PHOTO: PTI
ഒഡിഷ ട്രെയിന്‍ ദുരന്തം: സിഗ്നലിങ്, ടെലികോം ജീവനക്കാരുടെ പിഴവ്; നടപടിയുമായി റെയില്‍വെ
ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ സേഫ്റ്റി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ നടപടിയുമായി ഇന്ത്യന്‍ റെയില്‍വെ. സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വെ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് അര്‍ച്ചന ജോഷിയെ മാറ്റി. പുതിയ ജനറല്‍ മാനേജറായി അനില്‍കുമാര്‍ മിശ്രയെ നിയമിച്ചു.
ട്രെയിന്‍ ദുരന്തത്തില്‍ റെയില്‍വെ സേഫ്റ്റി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. അപകടത്തെക്കുറിച്ച് അന്വേഷിച്ച സുരക്ഷാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരസ്യമാക്കില്ലെന്ന് റെയില്‍വെ അറിയിച്ചു. അന്വേഷണത്തില്‍ മറ്റ് ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനാണ് നടപടി.
സ്ഥലംമാറ്റിയ സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വെ ജനറല്‍ മാനേജര്‍ അര്‍ച്ചന ജോഷിയെ കര്‍ണാടക യെലഹങ്കയിലെ റെയില്‍ വീല്‍ ഫാക്ടറി ജനറല്‍ മാനേജരായി നിയമിച്ചു. ബാലസോര്‍ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് റെയില്‍വെയുടെ നടപടി. ജൂണ്‍ 23 ന് സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഓപ്പറേഷന്‍സ്, സുരക്ഷ, സിംഗ്നലിങ് എന്നീ ചുമതല വഹിക്കുന്നവരെയാണ് അന്ന് സ്ഥലം മാറ്റിയത്. ട്രാന്‍സ്ഫറുകള്‍ പതിവ് രീതി അനുസരിച്ച് മാത്രമാണെന്നായിരുന്നു റെയില്‍വെയുടെ വിശദീകരണം.
സിഗ്നലിങ്, ടെലികോം ജീവനക്കാരുടെ പിഴവ്
സിഗ്നലിങ്, ടെലികോം വിഭാഗത്തിലെ ജീവനക്കാരുടെ പിഴവാണ് അപകടകാരണമെന്നാണ് റെയില്‍വെ സുരക്ഷാ കമ്മിറ്റിയുടെ കണ്ടെത്തല്‍. ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സിഗ്നലിങ് ജീവനക്കാരന്‍ സ്‌റ്റേഷന്‍ മാസ്റ്ററിന് ഡിസ്‌കണക്ഷന്‍ മെമ്മോ നല്‍കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അറ്റകുറ്റപ്പണിക്കു ശേഷം ട്രാക്കില്‍ പ്രശ്‌നങ്ങളില്ലെന്ന് കാണിച്ച് ജീവനക്കാരന്‍ ഇലക്‌ട്രോണിക് ഇന്റര്‍ലോക്കിങ്ങ് സിഗ്നലിങ്ങിനായി വീണ്ടും കണക്ഷന്‍ മെമ്മോ നല്‍കിയതായാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.
ട്രെയിന്‍ കടന്നുപോകുന്നതിനുമുമ്പ് സിഗ്നലിങ്ങ് സംവിധാനം പരിശോധിക്കുന്നതിനുള്ള സുരക്ഷാചട്ടം പാലിച്ചില്ലെന്നും, റീകണക്ഷന്‍ മെമ്മോ നല്‍കിയ ശേഷവും ജീവനക്കാര്‍ ജോലിയില്‍ തുടര്‍ന്നെന്നുമാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ അപകടത്തിന്റെ ഉത്തരവാദിത്തം സ്‌റ്റേഷനിലെ ഓപ്പറേഷന്‍സ് സ്റ്റാഫിനും സിഗ്നലിങ്ങ് ജീവനക്കാരനുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റെയില്‍വെ സംവിധാനത്തില്‍ സിഗ്നലിങ്ങ് ജീവനക്കാരനും സ്‌റ്റേഷന്‍ മാസ്റ്ററിനും ഉത്തരവാദിത്തമുള്ള ഇലക്‌ട്രോണിക് ഇന്റര്‍ലോക്കിംഗ് സിഗ്നലിങ്ങ് സിസ്റ്റത്തിന്റെ പ്രധാന കേന്ദ്രമായ റിലേ റൂമിലേക്ക് പ്രവേശിക്കുന്നതിനുള്ള ചട്ടങ്ങള്‍ പാലിച്ചില്ലെന്നും പറയപ്പെടുന്നു.
