TMJ
searchnav-menu
post-thumbnail

TMJ Daily

ഒയാസിസ് ബ്രൂവറി: സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്

16 Jan 2025   |   2 min Read
TMJ News Desk

പാലക്കാട് കഞ്ചിക്കോട് പുതിയ ബ്രൂവറി അനുവദിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെ കോണ്‍ഗ്രസ് രംഗത്ത്. ഇന്ത്യയിലെ പ്രമുഖ മദ്യ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ഒയാസിസിന് കഴിഞ്ഞദിവസം സര്‍ക്കാര്‍ ബ്രൂവറി ആരംഭിക്കുന്നതിനുള്ള അനുമതി നല്‍കിയിരുന്നു. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.

കഞ്ചിക്കോട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കാനാണ് സര്‍ക്കാര്‍ ഒയാസിസ് കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നല്‍കിയത്. മന്ത്രിസഭയുടെ തീരുമാനം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.

പ്രകൃതിയോടും ജനങ്ങളോടും കടുത്ത അപരാധമാണിതെന്നും ബ്രൂവറി അനുവദിക്കുന്നതിന് മുമ്പ് പാരിസ്ഥിതിക പഠനം നടത്തിയോയെന്നും ഒയാസിസിന് മാത്രം എങ്ങനെ അനുമതി കിട്ടിയെന്നും ടെന്‍ഡര്‍ ക്ഷണിച്ചോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

അതേസമയം, ഒയാസിസിന് ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനം എന്ത് അടിസ്ഥാനത്തില്‍ ആണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. ഒരു കമ്പനിയെ മാത്രം എങ്ങനെ തിരഞ്ഞെടുത്തുവെന്നും മാനദണ്ഡങ്ങള്‍ എന്താണെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മദ്യ നിര്‍മ്മാണത്തിന്റെ പേരിലുള്ള അഴിമതി പ്രതിപക്ഷം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പ്രഖ്യാപിത നയപരിപാടിക്ക് വിരുദ്ധമാണ് ഈ തീരുമാനമെന്നും സുതാര്യമല്ലാത്ത ഈ തീരുമാനത്തിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കഴിഞ്ഞ 26 വര്‍ഷമായി സംസ്ഥാനത്ത് മദ്യ നിര്‍മാണശാലകള്‍ അനുവദിക്കുന്നില്ലെന്നും ആരെങ്കിലും അപേക്ഷിച്ചാല്‍ മദ്യനിര്‍മാണശാലകള്‍ അനുവദിക്കേണ്ടതില്ലെന്നും 1999 ലെ നയപരമായ തീരുമാനം എടുത്തിട്ടുണ്ടെന്നും പറഞ്ഞ് നിരസരിക്കുകയായിരുന്നു പതിവെന്നും സതീശന്‍ പറഞ്ഞു. '2018ലും ബ്രൂവറി അനുവദിക്കാന്‍ ഒളിച്ചും പാത്തും സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. അത് പ്രതിപക്ഷം പൊളിച്ചു. അന്ന് പൊളിഞ്ഞ അഴിമതി നീക്കം തുടര്‍ ഭരണത്തിന്റെ അഹങ്കാരത്തില്‍ വീണ്ടും നടത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്,' പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

1999 മുതലുള്ള നിലപാടില്‍ എങ്ങനെ മാറ്റം വന്നു എന്നും ഇപ്പോള്‍ ഈ കമ്പനിയെ മാത്രം തിരഞ്ഞെടുത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ജല ദൗര്‍ലഭ്യം രൂക്ഷമായ പാലക്കാടിനെ ഈ യൂണിറ്റ് എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഉണ്ടെന്നും ഭൂഗര്‍ഭ ജലം ഊറ്റിയെടുത്ത കൊക്ക കോള കമ്പനിയെ വര്‍ഷങ്ങള്‍ നീണ്ട സമരത്തിനൊടുവിലാണ് പ്ലാച്ചിമടയില്‍ നിന്നും പുറത്താക്കാനായതെന്നും അത്തരമൊരു സ്ഥിതിവിശേഷം വീണ്ടും ഉണ്ടാക്കരുതെന്നും സതീശന്‍ പറഞ്ഞു.

കഴിഞ്ഞ തവണ ബ്രൂവറി അനുവദിക്കാന്‍ അനുമതി കൊടുത്തപ്പോള്‍ ജനങ്ങള്‍ പ്രതിഷേധിച്ച സ്ഥലത്താണ് ഇപ്പോള്‍ വീണ്ടും അനുമതി കൊടുത്തതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. '2022ല്‍ ബ്രൂവറി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പ്രതിപക്ഷ എതിര്‍ത്ത് മൂലം പിന്നോട്ട് പോയി,' ചെന്നിത്തല പറഞ്ഞു.

അനുമതി നല്‍കാനുള്ള ഫയല്‍ രഹസ്യമായി മന്ത്രിസഭാ യോഗത്തിലേക്ക് കൊണ്ടുവന്ന് അനുമതി നല്‍കിയെന്ന് ചെന്നിത്തല ആരോപിച്ചു. പ്ലാച്ചിമട സമരം നടത്തിയ ജനങ്ങളാണ് ഇവിടെയെന്നും അതിനടുത്തായാണ് പുതിയ ബ്രൂവറിക്ക് അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

'കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാനുള്ള തിരുമാനത്തിന്റെ ഭാഗമാണിതെന്നും സിപിഎമ്മിന് പണമുണ്ടാക്കാനുള്ള ഇടപാടാണിതെന്നും തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം,' അദ്ദേഹം പറഞ്ഞു.

നനഞ്ഞിട്ടാണോ പിണറായി വിജയന്‍  വിഴുപ്പ് ചുമക്കുന്നത് എന്നാണ് അറിയേണ്ടത്. ബ്രൂവറി വിഷയത്തില്‍ എക്‌സൈസ് മന്ത്രി മറുപടി പറയണമെന്നും അനുമതി നല്‍കിയത് ഇടതു മുന്നണിയിലെ ഘടക കക്ഷികളുടെ അറിവോടെയാണോയെന്ന് അവര്‍ പറയണമെന്നും ചെന്നിത്തല പറഞ്ഞു.


 

 

#Daily
Leave a comment