
പോക്കറ്റിന് ഇണങ്ങുന്ന സൂപ്പര്‍ കംപ്യൂട്ടറുമായി എന്‍വിഡിയ
എന്‍വിഡിയ പുതിയ ജെറ്റ്‌സണ്‍ ഒറിന്‍ നാനോ സൂപ്പര്‍ ജനറേറ്റീവ് എഐ സൂപ്പര്‍കംപ്യൂട്ടര്‍ അവതരിപ്പിച്ചു. കമ്പനി ഇതുവരെ അവതരിപ്പിച്ചിട്ടുള്ളവയില്‍ ഏറ്റവും വില കുറഞ്ഞ സൂപ്പര്‍ കംപ്യൂട്ടര്‍ ആണിത്. വില 249 ഡോളര്‍, ഏകദേശം 21,100 രൂപ. 499 ഡോളറില്‍ നിന്നുമാണ് വില കുറച്ച് 249 ആക്കിയത്. കമ്പ്യൂട്ടറിന്റെ വലിപ്പവും കുറവാണ്.
ഹോബിയിസ്റ്റുകള്‍, ഡെവലപ്പര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ പോലെയുള്ള ജെന്‍എഐ ഉപയോക്താക്കളുടെ ആവശ്യങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ജെറ്റ്‌സണ്‍ ഒറിന്‍ നാനോ സൂപ്പര്‍ ജെനറേറ്റീവ് എഐ സൂപ്പര്‍ കംപ്യൂട്ടര്‍ അവതരിപ്പിച്ചത്. എഐ അധിഷ്ഠിത പ്രവൃത്തികള്‍ ചെയ്യുന്നതിനായിട്ടാണ് ഈ കംപ്യൂട്ടര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. എന്‍വിഡിയ നേരത്തെ വിപണിയില്‍ എത്തിച്ചിരുന്ന ജെറ്റ്‌സണ്‍ ഒറിന്‍ നാനോയേക്കാള്‍ കൂടുതല്‍ വേഗതയും കാര്യക്ഷമതയും പ്രകടനവും പുതിയ സൂപ്പര്‍ കംപ്യൂട്ടറിനുണ്ട്.
എല്‍എല്‍എം ചാറ്റ്‌ബോട്ടുകള്‍, വിഷ്വല്‍ എഐ ഏജന്റ് എന്നിവ വികസിപ്പിക്കുക, എഐ അധിഷ്ഠിത റോബോട്ടുകളെ വിന്യസിക്കുക പോലെയുള്ള കാര്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഈ കംപ്യൂട്ടറില്‍ ചെയ്യാനാകുമെന്ന് എന്‍വിഡിയ പറഞ്ഞു. 2025 തുടക്കത്തില്‍ വിപണിയില്‍ സൂപ്പർ കമ്പ്യൂട്ടർ ലഭ്യമാകും. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ എപ്പോൾ എത്തുമെന്നത് വ്യക്തമല്ല.