രാജ്യത്തെ നടുക്കിയ ദുരന്തം
ജൂണ്‍ രണ്ടിനായിരുന്നു മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 292 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്നത്. ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലേക്ക് കൊല്‍ക്കത്തയിലെ ഷാലിമാറില്‍നിന്നു ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്‌സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു. അപകടത്തില്‍ 1100 പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച ഭുവനേശ്വറിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 52 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്.
കൊറമാണ്ഡല്‍ എക്സ്പ്രസിന്റെ 12 കോച്ചും ബെംഗളുരു-ഹൗറ എക്സ്പ്രസിന്റെ നാലുകോച്ചും പാളം തെറ്റിയതായി റെയില്‍വെ വ്യക്തമാക്കിയിരുന്നു. ആദ്യ അപകടത്തിനുശേഷം അപായ മുന്നറിയിപ്പുകള്‍ ഫലപ്രദമാകാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. സിഗ്‌നലിങ് സംവിധാനം പാളിയതിനാല്‍ രണ്ടാമത്തെ ട്രെയിനിന് മുന്നറിയിപ്പ് നല്‍കാനും റെയില്‍വെക്ക് കഴിഞ്ഞില്ല. ഒഡീഷ ദുരന്തനിവാരണസേനയുടെയും ദേശീയ ദുരന്തനിവാരണസേനയുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ട്രെയിന്‍ അപകടം, പത്തു വര്‍ഷത്തിനിടെ 2,60,000 മരണം
ഇന്ത്യയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നടന്ന ട്രെയിന്‍ അപകടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം കണക്കാക്കുകയാണെങ്കില്‍ അത് ഏകദേശം രണ്ടുലക്ഷത്തി അറുപതിനായിരമാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കാണിത്. സാങ്കേതിക വിദ്യകളുടെ കാലാനുസൃതമായ നവീകരണം, കാര്യക്ഷമത, ജീവനക്കാരുടെ ലഭ്യത തുടങ്ങിയ മേഖലകളിലെ അലംഭാവമാണ് പലപ്പോഴും അപകട കാരണമാകുന്നത്. 2017 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ ട്രെയിന്‍ അപകടങ്ങളില്‍ ഏകദേശം ഒരുലക്ഷം ആളുകള്‍ മരിച്ചിട്ടുണ്ട്. അതില്‍ 70 ശതമാനം ആളുകളും ട്രെയിനില്‍ നിന്ന് വീണോ ട്രെയിനിടിച്ചോ മരിച്ചവരാണ്. ട്രെയിന്‍ കൂട്ടിയിടിച്ച് 293 ഉം പാളംതെറ്റി 446 പേരും മരിച്ചു എന്നാണ് കണക്ക്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വെ. ശരാശരി രണ്ടുകോടി ജനങ്ങള്‍ ദിവസവും യാത്ര ചെയ്യുന്ന ഈ ഗതാഗത സംവിധാനത്തിന് മതിയായ സുരക്ഷ ഒരുക്കുന്നതില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ പുലര്‍ത്തിയ അലംഭാവമാണ് ഒഡിഷയിലെ ബാലസോറില്‍ നടന്ന അപകടം. റെയില്‍വെ ശൃംഖലയില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം രണ്ടാമതാണ്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും യാത്ര ചെയ്യുന്നതിന് പ്രധാനമായും ആശ്രയിക്കുന്നത് ട്രെയിനാണ്. അതുകൊണ്ടുതന്നെ ഏറ്റവും കാര്യക്ഷമതയോടുകൂടി കൈകാര്യം ചെയ്യേണ്ട ഒരു മേഖലയും കൂടിയാണത്.
2017 മുതല്‍ 2021 വരെയുണ്ടായ അപകടങ്ങളില്‍ 69 ശതമാനവും ട്രെയിന്‍ പാളംതെറ്റിയതു മൂലം ഉണ്ടായതാണ്. ഈ അപകടങ്ങളില്‍ 288 മരണങ്ങള്‍ സംഭവിച്ചു എന്നാണ് കണക്കുകള്‍.
ഇതുകൂടാതെ സിഗ്നലുകളില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ കൊണ്ടും, കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താതിരിക്കുന്നത് കൊണ്ടുമെല്ലാം ഉണ്ടാകുന്ന അപകടങ്ങളില്‍ നഷ്ടമാകുന്നത് ആയിരങ്ങളുടെ ജീവനുകളാണ്. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ 2022 ഡിസംബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 2017-18 മുതല്‍ 2021 വരെയുള്ള കാലയളവിലെ പാളംതെറ്റലുകളും അവ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടുകളില്‍ സ്വീകരിച്ച നടപടികളും വിശദീകരിക്കുന്നു. പാളംതെറ്റലുകള്‍ പോലുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ശുപാര്‍ശ ചെയ്തിട്ടുള്ള നടപടികള്‍ കൈക്കൊള്ളുന്നതില്‍ 30 മുതല്‍ 100 ശതമാനം വരെ വീഴ്ചകള്‍ സംഭവിക്കുന്നതായി സിഎജി രേഖപ്പെടുത്തുന്നു.
