TMJ
searchnav-menu
post-thumbnail

TMJ Daily

അശ്ലീല പരാമര്‍ശം: ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തു

08 Jan 2025   |   1 min Read
TMJ News Desk

ശ്ലീല പരാമര്‍ശം നടത്തിയെന്ന സിനിമാ താരം ഹണി റോസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഉടമ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസ് ബോബിയെ വയനാട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

ബോബി തുടര്‍ച്ചയായി അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ഹണി റോസ് കഴിഞ്ഞ ദിവസമാണ് പരാതി നല്‍കിയത്. ഇക്കാര്യം അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുകയും ചെയ്തു.

സ്ത്രീകള്‍ക്കുനേരെ അശ്ലീലപരാമര്‍ശം നടത്തുക, അശ്ലീലപരാമര്‍ശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങളാണ് ബോബിക്ക് എതിരെ ചുമത്തിയത്. ജാമ്യമില്ലാ വകുപ്പുകളാണ് ബോബിക്ക് എതിരെ ചുമത്തിയത്.

ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹണി റോസുമായി ഫോണില്‍ സംസാരിച്ചു. ബോബിക്ക് എതിരായ നിയമനടപടികള്‍ക്കുള്ള പിന്തുണ മുഖ്യമന്ത്രി ഹണി റോസിനെ അറിയിച്ചു.

ബോബി ചെമ്മണ്ണൂരിന്റെ ജുവലറി ഷോപ്പിന്റെ ഉദ്ഘാടന സമയത്ത് അയാള്‍ ഹണി റോസിനോട് അശ്ലീല പരാമര്‍ശം നടത്തിയിരുന്നു. ഇത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഹണി റോസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ആക്രമണമായി മാറുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഹണി റോസിനെ കുറിച്ച് പോസിറ്റീവായൊരു പരാമര്‍ശം നടത്തിയെന്നും കുറേപ്പേര്‍ അത് ദ്വയാര്‍ഥത്തില്‍ ഉപയോഗിച്ചുവെന്നും മനപ്പൂര്‍വം ഒരാളോടും ചെയ്യില്ലെന്നും മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായിട്ടാണ് ഇതെല്ലാം എന്ന് ബോബി വിശദീകരണം നല്‍കിയിരുന്നു.




#Daily
Leave a comment