TMJ
searchnav-menu
post-thumbnail

അരവിന്ദ് കേജ്‌രിവാൾ | Photo: PTI

TMJ Daily

ഡൽഹിയിലെ ഉദ്യോഗസ്ഥ നിയമനം; കേന്ദ്രത്തിന് തിരിച്ചടി

11 May 2023   |   2 min Read
TMJ News Desk

ൽഹി സർക്കാരും ലഫ്റ്റ്‌നന്റ് ഗവർണറും തമ്മിലുള്ള അധികാര തർക്ക കേസിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി. നിയമനങ്ങൾ നടത്താനുള്ള അധികാരം ഡൽഹി സർക്കാരിനെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച്. യഥാർത്ഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ്. മന്ത്രിസഭാ തീരുമാനങ്ങൾ നടപ്പാക്കാൻ ലഫ്റ്റ്‌നന്റ് ഗവർണർ ബാധ്യസ്ഥനാണ്. ഗവൺമെന്റിന് ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാൻ അവകാശമുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന ആശയം പ്രതിഫലിപ്പിക്കുന്ന രീതിയിലായിരിക്കണം ഡൽഹി സർക്കാരിന്റെ പ്രവർത്തനം, ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും അന്തസത്ത ഉൾക്കൊള്ളുന്ന രീതിയിലായിരിക്കണം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പ്രവർത്തിക്കേണ്ടതും സഹകരിക്കേണ്ടതും എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഇതോടെ പൊലീസ്, ലാൻഡ്, പബ്ലിക് ഓർഡർ എന്നിവ ഒഴിച്ചുള്ള അധികാരങ്ങൾ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലാവും. ഭരണ നിർവഹണം സംബന്ധിച്ച് ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാരും ലഫ്റ്റ്‌നന്റ് ഗവർണറും തമ്മിൽ വർഷങ്ങളായി തുടരുന്ന തർക്കത്തിലാണ് ഭരണഘടനാ ബെഞ്ച് തീർപ്പ് കൽപ്പിച്ചത്.

ഡൽഹി അധികാര തർക്ക കേസ്

2014 ൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ അധികാരത്തിൽ വന്ന ശേഷം കേന്ദ്രവും ഡൽഹി സർക്കാരും തമ്മിൽ പലതവണ അധികാര തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഡൽഹിയിലെ ലെഫ്റ്റനന്റ് ഗവർണർ, സർക്കാരിന്റെ ഉപദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥാനാണെന്നാണ് 2018 ൽ സുപ്രീം കോടതിയുടെ ഭരണാഘടനാ ബെഞ്ച് വിധി. കേന്ദ്രവും സർക്കാരും സഹകരിച്ച് പ്രവർത്തിക്കണമെന്നും അന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് ശേഷവും ഉദ്യോഗസ്ഥ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹി സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ തർക്കം തുടർന്നു. ഈ തർക്കവുമായി ബന്ധപ്പെട്ട ഹർജികളിൽ 2019 ഫെബ്രുവരി 14ന് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്നവിധികളെഴുതിയിരുന്നു. ഇതേ തുടർന്ന് വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണയ്ക്ക് വന്നു. പിന്നാലെ കേന്ദ്ര സർക്കാരിന്റെ ആവശ്യം കൂടി പരിഗണിച്ച് വിഷയം അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയാണ് ഉണ്ടായത്.

ലഫ്റ്റനന്റ് ഗവർണറെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഡൽഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ച് ഡൽഹി സർക്കാരാണ് കോടതിയെ സമീപിച്ചത്. നിർണായകമായ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നില്ല, ഭരണകാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് തടയുന്നു, ഐഎഎസ് ഓഫീസർമാരുടെ നിയമനം റദ്ദാക്കി തുടങ്ങിയ വാദങ്ങളാണ് ഡൽഹി സർക്കാർ കോടതിയിൽ അറിയിച്ചത്. 2019 ലും സർക്കാരിനാണ് യഥാർത്ഥ അധികാരം എന്ന് കോടതി വിധി ഉണ്ടായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് രാജ്യതലസ്ഥാനത്തിന്റെ ഭരണത്തലവൻ ലഫ്റ്റനന്റ് ഗവർണറാണെന്ന ഹൈക്കോടതി വിധിക്കെതിരെ ആം ആദ്മി പാർട്ടി നൽകിയ കേസിൽ അന്ന് വിധി പറഞ്ഞത്.

ലഫ്റ്റനന്റ് ഗവർണറെക്കാൾ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനാണ് കൂടുതൽ അധികാരമെന്നും, പൊതു ഉത്തരവുകൾ, പൊലീസ്, ഭൂമി എന്നിവയിൽ മാത്രമായിരിക്കും ലഫ്റ്റ്‌നന്റ് ഗവർണറുടെ അധികാരം എന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ കോടതി ഉത്തരവിന് ശേഷവും നിയമന വിഷയങ്ങളിൽ തർക്കം തുടർന്നതോടെ വീണ്ടും സുപ്രീം കോടതി മൂന്നംഗ ബെഞ്ച് വിഷയത്തിൽ ഭിന്ന വിധി പുറപ്പെടുവിക്കുകയും കേസ് അഞ്ചംഗ ബെഞ്ചിന് വിടുകയും ചെയ്തു. രാഷ്ട്രപതിയുടെയും കേന്ദ്ര സർക്കാരിന്റെയും പ്രതിനിധിയായ ലഫ്റ്റ്‌നന്റ് ഗവർണറുടെ അനുമതിയില്ലാതെ സംസ്ഥാന സർക്കാർ കൈക്കൊള്ളുന്ന തീരുമാനം അസാധുവാണെന്നായിരുന്നു സർക്കാരിന്റെ വാദം.


#Daily
Leave a comment