ജീവനക്കാരില്ലാത്തത് വെല്ലുവിളി
മതിയായ ജീവനക്കാരില്ലാത്തതും റെയില്‍വെ നേരിടുന്ന വെല്ലുവിളിയാണ്. 15 ലക്ഷം ഗ്രൂപ്പ്- സി തസ്തികകളില്‍ മൂന്നുലക്ഷത്തിലധികവും, പതിനെട്ടായിരം ഗസറ്റഡ് തസ്തികകളില്‍ മൂവായിരത്തിലധികവും ഒഴിവുകളാണ് ഇന്ത്യന്‍ റെയില്‍വെയില്‍ ഉള്ളത്. റെയില്‍വെ വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് ഇതെടുത്ത് കാണിക്കുന്നത്. ഇത്രയും ഒഴിവുകളുള്ളതുകൊണ്ട് തന്നെ ലോക്കോപൈലറ്റുമാര്‍ അധികസമയം ജോലിയെടുക്കേണ്ടി വരുന്നു. ഇത് അപകടങ്ങളുണ്ടാവാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു.
സിഗ്നലിങ് സംവിധാനത്തിന്റെ തകരാറുകള്‍ ചൂണ്ടിക്കാണിച്ച് ദക്ഷിണ റെയില്‍വെയിലെ ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് റെയില്‍വെ മന്ത്രാലയത്തിന് കത്തയച്ചത്. എന്നാല്‍ അത് പരിഗണിക്കപ്പെട്ടില്ല. ഏപ്രില്‍ മാസം നടന്ന റെയില്‍വെ മന്ത്രാലയത്തിന്റെ സുരക്ഷാ അവലോകന യോഗത്തില്‍, ബോര്‍ഡ് ചെയര്‍മാന്‍ അനില്‍ ലഹോട്ടി ട്രെയില്‍ അപകടങ്ങള്‍ 37 ശതമാനം വര്‍ധിച്ചതായും ഇത് ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നതായും വ്യക്തമാക്കിയതാണ്. നേരിടുന്ന പ്രധാന വെല്ലുവിളിയായി അന്ന് ചൂണ്ടിക്കാണിച്ചത് സിഗ്നലിങ് പ്രശ്‌നമാണ്. ഇത്തരം പ്രതിസന്ധികള്‍ കണക്കിലെടുത്തുകൊണ്ട് സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഒന്നും തന്നെ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
മനുഷ്യര്‍ മാത്രമല്ല, രാജ്യത്തുടനീളം ട്രെയിന്‍ അപകടങ്ങളില്‍ മരണപ്പെട്ട മൃഗങ്ങളുടെ എണ്ണവും വളരെ കൂടുതലാണ്. 2019 ജൂലൈ മൂന്നിന് റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയ കണക്കനുസരിച്ച് 2016 മുതല്‍ 2019 വരെ ട്രെയിന്‍ അപകടത്തില്‍ ആകെ 35,797 മൃഗങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
സുരക്ഷാ സംവിധാനങ്ങളില്ലാത്ത പൊട്ടിപ്പൊളിഞ്ഞ ബോഗികളോടു കൂടിയ ട്രെയിനുകളെയാണ് പലപ്പോഴും യാത്രക്കാര്‍ക്ക് ആശ്രയിക്കേണ്ടി വരുന്നത്. യാത്രക്കാരുടെ തിങ്ങിനിറഞ്ഞുള്ള യാത്രയ്ക്ക് പരിഹാരമേകാന്‍ പാസഞ്ചര്‍ ട്രെയിനുകളുടെ എണ്ണം കൂട്ടുക എന്നതാണ് മാര്‍ഗം. രാജ്യത്തെ പ്രീമിയം ട്രെയിനുകളുടെ എണ്ണം കൂട്ടുന്നതിലൂടെ അപകടങ്ങള്‍ക്കും അതുമൂലമുണ്ടാകുന്ന മരണങ്ങള്‍ക്കും കുറവുണ്ടാകുവാന്‍ ഇടയില്ല. രാജ്യത്തെ സാധാരണക്കാര്‍ക്ക് പലപ്പോഴും ഇത്തരം ട്രെയിനുകളിലെ ഉയര്‍ന്ന നിരക്ക് താങ്ങാവുന്നതിലും കൂടുതലാണ്. അതുകൊണ്ടുതന്നെ പാസഞ്ചര്‍ ട്രെയിനുകളില്‍ ആളുകള്‍ക്ക് തൂങ്ങിക്കിടന്ന് യാത്ര ചെയ്യേണ്ടി വരുന്നു.