. ഇതിനുപുറമെ, വിവിധ സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലുമായി മൂന്നര ലക്ഷത്തോളം നഴ്‌സുമാർ യുഎൻഎ അംഗങ്ങളാണ്. കേരളത്തിലെ മുഴുവൻ ജില്ലകളിലും യുഎൻഎക്ക് ജില്ലാ കമ്മിറ്റികളുണ്ട്, ഇവയ്ക്ക് കീഴിൽ 457 ഓളം സ്വകാര്യ ആശുപത്രികളിലെ യൂണിറ്റുകളും. ഉൾപ്പെടുന്നു.


#Daily
Leave a comment