TMJ
searchnav-menu
post-thumbnail

TMJ Daily

നുസ്ലി വാഡിയ വധശ്രമം: പ്രതികളെ സിബിഐ കോടതി വെറുതെവിട്ടു

17 Mar 2023   |   2 min Read
TMJ News Desk

ന്ത്യയിലെ പ്രമുഖ വ്യവസായ സ്ഥാപനമായ വാഡിയ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ നുസ്ലി വാഡിയയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ്സില്‍ പ്രതികളെ സിബിഐ കോടതി വെറുതെ വിട്ടു. അംബാനി കുടുംബത്തിലേക്കുപോലും അന്വേഷണം നീണ്ട, 35 വര്‍ഷം പഴക്കമുള്ള പ്രമാദമായ കേസ്സിന് ഇതോടെ തിരശീല വിണിരിക്കുകയാണ്. ടെക്സ്‌റ്റൈല്‍ രംഗത്ത് സജീവ സാന്നിധ്യമായ ബോംബെ ഡയിങ്ങിന്റെ ഉടമ എന്ന നിലയില്‍ വാഡിയയോട്, അതേ വ്യവസായത്തില്‍ സജീവമായിരുന്ന അംബാനി കുടുംബത്തിനുള്ള വൈരാഗ്യമാണ് ഗൂഡാലോചനയിലേക്ക് നയിച്ചതെന്നായിരുന്നു കേസ്സ്.

വാഡിയയെ വധിക്കാന്‍ നിയോഗിച്ചവര്‍ എന്ന് ആരോപിക്കപ്പെട്ട രണ്ടു പേരെയാണ് ഇപ്പോള്‍ മുംബൈയിലെ സിബിഐ കോടതി വെറുതെ വിട്ടിരിക്കുന്നത്. ഇവാന്‍ സെക്വേരിയ, രമേശ് ജഗോതിയ എന്നിവരെ കുറ്റക്കാരെന്നു വിധിക്കാന്‍ വേണ്ട തെളിവുകളില്ല എന്നു കോടതി കണ്ടെത്തുകയായിരുന്നു. മറ്റു രണ്ടു പ്രതികളായ കീര്‍ത്തി അംബാനി, അര്‍ജുന്‍ ബബാരിയ എന്നിവര്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ക്കെതിരായ കേസ്സ് അവസാനിച്ചിരുന്നു. സംഭവം നടന്ന കാലത്ത് റിലയന്‍സ് ഗ്രൂപ്പിലെ ഉന്നത സ്ഥാനീയനായിരുന്നു കീര്‍ത്തി അംബാനി.

റിലയന്‍സ് ഗ്രൂപ്പും വാഡിയ ഗ്രൂപ്പും തമ്മിലുള്ള മല്‍സരം കത്തിനിന്ന കാലത്താണ് സംഭവമുണ്ടാവുന്നത്. 1989 ല്‍ വാഡിയയെ വധിക്കാന്‍ പദ്ധതിയിട്ട രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഗൂഢാലോചന പ്രകാരം കൃത്യം നടപ്പാക്കുന്നതിന് മുന്നേതന്നെ പോലീസ് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. പിന്നീട് സിബിഐ അന്വേഷണം എറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം റിലയന്‍സ് ഗ്രൂപ്പിലേക്കും അംബാനി കുടുംബത്തിലേക്കും നീണ്ടു. അക്കാലത്ത്, കീര്‍ത്തി അംബാനി ഇപ്പോഴത്തെ റിലയന്‍സ് ഗ്രൂപ്പ് ചെര്‍മാനായ മുകേഷ് അംബാനിയുടെ കീഴുദ്യോഗസ്ഥന്‍ ആയിരുന്നു. എന്നാല്‍, 1990ല്‍ മുകേഷ് അംബാനിയെ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം പങ്കാളിത്തം നിഷേധിച്ചു. വാഡിയ ഗ്രൂപ്പുമായി മല്‍സരമില്ലെന്നും, കീര്‍ത്തിയുടെ അറസ്റ്റിന് ശേഷം മാത്രമാണ് അയാളുടെ പ്രവര്‍ത്തിയേക്കുറിച്ച് അറിഞ്ഞതെന്നുമായിരുന്നു മുകേഷ് അംബാനി സിബിഐക്ക് നല്‍കിയ മൊഴി.

തെളിവുകള്‍ അസ്വീകാര്യമായതാണ് പ്രതികളെ വെറുതെ വിടാനുള്ള കാരണം. മുംബൈ പോലീസ് സിഐഡി വിഭാഗത്തിന്റെ ഓഫീസില്‍ വച്ച് റെക്കോര്‍ഡു ചെയ്ത പ്രതികളുടെ ഫോണ്‍ സംഭാഷണം പ്രോസിക്യൂഷന്‍ സുപ്രധാന തെളിവായി അവതരിപ്പിച്ചിരുന്നു. എന്നാല്‍ പോലീസ് സാന്നിധ്യത്തില്‍ റെക്കോര്‍ഡ് ചെയ്തതായതിനാല്‍ അത് അംഗീകരിക്കാനാവില്ലെന്ന് 2003 ല്‍ കോടതി വ്യക്തമാക്കിയിരുന്നു. കീര്‍ത്തി അംബാനിയുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയതും തെളിവാക്കിയിരുന്നു. എന്നാല്‍, ചോര്‍ത്തുന്നതിന് നിയമപരമായ അനുമതിയില്ലാതിരുന്നതിനാല്‍ അത് അംഗീകരിക്കാനാവില്ലെന്ന് പ്രതിഭാഗം വാദിച്ചു. കേസില്‍ 43 സാക്ഷികളെ വിസ്തരിക്കുകയുണ്ടായി.

പ്രതികളൊരെയും തനിക്ക് നേരിട്ട് പരിചയമില്ല എന്ന് നുസ്‌ലി വാഡിയ മോഴി നല്‍കിയതോടെയാണ് കച്ചവട രംഗത്തെ മത്സരമാണ് ഗൂഢാലോചനയ്ക്ക് കാരണമെന്ന ആരോപണം ഉയര്‍ന്നത്. ഗോ എയര്‍, ബോംബെ ഡയിങ്, ബ്രിട്ടാനിയ തുടങ്ങിയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന വ്യവസായ ഭീമനാണ് വാഡിയ ഗ്രൂപ്പ്.


#Daily
Leave a comment