ഒഡീഷ ട്രെയിൻ ദുരന്തം; അന്വേഷണ റിപ്പോർട്ടിൽ വിയോജിപ്പ്
ഒഡീഷ ട്രെയിൻ അപകടത്തിലേക്ക് നയിച്ച ഘടകങ്ങളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ അഞ്ചംഗ അന്വേഷണ സമിതിയുടെ ചില കണ്ടെത്തലുകളിൽ വിയോജിപ്പ്. സിഗ്നലിങ്ങിലിൽ വന്ന പിശകാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഇന്ത്യൻ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥനായ എ കെ മഹന്ത സമിതിയുടെ കണ്ടെത്തലുകളിൽ വിയോജിപ്പ് രേഖപ്പെടുത്തി.
സീനിയർ സെക്ഷൻ എഞ്ചിനീയറാണ് എ കെ മഹന്ത. അദ്ദേഹം റിപ്പോർട്ടിൽ വിയോജിച്ച് കൊണ്ട് കുറിപ്പ് നൽകി. സിഗ്നൽ സംവിധാനത്തിൽ വന്ന പിഴവാണ് അപകടകാരണം എന്ന നിലപാട് അന്വേഷണ സമിതിയിലെ നാലുപേർ സ്വീകരിച്ചു. എന്നാൽ സിഗ്നലിൽ കണ്ട മാറ്റങ്ങൾ അപകടത്തിന് ശേഷം സംഭവിച്ചതാകാം എന്നാണ് മഹന്തയുടെ വാദം. അപകടം നടന്ന ബാലസോറിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് മഹന്ത. ഇന്റർലോക്കിങിലെ പിഴവുമൂലം കൊറമാണ്ഡൽ എക്‌സ്പ്രസ് ലൂപ് ലൈനിലേക്ക് ഓടിക്കയറുകയും ഗുഡ്‌സ് ട്രെയിനിൽ ഇടിക്കുകയായിരുന്നു എന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ അംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ സാധാരണമാണെന്നും റെയിൽ സുരക്ഷാ കമ്മീഷണറുടെ പൂർണമായ അന്വേഷണത്തിന് ശേഷം മാത്രമേ നിർണായക വിവരങ്ങൾ പുറത്തു വരുകയുള്ളു എന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു. നിലവിൽ സെൻട്രൽ ബ്യൂറോ ഒാഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. ഇലക്ട്രോണിക് ഇന്റർലോക്ക് സംവിധാനത്തിൽ കൃത്രിമം നടന്നതായി റെയിൽവേ മന്ത്രാലയം സംശയിച്ചതിനെ തുടർന്നാണ് അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിച്ചത്.
എന്നാൽ ട്രെയിൻ ദുരന്തത്തിന്റെ കാരണങ്ങളും വീഴ്ചയും മറച്ചു വെക്കാനാണ് സിബിഐയെ ഉപയോഗിക്കുന്നതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു.
'എന്തുകൊണ്ടാണ് ട്രെയിൻ അപകടത്തിൽപ്പെട്ടത്. എന്തുകൊണ്ടാണ് ഇത്രയും ആളുകൾ മരണപ്പെട്ടത്. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ അപകടമാണിത്. ഇതിൽ സിബിഐ എന്താണ് ചെയ്യാൻ പോകുന്നത്. ഇതൊരു ക്രിമിനൽ കേസായിരുന്നുവെങ്കിൽ സിബിഐക്ക് എന്തെങ്കിലും ചെയ്യാമായിരുന്നു. വളരെ വലിയൊരു അപകടമാണ് നടന്നത്. വീഴ്ചകൾ മറച്ച് വെക്കാനുളള ശ്രമം നടക്കുന്നുണ്ട്. എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഉത്തരങ്ങൾ ലഭിക്കേണ്ടതുണ്ട്. അവർക്ക് സത്യം അറിയണം'', മമത ബാനർജി പറഞ്ഞു.
ട്രെയിൻ അപകടം, പത്തു വർഷത്തിനിടെ 2,60,000 മരണം
ഇന്ത്യയിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ നടന്ന ട്രെയിൻ അപകടങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം കണക്കാക്കുകയാണെങ്കിൽ അത് ഏകദേശം രണ്ട് ലക്ഷത്തി അറുപതിനായിരമാണ്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കാണിത്. സാങ്കേതിക വിദ്യകളുടെ കാലാനുസൃതമായ നവീകരണം, കാര്യക്ഷമത, ജീവനക്കാരുടെ ലഭ്യത തുടങ്ങിയ മേഖലകളിലെ അലംഭാവമാണ് പലപ്പോഴും അപകട കാരണമാകുന്നതെന്ന് കാണാനാവും. 2017 മുതൽ 2021 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ട്രെയിൻ അപകടങ്ങളിൽ ഏകദേശം ഒരുലക്ഷം ആളുകൾ മരിച്ചിട്ടുണ്ട്്. അതിൽ 70 ശതമാനം ആളുകളും ട്രെയിനിൽ നിന്ന് വീണോ ട്രെയിനിടിച്ചോ മരിച്ചവരാണ്. ട്രെയിൻ കൂട്ടിയിടിച്ച് 293 ഉം പാളം തെറ്റി 446 പേരും മരിച്ചു എന്നാണ് കണക്ക്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമാണ് ഇന്ത്യൻ റെയിൽവേ. ശരാശരി രണ്ടു കോടി ജനങ്ങൾ ദിവസവും യാത്ര ചെയ്യുന്ന ഈ ഗതാഗത സംവിധാനത്തിന് മതിയായ സുരക്ഷ ഒരുക്കുന്നതിൽ മാറി മാറി വന്ന സർക്കാരുകൾ പുലർത്തിയ അലംഭാവമാണ് ഒഡീഷയിലെ ബാലസോറിൽ നടന്ന അപകടം. ഒഡീഷയിൽ നടന്ന ട്രെയിൽ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് 275 പേർക്കാണ്. റെയിൽവേ ശൃംഖലയിൽ ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം രണ്ടാമതാണ്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും യാത്ര ചെയ്യുന്നതിന് പ്രധാനമായും ആശ്രയിക്കുന്നത് ട്രെയിനാണ്. അതുകൊണ്ട് തന്നെ ഏറ്റവും കാര്യക്ഷമതയോടു കൂടി കൈകാര്യം ചെയ്യേണ്ട ഒരു മേഖലയും കൂടിയാണത്.
2017 മുതൽ 2021 വരെയുണ്ടായ അപകടങ്ങളിൽ 69 ശതമാനവും ട്രെയിൻ പാളം തെറ്റിയതു മൂലം ഉണ്ടായതാണ്. ഈ അപകടങ്ങളിൽ 288 മരണങ്ങൾ സംഭവിച്ചു എന്നാണ് കണക്കുകൾ.
ഇതുകൂടാതെ സിഗ്‌നലുകളിൽ സംഭവിക്കുന്ന പ്രശ്നങ്ങൾ കൊണ്ടും, കൃത്യ സമയത്ത് അറ്റകുറ്റപ്പണി നടത്താതിരിക്കുന്നത് കൊണ്ടുമെല്ലാം ഉണ്ടാകുന്ന അപകടങ്ങളിൽ നഷ്ടമാകുന്നത് ആയിരങ്ങളുടെ ജീവനുകളാണ്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ 2022 ഡിസംബറിൽ സമർപ്പിച്ച റിപ്പോർട്ടിൽ 2017-18 മുതൽ 2021 വരെയുള്ള കാലയളവിലെ പാളം തെറ്റലുകളും അവ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകളിൽ സ്വീകരിച്ച നടപടികളും വിശദീകരിക്കുന്നു. പാളം തെറ്റലുകൾ പോലുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന് ശുപാർശ ചെയ്തിട്ടുള്ള നടപടികൾ കൈക്കൊള്ളുന്നതിൽ 30 മുതൽ 100 ശതമാനം വരെ വീഴ്ചകൾ സംഭവിക്കുന്നതായി സിഎജി രേഖപ്പെടുത്തുന്നു.
ജീവനക്കാരില്ലാത്തത് വെല്ലുവിളി
മതിയായ ജീവനക്കാരില്ലാത്തതും പ്രധാനപ്പെട്ട വെല്ലുവിളിയാണ്. 15 ലക്ഷം ഗ്രൂപ്പ്- സി തസ്തികകളിൽ മൂന്ന് ലക്ഷത്തിലധികവും, പതിനെട്ടായിരം ഗസ്റ്റഡ് തസ്തികകളിൽ മൂവായിരത്തിലധികവും ഒഴിവുകളാണ് ഇന്ത്യൻ റെയിൽവേയിൽ ഉള്ളത്. റെയിൽവേ വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് ഇതെടുത്ത് കാണിക്കുന്നത്. ഇത്രയും ഒഴിവുകളുള്ളത് കൊണ്ട് തന്നെ ലോക്കോപൈലറ്റുമാർ അധിക സമയം ജോലിയെടുക്കേണ്ടി വരുന്നു. ഇത് അപകടങ്ങളുണ്ടാവാനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്.
സിഗ്‌നലിംഗ് സംവിധാനത്തിന്റെ തകരാറുകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ദക്ഷിണ റെയിൽവെയിലെ ഒരു ഉദ്യോഗസ്ഥൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് റെയിൽവെ മന്ത്രാലയത്തിന് കത്തയച്ചത്. എന്നാൽ അത് പരിഗണിക്കപ്പെട്ടില്ല. ഏപ്രിൽ മാസം നടന്ന റെയിൽവെ മന്ത്രാലയത്തിന്റെ സുരക്ഷാ അവലോകന യോഗത്തിൽ, ബോർഡ് ചെയർമാൻ അനിൽ ലഹോട്ടി ട്രെയിൽ അപകടങ്ങൾ 37 ശതമാനം വർധിച്ചതായും ഇത് ഗുരുതരമായ ആശങ്ക ഉയർത്തുന്നതായും വ്യക്തമാക്കിയതാണ്. നേരിടുന്ന പ്രധാന വെല്ലുവിളിയായി അന്ന് ചൂണ്ടിക്കാണിച്ചത് സിഗ്‌നലിംഗ് പ്രശ്നമാണ്. ജൂൺ മൂന്നിന് ഒഡീഷയിൽ നടന്ന ട്രെയിനപകടത്തിന്റെ കാരണങ്ങളിൽ പ്രാഥമികമായി ചൂണ്ടിക്കാണിക്കുന്നതും സിഗ്‌നലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. എന്നാൽ ഇത്തരം പ്രതിസന്ധികൾ കണക്കിലെടുത്തുകൊണ്ട് സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ഒന്നും തന്നെ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
മനുഷ്യർ മാത്രമല്ല, രാജ്യത്തുടനീളം ട്രെയിൻ അപകടങ്ങളിൽ മരിക്കുന്ന മൃഗങ്ങളുടെ എണ്ണവും വളരെ കൂടുതലാണ്. 2019 ജൂലൈ മൂന്നിന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ലോക്സഭയിൽ വ്യക്തമാക്കിയ കണക്കനുസരിച്ച് 2016 മുതൽ 2019 വരെ ട്രെയിൻ അപകടത്തിൽ ആകെ 35797 മൃഗങ്ങളുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
പൊട്ടിപ്പൊളിഞ്ഞ ബോഗികളോടു കൂടിയ, ഒരു സുരക്ഷാ സംവിധാനവുമില്ലാത്ത ട്രെയിനുകളിലാണ് ഭൂരിഭാഗം ജനങ്ങൾക്കും യാത്ര ചെയ്യേണ്ടി വരുന്നത്. പലപ്പോഴും ട്രെയിനുകളിൽ യാത്രക്കാർ തിങ്ങി നിറഞ്ഞാണ് യാത്ര ചെയ്യുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഒരു മാർഗം പാസഞ്ചർ ട്രെയിനുകളുടെ എണ്ണം കൂട്ടുക എന്നതാണ്. രാജ്യത്തെ പ്രീമിയം ട്രെയിനുകളുടെ എണ്ണം കൂട്ടുന്നത് കൊണ്ട് ട്രെയിൻ അപകടങ്ങൾക്കും അതുമൂലമുണ്ടാകുന്ന മരണങ്ങൾക്കും കുറവുണ്ടാവാൻ പോകുന്നില്ല. രാജ്യത്തെ സാധാരണക്കാർക്ക് പലപ്പോഴും ഇത്തരം ട്രെയിനുകളിലെ ഉയർന്ന നിരക്ക് താങ്ങാവുന്നതിലും കൂടുതലാണ്. അതുകൊണ്ട് തന്നെ പാസഞ്ചർ ട്രെയിനുകളിൽ ആളുകൾക്ക്് തൂങ്ങി നിന്ന് യാത്ര ചെയ്യേണ്ടി വരുന്നു.